'ഓരോ സെമസ്റ്ററിലും 95 ലക്ഷം രൂപ വീതം നല്‍കി'-കരിഷ്മയുടെ മകളുടെ ഫീസ് അടച്ചതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി പ്രിയയുടെ അഭിഭാഷക

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി മൂല്യമുള്ള സ്വത്തിനെ ചൊല്ലിയുടെ തര്‍ക്കം രൂക്ഷമാകുകയാണ്. ഡല്‍ഹി ഹൈക്കോടതിയില്‍ സഞ്ജയ് യുടെ ഭാര്യ പ്രിയ സച്ച്‌ദേവും മുന്‍ഭാര്യയും നടിയുമായ കരിഷ്മ കപൂറിന്റെ മക്കളും തമ്മിലാണ് നിയമപോരാട്ടം നടത്തുന്നത്. സ്വത്തുക്കളെല്ലാം പ്രിയയുടെ കൈവശമായതിനാല്‍ കരിഷ്മയുടേയും സഞ്ജയ്‌യുടേയും മകളായ സമൈറയുടെ യൂണിവേഴ്‌സിറ്റി ഫീസ് അടച്ചിട്ടില്ലെന്ന് കരിഷ്മയുടെ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണം നിഷേധിച്ച് പ്രിയയുടെ അഭിഭാഷക ഷെല്‍ ത്രേഹന്‍ കോടതിയില്‍ ഫീസ് അടച്ചതിന്റെ രേഖകള്‍ ഹാജരാക്കി. സമര്‍പ്പിച്ച രസീതുകള്‍ പ്രകാരം ഓരോ സെമസ്റ്ററിലും 95 ലക്ഷം രൂപ വീതം ഇതിനകം അടച്ചിട്ടുണ്ട്. അടുത്ത ഗഡു ഡിസംബറിലാണ് നല്‍കേണ്ടതെന്നും പ്രിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. 22-കാരിയായ സമൈറ യുഎസിലാണ് പഠിക്കുന്നത്. മുന്‍പ് സഞ്ജയ് ആയിരുന്നു മകളുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിച്ചിരുന്നത്.
നടപടിക്രമങ്ങള്‍ നാടകീയമാക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരുന്നതില്‍നിന്ന് ഇരുപക്ഷവും വിട്ടുനില്‍ക്കണമെന്നും ജസ്റ്റിസ് ജ്യോതി സിങ് ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്യണമെന്ന് പ്രിയയെ പ്രതിനിധീകരിച്ച അഭിഭാഷക ഷെല്‍ ത്രേഹനോടും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ജൂണ്‍ 12-നാണ് ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെ സഞ്ജയ് കപൂര്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണശേഷം സഞ്ജയ് കപൂറിന്റെ നിലവിലെ ഭാര്യയും തങ്ങളുടെ രണ്ടാനമ്മയുമായ പ്രിയ കപൂര്‍ വില്‍പത്രം വ്യാജമായി നിര്‍മിച്ചുവെന്ന് ആരോപിച്ച് കരിഷ്മയുടെ മക്കളായ സമൈറയും കിയാനും കേസ് ഫയല്‍ ചെയ്തു. സഞ്ജയ് തന്റെ സ്വത്തില്‍ അവര്‍ക്ക് വിഹിതം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അന്തിമ രേഖയില്‍ ഇതില്ലെന്നും അവര്‍ അവകാശപ്പെട്ടു. കേസ് നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Content Highlights: priya kapur slams claim of karisma kapoors daughters unpaid university fees