'പപ്പാ, ഇത് കശ്മീരല്ല, സ്വര്‍ഗമാണ്'; ദാല്‍ തടാകത്തിലെ കാഴ്ച്ചകള്‍ കണ്ട് അമ്പരന്ന് പെണ്‍കുട്ടി

വൈറല്‍ വീഡിയോയില്‍ നിന്നുള്ള ചിത്രം | Photo: x/ Sajid Yousuf Shah
വൈറല്‍ വീഡിയോയില്‍ നിന്നുള്ള ചിത്രം | Photo: x/ Sajid Yousuf Shah

പിഹു എന്ന് പേരുള്ള പഞ്ചാബി പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുന്നത്. അച്ഛനോടും അമ്മയോടുമൊപ്പം കശ്മീരിലെ വിനോദയാത്രക്കെത്തിയതായിരുന്നു പിഹു. അതിനിടയില്‍ കശ്മീരിന്റെ സൗന്ദര്യത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നതാണ് വീഡിയോയിലുള്ളത്.

'പപ്പാ, ഇത് കശ്മീരില്ല, സ്വര്‍ഗമാണ്' എന്നാണ് പിഹു വീഡിയോയില്‍ പറയുന്നത്. ദാല്‍ തടാകത്തിലെ ബോട്ടിങ്ങിനിടെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഈ യാത്ര വളരേയധികം ആസ്വദിക്കുന്നുണ്ടെന്നും ജീവിതത്തില്‍ ആദ്യമായാണ് ഇവിടെ വരുന്നതെന്നും പിഹു പറയുന്നു. 

പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള പിഹു അവിടുത്തെ ചൂട് കാരണം തണുപ്പുള്ള ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പോകാന്‍ അച്ഛനോട് പറയുകയായിരുന്നു. അങ്ങനെയാണ് അവര്‍ കുടുംബസമേതം കശ്മീരിലെത്തിയത്. വീഡിയോയില്‍ പിഹുവിന്റെ സഹോദരനേയും കാണാം.

ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കശ്മീര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഈ പെണ്‍കുട്ടിയെ നിയമിക്കണം, എത്ര മനോഹരമായാണ് അവള്‍ സംസാരിക്കുന്നത് എന്നെല്ലാമാണ് ഈ വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. 


 

Content Highlights: punjab girls video praising kashmir goes viral