സ്മൃതി മന്ദാനയുടെ വിവാഹം മാറ്റാന്‍ കാരണം പലാഷിന്റെ ചാറ്റുകളോ? ചര്‍ച്ചയായി സ്‌ക്രീന്‍ഷോട്ടുകള്‍

#Lifestyle Desk
സ്മൃതി മന്ദാനയും പലാഷ് മുഛലും ഹൽദിക്കിടെ, പ്രചരിക്കുന്ന സ്ക്രീൻഷോട്ട് | Photos: Social Media
സ്മൃതി മന്ദാനയും പലാഷ് മുഛലും ഹൽദിക്കിടെ, പ്രചരിക്കുന്ന സ്ക്രീൻഷോട്ട് | Photos: Social Media

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വിവാഹം മാറ്റിവെച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിയത് എന്നാണ് പുറത്തുവന്ന വിവരം. പിന്നാലെ വരന്‍ പലാഷ് മുഛലും ആശുപത്രിയിലായി എന്ന റിപ്പോര്‍ട്ടും വന്നു.

എന്നാല്‍ വിവാഹം മാറ്റിവെക്കാന്‍ കാരണം മറ്റു ചിലതാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിവാഹം മാറ്റിവെക്കുകയല്ല, റദ്ദാക്കുകയാണ് ചെയ്തതെന്നുവരെ പലരും പറയുന്നുണ്ട്. ഇതിനെല്ലാം കാരണമായത് കൊടിയ വഞ്ചനയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മേരി ഡി'കോസ്റ്റ എന്ന യുവതി പുറത്തുവിട്ട ചില ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പ്രചാരണങ്ങളുടെ അടിസ്ഥാനം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മേരി സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ അവര്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. എന്നാല്‍ അവര്‍ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ അതിനകം വൈറലായിരുന്നു. സ്മൃതി-പലാഷ് വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹനിശ്ചയം, വിവാഹാഭ്യര്‍ഥന തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി മന്ദാന സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതും പ്രചാരണങ്ങള്‍ക്ക് ബലമേകി.

മേയ് മാസത്തില്‍ നടന്നതെന്ന് കരുതുന്ന ചാറ്റുകളാണ് സ്‌ക്രീന്‍ഷോട്ടുകളിലുള്ളത്. ആഡംബര ഹോട്ടലില്‍ നീന്താന്‍ പോകാനായി മേരിയോട് ചോദിക്കുന്നത് ചാറ്റില്‍ കാണാം. പ്രണയം ഉണ്ടോ എന്നറിയാനായി മേരി ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ചാറ്റിന് മറുപുറമുള്ളയാള്‍ ഒഴിഞ്ഞുമാറുന്നതും കാണാം. ഇതിന് വ്യക്തമായി മറുപടി നല്‍കുന്നതിന് പകരം തമ്മില്‍ കാണുന്നതിനെ കുറിച്ചാണ് മറുവശത്തുള്ളയാള്‍ സംസാരിക്കുന്നത്.

ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതിന് പിന്നാലെ പലതരം അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. എന്നാല്‍ സ്മൃതിയുടേയോ പലാഷിന്റേയോ കുടുംബം ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്മൃതി മന്ദാനയുടെ പിതാവിന് ആരോഗ്യപ്രശ്‌നമുണ്ടായതിനാല്‍ പലാഷുമായുള്ള വിവാഹം മാറ്റിവെച്ചു എന്ന് മാത്രമേ കുടുംബം നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളൂ.

Content Highlights: Did Palaash Muchhal cheat on Smriti Mandhana? Internet erupts as ‘cheating texts’ go viral online