ആത്മവിശ്വാസം കൈപിടിച്ചു; അപകടം തകർത്ത കാലിൽ വീണ്ടും ചിലങ്കയണിയാനൊരുങ്ങി പ്രവീൺ

#അനിൽ പുളിക്കാൽ
തേങ്ങ പൊതിക്കുന്ന ജോലിയിലേർപ്പെട്ട പ്രവീൺ, 2014-ൽ മധുരമ്പാടി മുത്തപ്പൻ മടപ്പുരയിൽ പ്രവീൺ അവതരിപ്പിച്ച നൃത്തം
തേങ്ങ പൊതിക്കുന്ന ജോലിയിലേർപ്പെട്ട പ്രവീൺ, 2014-ൽ മധുരമ്പാടി മുത്തപ്പൻ മടപ്പുരയിൽ പ്രവീൺ അവതരിപ്പിച്ച നൃത്തം

പുല്ലൂർ: പ്രവീൺകുമാറിന് ഒരു സ്വപ്നമുണ്ട്. ഒരിക്കൽ കൂടി നിറഞ്ഞ സദസ്സിനുമുന്നിൽ നടനമാടി ആസ്വാദകരുടെ കൈയടി നേടണം. കുട്ടിക്കാലം മുതൽ നൃത്തത്തെ സ്നേഹിച്ച പ്രവീണിന് ഒരപകടത്തിൽ കാലിന് പരിക്കേറ്റതോടെയാണ് വേദികൾ അന്യമായത്. കടുത്ത ജീവിതപ്രാരാബ്ധങ്ങൾ അതിജീവിച്ച് മുന്നോട്ടുപോകുമ്പോഴും ഈ സ്വപ്നം പൊടിയാത്ത ഒരു മയിൽപ്പീലിത്തുണ്ടുപോലെ മനസ്സിൽ സൂക്ഷിക്കുകയാണീ യുവാവ്.

കോലധാരിയും ഊരുമൂപ്പനുമായ എടമുണ്ടയിലെ സി. കണ്ണന്റെയും പ്രേമയുടെയും മകനാണ് പ്രവീൺകുമാർ. ചെറിയ പ്രായം തൊട്ടേ അച്ഛന്റെ കൂടെ തെയ്യങ്ങൾ കാണാൻ പോകുമായിരുന്നു. അച്ഛൻ കെട്ടിയാടുന്ന തുളുനാടൻ ദേവതയായ പരതാളിയമ്മയും കാസർകോടൻ അതിർത്തിഗ്രാമങ്ങളിലെ പഞ്ചുരുളി തെയ്യവുമെല്ലാം കണ്ട് വളർന്ന പ്രവീണിന് തെയ്യങ്ങളുടെ നൃത്തച്ചുവടുകൾ ഹൃദിസ്ഥമായിരുന്നു.

നൃത്തത്തോടുള്ള മകന്റെ അഭിനിവേശം കണ്ടാണ് കൊടവലത്ത് നൃത്തപരിശീലനം നൽകാനെത്തിയ കലാമണ്ഡലം ജ്യോതിയുടെ അടുത്തേക്ക് എട്ടാം വയസ്സിൽ അയച്ചത്. രണ്ട് വർഷം അവരുടെ കീഴിൽ നൃത്തം പഠിച്ചു. പിന്നീട് കലാമണ്ഡലം വനജയും കലമണ്ഡലം പ്രീതിയും പ്രവീണിന്റെ നൃത്താധ്യാപികമാരായി. നൃത്തകലയിലെ വർണംവരെ പഠിച്ചു.

കുറേക്കാലം എടമുണ്ട, കൊടവലം, അമ്പലത്തറ എന്നിവടങ്ങളിൽ നൃത്തപരിശീലകനായി നിരവധി കുട്ടികളെ നൃത്തരംഗത്തേക്ക് കൈപിടിച്ചുയർത്തി. ചീമേനിയിലെ ഒരു നൃത്തവിദ്യാലയത്തിലും ക്ലാസെടുത്തു.

നൃത്തംകൊണ്ട് മാത്രം ഉപജീവനം സാധ്യമാകില്ലെന്ന് വന്നപ്പോഴാണ് ആറുവർഷം മുൻപ് ഓട്ടോറിക്ഷാ ഡ്രൈവിങ് പഠിക്കാൻ തീരുമാനിച്ചത്. ഡ്രൈവിങ് പഠിക്കുന്നതിനിടയിൽ ഓട്ടോമറിഞ്ഞ് കാലിന് സാരമായി പരക്കേറ്റു.

ഈ അപകടത്തോട നൃത്തം ഉപേക്ഷിക്കേണ്ടിവന്നു. മാസങ്ങളുടെ ചികിത്സകൊണ്ട് കാൽ പൂർവസ്ഥിതിയിലായെങ്കിലും വീണ്ടും ചിലങ്കയണിയാൻ പ്രാപ്തിയുണ്ടായിരുന്നില്ല.

ഇതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറ്റ് തൊഴിലുകൾ തേടാൻ നിർബന്ധിതനായി. കൂലിപ്പണിയുൾപ്പെടെ പല ജോലികളും ചെയ്തു. അതിനിടെ പഞ്ചകർമ തെറാപ്പി പഠിച്ച്‌ തെറാപ്പിസ്റ്റായി. കാൽബലപ്പെടുത്താനുള്ള ചികിത്സയും വ്യായാമവും തുടർന്നു. ഇപ്പോൾ കാലുകൾ നൃത്തച്ചുവടിന് വഴങ്ങിത്തുടങ്ങി. വീണ്ടും വേദിയിൽ എത്തണം. ലാസ്യ, മോഹന, താണ്ഡവ ഭാവങ്ങളിലൂടെ അരങ്ങ് ഉണർത്തണം. മനസ്സും ശരീരവും അതിനായി പാകപ്പെടുത്തുകയാണീ യുവനർത്തകൻ. എല്ലാത്തിനും പിന്തുണയുമായി ഭാര്യ കാവ്യയും കൂടെയുണ്ട്.

Content Highlights: Praveen Kumar, a dedicated dancer from Pullur had to give up his passion after a crippling auto-rickshaw accident, but he is now working hard to strengthen his leg for a long-awaited return to the stage