കര്‍ദാഷിയാന്റെ മൂക്കിന്റെ ഭംഗി കൂട്ടിയ ഡോക്ടര്‍; അംബാനിക്കല്ല്യാണത്തില്‍ ഷാരൂഖിനും ജാന്‍വിക്കുമൊപ്പം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളാണ് മുംബൈയില്‍ നടന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തില്‍ പങ്കെടുത്തത്. ഇതില്‍ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട പ്ലാസ്റ്റിക് സര്‍ജന്‍ ഡോക്ടര്‍ രാജ് കനോഡിയയുമുണ്ടായിരുന്നു.
ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറിനും ഷാരൂഖ് ഖാനും രാജ്കുമാര്‍ റാവുവിനും ഒപ്പമുള്ള ചിത്രങ്ങള്‍ രാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിനിടെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നെടുത്തതാണ് ഈ ചിത്രങ്ങള്‍. എന്നാല്‍ ഇതിനൊപ്പം പോസ്റ്റ് ചെയ്ത കര്‍ദാഷിയാന്‍ സഹോദരിമാരോടൊപ്പമുള്ള ചിത്രങ്ങളാണ് വൈറലായത്.
ഇന്ത്യന്‍ വംശജനായ രാജ് ലോസ് ആഞ്ജലീസിലാണ് ജോലി ചെയ്യുന്നത്. കര്‍ദാഷിയാന്‍ സഹോദരിമാരും യുഎസിലായാതിനാല്‍ ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്. ക്ലോയ് കര്‍ദാഷിയാന്റെ മൂക്ക് ശസ്ത്രക്രിയ ചെയ്ത് മനോഹരമാക്കിയതും ഡോക്ടര്‍ രാജ് കനോഡിയാണ്. മൂക്കിന്റെ വലിപ്പവും ആകൃതിയും ശസ്ത്രക്രിയയിലൂടെ ശരിയാക്കുന്ന റൈനോപ്ലാസ്റ്റിയിലാണ് രാജ് മികവ് തെളിയിച്ചിട്ടുള്ളത്.
പോപ് താരം ബ്രിട്ട്‌നി സ്പിയേഴ്‌സ്, ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണ്‍ എന്നിവരെല്ലാം ഡോക്ടര്‍ കനോഡിയയുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ആരും പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. ക്ലോയ് മാത്രമാണ് മൂക്കിന്റെ ആകൃതി മാറ്റിയ വിവരം പങ്കുവെച്ചത്.
Content Highlights: plastic surgeon behind khloe kardashians nose job attends ambani wedding