കുഞ്ഞുനിലയ്ക്ക് കൂട്ടായി ഒരാള്‍ കൂടി, അമ്മയാകാനൊരുങ്ങുന്ന വിവരം പങ്കുവെച്ച് പേളി മാണി

മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി. ഇപ്പോഴിതാ രണ്ടാമതും അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് പേളി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പേളി ഗര്‍ഭിണിയായ വിവരം പങ്കുവെച്ചിരിക്കുന്നത്.
ഈ മനോഹരമായ വാര്‍ത്ത നിങ്ങളുമായി സന്തോഷത്തോടെ പങ്കുവെക്കുന്നു എന്നും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും പേളി പറഞ്ഞു. മൂന്നുമാസം ഗര്‍ഭിണിയാണ് എന്ന ഹാഷ്ടാഗോടെയാണ് പേളി വിവരം പോസ്റ്റ് ചെയ്തത്.
കുറേനാളായി എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇതെന്നും ഇപ്പോള്‍ പന്ത്രണ്ട് ആഴ്ച്ചയായെന്നും യൂട്യൂബ് വീഡിയോയിലൂടെയും പേളി പങ്കുവെച്ചു. എല്ലാവരുടെയും അനുഗ്രഹം തങ്ങള്‍ക്കൊപ്പം വേണമെന്നും പേളി പറയുന്നുണ്ട്.
2021 ലാണ് പേളിക്കും ശ്രീനിഷിനും നില എന്ന ആദ്യത്തെ പെണ്‍കുഞ്ഞ് പിറന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.
Content Highlights: pearle maaney and srinish aravind expecting second child