'ഞങ്ങളുടെ പ്രിയപ്പെട്ടവൾ'; മൂന്നാം പിറന്നാളിന് മകളുടെ മുഖം വെളിപ്പെടുത്തി രാം ചരൺ

മൂന്നാം ജന്മദിനത്തിന് മകൾ ക്ലിൻ കാരയെ ആരാധകർക്കായി പരിചയപ്പെടുത്തി നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഇതുവരെ ഇരുവരും മകളുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. നീലയുടുപ്പിട്ട് സുന്ദരിയായ ക്ലിൻ കാരയെ രാം ചരണും ഉപാസനയും എടുത്തുനിൽക്കുന്നതാണ് ചിത്രത്തിലുള്ളത്.
'ജന്മദിനാശംസകൾ ക്ലിൻ കാര, ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞേ' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. നടി സാമന്ത റൂത്ത് പ്രഭു ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ക്ലിൻ കാരയ്ക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. ഉപാസനയുടെ അമ്മ ശോഭനയും ജന്മദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചു. 'ഒരു മുത്തശ്ശിയാകുന്നതിന്റെ അനന്തമായ സ്‌നേഹം എനിക്ക് പരിചയപ്പെടുത്തിയവൾ, ദൈവം എന്നും നിന്നെ അനുഗ്രഹിക്കട്ടെ' എന്നാണ് ശോഭന കുറിച്ചത്.
2023 ജൂൺ 20-നാണ് ക്ലിൻ കാര ജനിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. ശിവ് റാം, അൻവീറ ദേവി എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മൂന്ന് മക്കളുടേയും കൈകളുടെ ചിത്രങ്ങൾ ഉപാസന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഹൃദയം നിറഞ്ഞിരിക്കുന്നു' എന്നും ഉപാസന അതിനൊപ്പം കുറിച്ചു.
നേരത്തെ മാതൃത്വത്തെ കുറിച്ച് ഉപാസന അഭിമുഖത്തിൽ സംസാരിച്ചിരുന്നു. മൂന്ന് കുഞ്ഞുങ്ങളേയും കാണുമ്പോൾ വളരെ സന്തോഷം തോന്നുവെന്നും മക്കൾക്ക് എല്ലാവർക്കും ഒരുപോലെ സ്‌നേഹവും സുരക്ഷിതത്വനും അനുഭവപ്പെടണമെന്നും ഉപാസന വ്യക്തമാക്കിയിരുന്നു. ആദ്യ കുഞ്ഞിനെ വളർത്തിയപ്പോൾ ചെറിയ കാര്യങ്ങളിൽപോലും പരിഭ്രാന്തിയായിരുന്നുവെന്നും ഇപ്പോൾ താൻ വളരെ ശാന്തയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഏറെ നാളത്തെ സൗഹൃദത്തിനുശേഷം 2012 ജൂണിലാണ് ഇരുവരും വിവാഹിതരായത്. 10 വർഷത്തിനുശേഷമാണ് ഇരുവർക്കും ആദ്യ കുഞ്ഞുണ്ടായത്. അപ്പോളോ ഹോസ്പിറ്റൽ സ്ഥാപകൻ പ്രതാപ് സി റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന. നടൻ ചിരഞ്ജീവിയുടെ മകനാണ് രാം ചരൺ.
Content Highlights: Ram Charan and Upasana officially revealed Klin Kaara's face on her birthday., The couple shared a coordinated blue and white themed family portrait on Instagram., Upasana shared insights into the fulfillment of raising three children including twins Shivram and Anveera., Grandmother Shobana Kamineni shared a heartfelt tribute for Klin Kaara's birthday.