പ്രായംകൊണ്ടവർ സൂംബ ഡാൻസിനെ മുട്ടുകുത്തിച്ചു, വൈകാതെ വേദികളിൽ സജീവമാകും | വീഡിയോ

തിരുവനന്തപുരം: പ്രായംകൊണ്ടവർ മുട്ടുകുത്തിച്ചു; സൂംബ ഡാൻസിനെ. മനസ്സുകൊണ്ടാണ് ‘പുത്തൻതോപ്പിലെ അമ്മ’മാർ സൂംബയ്ക്കായി ഓരോ ചുവടും വയ്ക്കുന്നത്. അന്യഭാഷാഗാനങ്ങൾക്കു പകരം മലയാളഗാനങ്ങളാണ് സൂംബയ്ക്കൊപ്പം ഇവർക്കു പ്രിയം.
പുത്തൻതോപ്പിലെ ജയ്ഹിന്ദ് വായനശാലയുടെ നേതൃത്വത്തിലാണ് വീട്ടമ്മമാരെ സൂംബ ഡാൻസ് പരിശീലിപ്പിക്കുന്നത്. പള്ളിത്തുറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപിക സ്റ്റെഫിൻ ജോണാണ് പരിശീലക. ജയ്ഹിന്ദ് വായനശാലയുടെ വനിതാവേദിയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേയ് മാസത്തിൽ സൂംബ പരിശീലനം തുടങ്ങിയത്.
തൊഴിലുറപ്പിനും മറ്റു ജോലികൾക്കും പോകുന്ന സാധാരണക്കാരായ സ്ത്രീകൾ സൂംബയിൽ പങ്കെടുക്കുമോയെന്ന ആശങ്കയായിരുന്നു വായനശാലാ അധികൃതർക്ക്. എന്നാൽ 20 പേരിൽ തുടങ്ങിയ ക്ലാസ് മൂന്നുമാസം പിന്നിട്ടപ്പോൾ പങ്കെടുക്കുന്നവരുടെ എണ്ണം അറുപതിനോടടുത്തു.
പരിശീലനത്തിനെത്തുന്നവരിലേറെയും 45-ന് മുകളിൽ പ്രായമുള്ളവരാണ്. ശാരീരികമായി വലിയ ആയാസമുണ്ടാക്കാത്തരീതിയിൽ കൃത്യമായ ഇടവേളകൾ നൽകിയാണ് പരിശീലനം. ശാരീരികമായ ബുദ്ധിമുട്ടുകളൊന്നും പരിശീലനസമയത്ത് തോന്നാറേയില്ലെന്ന് അമ്മമാർ പറയുന്നു.
സ്വന്തംഭാഷയിലെ ഇഷ്ടഗാനങ്ങളാകുമ്പോൾ ഊർജവും ആവേശവും ഏറെയെന്ന് പരിശീലക സ്റ്റെഫിൻ പറയുന്നു. വായനശാല പ്രസിഡന്റ് സ്റ്റീഫൻ ഡിസിൽവ, സെക്രട്ടറി സേവ്യർ എന്നിവർ എല്ലാവിധ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ ഏഴുവരെയാണ് ‘സൂംബ ടൈം’ പരിശീലനം. 65 വയസ്സുള്ളവർപോലും ആവേശത്തോടെ ഇവിടെയെത്തുന്നു.
ക്ലാസില്ലാത്ത ദിവസങ്ങളിൽ വീട്ടുജോലിക്കിടെ പാട്ടുവെച്ച് പരിശീലിക്കും. മനസ്സ് പറയുന്ന കാര്യങ്ങൾ ചെയ്യാൻ ആരുടെയും അനുവാദത്തിനായി കാത്തുനിൽക്കേണ്ടതില്ലെന്നാണ് പഠിതാക്കൾക്ക് പറയാനുള്ളത്. അർബുദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂട്ടത്തിലുണ്ട്. എന്നാൽ ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാൻ സൂംബ ഇവർക്കൊരു കാരണമാണ്.
കഠിനമായ വ്യായാമങ്ങളില്ലാതെതന്നെ ശരീരത്തെ ‘ഫിറ്റാക്കി’ നിർത്താൻ സൂംബ സഹായിക്കുമെന്നാണ് ഇവരുടെ അനുഭവസാക്ഷ്യം. ജീവിതത്തിൽ നഷ്ടപ്പെട്ട സൗഹൃദങ്ങൾ, ഉല്ലാസങ്ങൾ, ഊർജസ്വലത എന്നിവയെല്ലാം തിരിച്ചുകിട്ടിയ സന്തോഷമാണ് ഓരോരുത്തർക്കും. സൂംബ ഡാൻസുമായി വേദികളിൽ സജീവമാകാൻ ഒരുങ്ങുകയാണിവർ.