എന്റെ ലക്ഷക്കണക്കിന് അശ്ലീല എഐ ചിത്രങ്ങളാണുള്ളത്, എന്റെ വേദന അവർ വിൽക്കുന്നു -പാരിസ് ഹിൽട്ടൺ

യുഎസ്സിൽ നിന്നുള്ള നടി, ഗായിക, മോഡൽ, ഇൻഫ്‌ളുവൻസർ, റിയാലിറ്റി ഷോ താരം, മീഡിയാ പേഴ്‌സൺ, ബിസിനസുകാരി എന്നിങ്ങനെ പലനിലകളിൽ പ്രശസ്തയാണ് പാരിസ് ഹിൽട്ടൺ. ഇപ്പോഴിതാ, മറ്റ് പലരേയും പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും ഡീപ്പ്‌ഫേക്കിന്റേയും ഇരയാണ് താനെന്ന് തുറന്ന് പറയുകയാണ് പാരിസ് ഹിൽട്ടൺ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പാരിസ് തുറന്നുപറഞ്ഞത്.
വാഷിങ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോളിൽ ഈ വർഷം ആദ്യം നടത്തിയ പ്രസംഗത്തിന്റേയും, എഐ നിർമിത അശ്ലീലദൃശ്യങ്ങൾക്കെതിരായ നിയമത്തെ പിന്തുണച്ച് സംസാരിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഡീപ്പ്‌ഫേക്ക് വിരുദ്ധ നിയമമായ ഡെഫിയൻസ് ആക്ടിന് വേണ്ടി ശക്തമായി വാദിക്കുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് പാരിസ് ഹിൽട്ടൺ.
'എന്റെ ലക്ഷക്കണക്കിന് എഐ നിർമിത ഡീപ്പ്‌ഫേക്ക് അശ്ലീല ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് എനിക്ക് അറിയാം. അതിൽ ഒരെണ്ണം പോലും യഥാർഥത്തിലുള്ളതോ എന്റെ അനുമതിയോടെ ചിത്രീകരിച്ചതോ അല്ല. ക്ലിക്കുകൾക്ക് വേണ്ടി അവർ എന്റെ വേദന വിറ്റു. എന്നിട്ട് അവരെന്നോട് പറയുന്നു നിശബ്ദയായിരിക്കാൻ, ഒന്നും സംഭവിക്കാത്തത് പോലെ മുന്നോട്ട് പോകാൻ. നിരവധി സ്ത്രീകളാണ് ഓൺലൈൻ ലോകത്ത് തുടരാൻ ഭയപ്പെടുന്നത്.' -പാരിസ് ഹിൽട്ടൺ പറഞ്ഞു.
'ഇന്ന് എനിക്കൊരു മകളുണ്ട്. അവൾക്ക് രണ്ടര വയസായിട്ടേയുള്ളൂ. അവളെ സംരക്ഷിക്കാനായി ഞാൻ ഏതറ്റം വരേയും ഞാൻ പോകും. എന്നാൽ ഇതിൽ നിന്ന് അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത്. ഞാൻ പാരിസ് ഹിൽട്ടൺ- ഒരു സ്ത്രീ, ഭാര്യ, അമ്മ, അതിജീവിത. എന്നോട് അവർ ചെയ്തത് തെറ്റാണ്. ഓരോ സ്ത്രീയേയും, ഓരോ പെൺകുട്ടിയേയും, ഓരോ അതിജീവിതയേയും സംരക്ഷിക്കാനായി ഞാൻ സത്യം പറഞ്ഞുകൊണ്ടേയിരിക്കും.' -പാരിസ് തുടർന്നു.
ഡെഫിയൻസ് ആക്ട് നടപ്പായാൽ ഇരകൾക്ക് കോടതിയെ സമീപിക്കാൻ കഴിയുമെന്ന് മറ്റൊരു വീഡിയോയിൽ പാരിസ് ഹിൽട്ടൺ പറഞ്ഞു. ഇപ്പോൾ ഇതിനെ നിയന്ത്രിക്കാൻ ഒരു നിയമവുമില്ല. തന്റെ കുട്ടികൾ സുരക്ഷിതമായ ലോകത്താണ് ജീവിക്കേണ്ടതെന്നാണ് താൻ ആഗ്രഹിക്കുന്നത്. അത് യാഥാർഥ്യമാക്കാൻ തന്നെക്കൊണ്ട് ആവുന്നതെല്ലാം താൻ ചെയ്യുമെന്നും പാരിസ് ഹിൽട്ടൺ കൂട്ടിച്ചേർത്തു.
എന്താണ് ഡെഫിയൻസ് ആക്ട്?
ഡിസ്‌റപ്ട് എക്‌സ്പ്ലിസിറ്റ് ഫോർജ്ഡ് ഇമേജസ് ആൻഡ് നോൺ-കൺസെൻഷ്വൽ എഡിറ്റ്‌സ് ആക്ട് (Disrupt Explicit Forged Images and Non-Consensual Edits Act - DEFIANCE) എന്നാണ് ഡെഫിയൻസ് ആക്ടിന്റെ പൂർണരൂപം. അമേരിക്കൻ കോൺഗ്രസ് അംഗങ്ങളായ അലക്‌സാൻഡ്രിയ ഒകാസിയോ കോർട്ടെസും ലോറൽ ലീയുമാണ് ഈ ഫെഡറൽ ബിൽ അവതരിപ്പിച്ചത്. അനുമതിയില്ലാതെ നിർമിക്കുന്ന ഡീപ്‌ഫേക്ക് അശ്ലീല ചിത്രങ്ങളുടെ ഇരകൾക്ക് കുറ്റക്കാർക്കെതിരെ കോടതിയെ സമീപിക്കാൻ അവകാശം നൽകുന്ന ബില്ലാണ് ഇത്.
Content Highlights: American media personality Paris Hilton revealed that millions of unauthorized AI-generated explicit deepfakes of her are circulating online. Speaking in support of the federal Defiance Act, she vowed to keep fighting to protect women, girls, and survivors.