'ഒരേ പോലുള്ളവ?'; പ്രിയങ്കയുടെയും പ്രിസില്ലയുടെയും നെക്ലേസിന്റെ സാമ്യം തിരഞ്ഞ് സോഷ്യല്‍മീഡിയ

ലോകനേതാക്കളും ശതകോടീശ്വരന്മാരും പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റേത്. സത്യപ്രതിജ്ഞയ്ക്കും അതിന് മുന്നോടിയായി നടന്ന അത്താഴവിരുന്നിലും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ പ്രശസ്ത വ്യക്തിത്വങ്ങളിലായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ണ്. അത് തെളിയിക്കുന്നതാണ് ചലച്ചിത്രതാരം പ്രിയങ്കാ ചോപ്രയുടേയും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാനിന്റേയും നെക്ലേസിന്റെ സാമ്യം സംബന്ധിച്ച സോഷ്യല്‍ മീഡിയാ ചര്‍ച്ചകള്‍.
ട്രംപിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നില്‍ സക്കര്‍ബര്‍ഗിനൊപ്പമാണ് പ്രിസില്ലയെത്തിയത്. കറുപ്പ് നിറത്തിലുള്ള ഗൗണായിരുന്നു വേഷം. സക്കര്‍ബര്‍ഗും പ്രിസില്ലയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സക്കര്‍ബര്‍ഗ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ശുഭാപ്തിവിശ്വാസവും ആഘോഷിക്കുന്ന ഞങ്ങളും എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. കറുപ്പ് നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് സക്കര്‍ബര്‍ഗ് പരിപാടിക്കെത്തിയത്.
ലളിതമായ വേഷവിധാനങ്ങളോടെയെത്തിയ പ്രിസില്ല ആഭരണമായി അണിഞ്ഞ നെക്ലേസിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. അതിമനോഹരമായ, രത്നം പതിച്ച നെക്ലേസ് ആയിരുന്നു അത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്ന അംബാനി കുടുംബത്തിലെ ഹോളി ഡിന്നര്‍ പാര്‍ട്ടിക്കെത്തിയ ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര ഇതിനോട് സാദൃശ്യമുള്ള നെക്ലേസാണ് ധരിച്ചിരുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇഷ അംബാനിയാണ് ഹോളി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കെത്തിയ പ്രിയങ്ക അന്നത്തെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ട്രംപിന്റെ വരുന്നിനെത്തിയ സക്കര്‍ബര്‍ഗ് ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് പ്രിസില്ലയുടേയും പ്രിയങ്കയുടേയും നെക്ലേസ് സോഷ്യല്‍മീഡിയയുടെ കണ്ണില്‍ പെട്ടതും ചര്‍ച്ചയായതും.
Content Highlights: Priscilla Chan and Priyanka Chopra’s necklace