ഫോണ്‍ ഓഫ് ചെയ്യണമെന്ന് പറഞ്ഞിട്ടും വിവാഹ ചിത്രങ്ങള്‍ ചോര്‍ന്നു;സ്വകാര്യത നഷ്ടമായെന്ന് ഷഹീന്‍ അഫ്രീദി

ഷഹീന്‍ അഫ്രീദിയും അന്‍ഷയും | Photo: twitter/ shaheen afridi/ shahid afridi
ഷഹീന്‍ അഫ്രീദിയും അന്‍ഷയും | Photo: twitter/ shaheen afridi/ shahid afridi

വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷമായി പ്രതികരിച്ച് പാകിസ്താന്‍ യുവ ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദി. ശനിയാഴ്ച്ച കറാച്ചിയില്‍ നടന്ന ചടങ്ങിലാണ് ഷഹീനും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദിയുടേ മകള്‍ അന്‍ഷയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷഹീന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിന് മുമ്പേ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതാണ് പാക് താരത്തെ ചൊടിപ്പിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ തന്റേയും ഭാര്യയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ഹനിച്ചുവെന്നും തുടര്‍ച്ചയായ അഭ്യര്‍ഥനകള്‍ നടത്തിയിട്ടും കുറ്റബോധമില്ലാതെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് തുടരുകയാണെന്നും ഷഹീന്‍ ട്വീറ്റ് ചെയ്തു.

'ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടും ഞങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ആളുകള്‍ കുറ്റബോധമില്ലാതെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് തുടരുകയാണ്. എല്ലാവരും ഞങ്ങളോട് സഹകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായൊരു ദിവസം നശിപ്പിക്കരുത്'-ഷഹീന്‍ ട്വീറ്റില്‍ പറയുന്നു.

വളരെ കുറച്ച് അതിഥികള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വെയ്ക്കണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു. എന്നിട്ടും ചിത്രങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് വ്യക്തമല്ല. 

കറാച്ചിയിലെ സകരിയ പള്ളിയില്‍വെച്ചായിരുന്നു നിക്കാഹ്. അതിനുശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹസത്കാരവും നടത്തി. പാക് ക്യാപ്റ്റന്‍ ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, നസീം ഷാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാക് സ്‌ക്വാഷ് താരം ജഹാംഗിര്‍ ഖാന്‍, ഐസിസിയുടെ ജനറല്‍ മാനേജര്‍ വസീം ഖാന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഷഹീന്റെ കുടുംബം കറാച്ചിയില്‍ എത്തിയിരുന്നു. വ്യാഴാഴ്ച്ചയായിയിരുന്നു മൈലാഞ്ചിയിടല്‍ ചടങ്ങ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമാണ് നടന്നത്.

പാക് ടീമിലെ യുവ പേസ് ബൗളറാണ് 22-കാരനായ ഷഹീന്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ കലന്ദേഴ്സിന്റെ താരമാണ്. ഷാഹിദ് അഫ്രീദിയുടെ മൂത്ത മകളായ അന്‍ഷ ഡോക്ടറാണ്. നിലവില്‍ ലണ്ടനില്‍ വിദ്യാര്‍ഥിനിയാണ്. 


 

Content Highlights: our privacy was hurt pak cricketer shaheen afridi fumes at wedding photos leaks