അന്നവർ എന്നെ ജോക്കറെന്നും കാർട്ടൂണെന്നും വിളിച്ച് കളിയാക്കി, ഇന്ന് മാതൃകയാക്കുന്നു: രാഖി സാവന്ത്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
രാഖി സാവന്ത് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന് Photo: Screengrab/BBC India
രാഖി സാവന്ത് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന് Photo: Screengrab/BBC India

സോഷ്യൽ മീഡിയയെ ഇന്റഫ്ളുവൻസർമാർ ഏറ്റെടുക്കുന്നതിന് വളരെ മുൻപുതന്നെ താനൊരു കണ്ടന്റ് ക്രിയേറ്ററായിരുന്നുവെന്ന് രാഖി സാവന്ത്. ഇന്ത്യയിലെ ആദ്യ കണ്ടന്റ് ക്രിയേറ്റർ താനാണെന്ന് അവകാശപ്പെട്ട രാഖി തന്റെ രീതികളെ പരിഹസിച്ചവർ ഇന്ന് തന്നെ മാതൃകയാക്കുകയാണെന്നും പറഞ്ഞു. ബിബിസി ഇന്ത്യക്ക് രാഖി നൽകിയ അഭിമുഖം തുറന്നുപറച്ചിലുകളിലൂടെ ശ്രദ്ധേയമാവുകയാണ്. ദേശസ്‌നേഹത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കടന്നുപോയ വിഷമകാലഘട്ടത്തെ കുറിച്ചുമെല്ലാം രാഖി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

'കണ്ടന്റ് ക്രിയേറ്റ് ചെയ്തിരുന്ന ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടിയാണ് ഞാൻ. അന്ന് ആളുകൾ എന്നെ ജോക്കർ, കാർട്ടൂൺ എന്നെല്ലാമാണ് വിളിച്ചിരുന്നത്. എന്തൊക്കെ പേരുകളാണ് എന്നെ വിളിച്ചിരുന്നത്? ഇന്ന് അവരെല്ലാവരും തന്നെ ഞാൻ ചെയ്ത അതേ കാര്യങ്ങളാണ് ചെയ്യുന്നത്. എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഡാൻസിങ് സ്റ്റൈലും സംസാരിക്കുന്ന രീതിയുമെല്ലാം ആളുകൾ അനുകരിക്കുന്നുണ്ട്. ബോൾഡ്‌നെസ്സ് മുതൽ മേക്കപ്പ് സ്റ്റൈലിങ് വരെ അവർ മാതൃകയാക്കി.' രാഖി പറയുന്നു.

താനൊരു ദേശസ്‌നേഹിയാണെന്നും പാവപ്പെട്ട മനുഷ്യർക്കെതിരായ പ്രശ്‌നങ്ങളിൽ ശബ്ദമുയർത്താറുണ്ടെന്നും രാഖി പറഞ്ഞു. നടന്മാർ ജനപ്രതിനിധികളാകുന്നതിനെയും അവർ വിമർശിച്ചു. അഭിനേതാവും എംപിയുമായ രവി കിഷനെ പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചത്. എംപിയായ അദ്ദേഹം ഇപ്പോഴും അഭിനയിക്കുകയാണെന്നും ബോളിവുഡിൽ ജോലി ചെയ്യാൻ താല്പര്യമുള്ള രവി കിഷൻ എന്തിനാണ് ജനസേവകനായത് എന്നും അവർ ചോദിക്കുന്നു. മറ്റുള്ളവർക്കുള്ള അവസര നിഷേധം കൂടിയാണ് രവി കിഷനെപ്പോലുള്ളവർ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ വിസമ്മതിച്ച രാഖി ഒരു മുസ്ലീം യുവാവിനെ നിക്കാഹ് ചെയ്ത് ഫാത്തിമ ആയതിനെക്കുറിച്ച് തുറന്നുസംസാരിക്കുന്നുണ്ട്. എട്ടു തവണ താൻ ഉംറയ്ക്ക് പോയിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു. നിലവിൽ വിവാഹിതയല്ലെന്നും ആരേയും പ്രണയിക്കാനോ, വിവാഹം കഴിക്കാനോ, റിലേഷൻഷിപ്പിലാകാനോ, സൗഹൃദത്തിലാകാനോ പോലും താൻ താല്പര്യപ്പെടുന്നില്ലെന്നും രാഖി പറയുന്നു.

'അവനവനിൽ മാറ്റങ്ങൾ കൊണ്ടുവരൂ, നിങ്ങൾ, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി ആകൂ, എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി ഞാനാണ്. ഞാൻ എന്നോട് തന്നെ സംസാരിക്കാറുണ്ട്, തളർന്നുപോകുമ്പോൾ എഴുന്നേൽക്കൂ എന്ന് ആവർത്തിച്ച് പറയും. അപഹസിക്കാനും മർദിക്കാനും ആളുകൾ വരും നീ സ്വയം എണീറ്റേ മതിയാകൂ എന്നുപറയും ദൈവത്തിന്റെ സഹായം തേടും.' എന്നായിരുന്നു ആത്മവിശ്വാസത്തെ കുറിച്ചുള്ള ചോദ്യത്തിന് രാഖിയുടെ പ്രതികരണം. ജീവിതം ഒന്നേയുള്ളൂ അത് നന്നായി ജീവിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

മോഡൽ, അഭിനേത്രി, റിയാലിറ്റി ഷോ താരം, ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള കണ്ടന്റ് ക്രിയേറ്റർ തുടങ്ങി വിനോദവ്യവസായത്തിന്റെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള താരമാണ് രാഖി സാവന്ത്. എന്തും മുഖംനോക്കാതെ വെട്ടിത്തുറന്ന് പറയുന്ന, തനിക്ക് തോന്നുന്ന രീതിയിൽ പെരുമാറുന്ന രാഖിയുടെ ആത്മവിശ്വാസം നിറഞ്ഞ ഇടപെടലുകൾ കൗതുകത്തോടെയാണ് വീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ ബിബിസി ഇന്ത്യക്ക് രാഖി നൽകിയ അഭിമുഖം ശ്രദ്ധേയമാവുകയാണ്.

Content Highlights: Rakhi Sawant claims to be India's first content creator, predating the influencer trend.Addresses past mockery where she was called a 'joker' or 'cartoon' for her style., Criticizes Ravi Kishan for prioritizing acting over public service as an MP. Discusses her spiritual journey, including eight Umrah visits and her current stance on marriage.Emphasizes self-love and resilience as the keys to her confidence.