'വീട്ടിലെ നായയ്ക്ക് പോലും രണ്ട് ഗേൾഫ്രണ്ട്സുണ്ട്'; സഹോദരൻ്റെ രണ്ടാംവിവാഹത്തിന് പിന്നാലെ ആര്യ ബബ്ബർ

അടുത്തിടെയാണ് നടന്‍ പ്രതീക് ബബ്ബറും സുഹൃത്തായിരുന്ന പ്രിയ ബാനര്‍ജിയും വിവാഹിതരായത്. പ്രതീകിന്റെ അമ്മ സ്മിത പാട്ടീലിന്റെ മുംബൈയിലെ വസതിയില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എന്നാല്‍, പ്രതീകിന്റെ അച്ഛനും മുതിര്‍ന്ന നടനുമായ രാജ് ബബ്ബറിനെയും അര്‍ധസഹോദരങ്ങളെയും വിവാഹത്തിന് ക്ഷണിച്ചില്ലെന്നത് വാര്‍ത്തയായിരുന്നു. പ്രതീകിന്റെ അര്‍ധസഹോദരനും നടനുമായ ആര്യ ബബ്ബര്‍ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെയിതാ കുടുംബത്തിലെ രണ്ടാംവിവാഹങ്ങളെ തമാശരൂപത്തില്‍ പരാമര്‍ശിച്ചിരിക്കുകയാണ് ആര്യ ബബ്ബര്‍.
അച്ഛന്‍ രാജ് ബബ്ബറും സഹോദരന്‍ പ്രതീക് ബബ്ബറും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ രണ്ടുവിവാഹങ്ങള്‍ കഴിച്ചതിനെയാണ് ആര്യ ബബ്ബര്‍ തന്റെ സ്റ്റാന്‍ഡപ്പ് കോമഡിയില്‍ പരാമര്‍ശിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ആര്യ ബബ്ബറിന്റെ ഈ പരാമര്‍ശം സാമൂഹികമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി.
'ഞാന്‍ സമ്മതിക്കുന്നു, എന്റെ അച്ഛന്‍ രണ്ടുതവണ കല്യാണം കഴിച്ചു. എന്റെ സഹോദരിയും രണ്ടുകല്യാണം കഴിച്ചു. ഇപ്പോള്‍ എന്റെ സഹോദരനും രണ്ടാമത് കല്യാണം കഴിക്കുകയാണ്. എന്റെ വളര്‍ത്തുനായ ഹാപ്പിക്ക് പോലും രണ്ട് ഗേള്‍ഫ്രണ്ട്‌സുണ്ട്. അതുകൊണ്ട് രണ്ടാമത് കല്യാണം കഴിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ, വിവാഹമോചനത്തിന്റെ സങ്കീര്‍ണതകള്‍ കൈകാര്യംചെയ്യാന്‍ എനിക്ക് മടിയാണ്', ആര്യ ബബ്ബര്‍ പറഞ്ഞു.
സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ താന്‍ അച്ഛന്റെ ഉപദേശം തേടിയിരുന്നതായും ആര്യ ബബ്ബര്‍ വെളിപ്പെടുത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നാണ് അച്ഛനോട് ചോദിച്ചതെന്നും 'പുരുഷന്മാര്‍ വിവാഹം കഴിച്ചുകൊണ്ടിരിക്കുമെന്ന് അവരോട് പറയൂ' എന്നാണ് അച്ഛന്‍ ഇതിന് മറുപടി നല്‍കിയതെന്നും ആര്യ ബബ്ബര്‍ പറഞ്ഞു.
പ്രതീക് ബബ്ബര്‍ തന്നെയോ ബബ്ബര്‍ കുടുംബത്തെയോ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്ന് ആര്യ ബബ്ബര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. അവനെ മറ്റാരൊക്കെയോ സ്വാധീനിക്കുന്നുണ്ടെന്നും പ്രതീക് ഒറ്റയ്ക്കാണ് ഈ തീരുമാനമെടുത്തതെന്ന് താന്‍ കരുതുന്നില്ലെന്നും ആര്യ ബബ്ബര്‍ നേരത്തെ പറഞ്ഞിരുന്നു.
മുതിര്‍ന്ന നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജ് ബബ്ബറിന്റെയും രണ്ടാംഭാര്യ സ്മിത പാട്ടീലിന്റെയും മകനാണ് പ്രതീക് ബബ്ബര്‍. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷത്തിന് ശേഷമാണ് നടിയായ സ്മിത പാട്ടീല്‍ അന്തരിച്ചത്. നാദിറ ബബ്ബറാണ് രാജ് ബബ്ബറിന്റെ ആദ്യഭാര്യ. ഈ ബന്ധത്തിലുള്ള മക്കളാണ് ആര്യ ബബ്ബറും ജൂഹി ബബ്ബറും.
സിനിമ നിര്‍മാതാവായ സന്യ സാഗറിനെയാണ് പ്രതീക് ബബ്ബര്‍ ആദ്യം വിവാഹം കഴിച്ചത്. 2019-ല്‍ വിവാഹിതരായ ഇരുവരും 2023-ല്‍ വിവാഹമോചിതരായി. ഇതിനുപിന്നാലെയാണ് 2024-ല്‍ സുഹൃത്തായ പ്രിയ ബാനര്‍ജിയുമായി പ്രതീക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയിലായിരുന്നു ഇരുവരുടെയും വിവാഹം.
Content Highlights: arya babbar's comment about second marriages in their family