ആദ്യവായനയിൽ ക്ഷമാപണം, പിന്നിൽ ഒന്നാന്തരം മാർക്കറ്റിങ് തന്ത്രം; മാപ്പുപറഞ്ഞ് ട്രെൻഡിൽ കയറിയത് സ്കോഡ മുതൽ കൊച്ചിമെട്രോ വരെ

ആദ്യ കാഴ്ചയിൽ ക്ഷമാപണം, വായിച്ചു നോക്കിയാൽ ഒന്നാന്തരം മാർക്കറ്റിങ് തന്ത്രം. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡാകുകയാണ് ഒഫീഷ്യൽ അപ്പോളജി ട്രെൻഡ്. തെറ്റുകൾ ഉണ്ടാകുമ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ കമ്പനികൾ പ്രത്യേകിച്ച് പ്രമുഖ ബ്രാൻഡുകൾ ഖേദം പ്രകടിപ്പിക്കുക പതിവാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഇപ്പോഴുള്ള മാപ്പുപറച്ചിൽ. ഇപ്പോൾ എന്താണ് ഇങ്ങനെയൊരു ഒഫീഷ്യൽ അപ്പോളജി സ്റ്റേറ്റ്മെന്റ് എന്നൊരു ജിജ്ഞാസയോടെയാണ് പലരും സമൂഹ മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വരുന്ന ക്ഷമാപണ പോസ്റ്റിനെ കാണുന്നത്. കേവലം ഒരു പോസ്റ്റായി അതിനെ സ്ക്രോൾ ചെയ്ത് വിടാതിരിക്കാനായി പല കമ്പനികളും അവരുടെ ലെറ്റർപാഡിലാണ് ഈ പോസ്റ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ഒഫീഷ്യൽ പ്രസ്താവനയെന്ന് തോന്നിക്കാനായി കടുകട്ടി ഇംഗ്ലീഷ് പദങ്ങളാണ് പലരും ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫിലിപ്പീൻസിൽ തുടങ്ങിയ ഈ ട്രെൻഡിന് ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്നത് ഈ മാസമാണ്. കേരളത്തിലാണെങ്കിൽ കഴിഞ്ഞ ദിവസങ്ങളിലും. സ്കോഡ, വോക്സ്വാഗൺ, ടി -സീരീസ്, റിലയൻസ് ഡിജിറ്റൽ, അദാനി അംബുജ സിമന്റ് തുടങ്ങി ലുലു കണക്റ്റും കൊച്ചി മെട്രോയും വണ്ടർലയും വരെ ഇപ്പോൾ ഈ ട്രെൻഡിനോപ്പമാണ്. കേരളത്തിൽ നിന്നുള്ള കമ്പനികളെത്തിയതോടെ ഒഫീഷ്യൽ അപ്പോളജി സ്റ്റേറ്റ്മെന്റ് ഹാഷ് ടാഗിൽ മലയാളം കമ്മെന്റുകളുമെത്തി.
തങ്ങളുടെ ബ്രാൻഡ് വന്നതിലൂടെ ഉപഭോക്താക്കൾക്ക് നഷ്ടമായ കാര്യങ്ങൾക്കാണ് അവർ മാപ്പുപറയുന്നത്. നഷ്ടമായ കാര്യങ്ങളാകട്ടെ ആ ബ്രാൻഡ്/ കമ്പനി വരുന്നതിനു മുൻപ് ജനങ്ങൾ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകളാണ്. ചുരുക്കത്തിൽ ആ ബ്രാൻഡ്/കമ്പനി വന്നതോടെ നിങ്ങൾക്ക് ചിലത് നഷ്ടമായതിന് ഞങ്ങൾ മാപ്പു പറയുന്നുവെന്ന് പറഞ്ഞ് അവർ ഉപഭോക്താക്കൾക്ക് നൽകിയ നേട്ടങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്.
സാധാരണയായുള്ള പ്രൊമോഷൻ രീതിയിൽ നിന്ന് വ്യത്യസ്തമായി, ഇൻഡയറക്റ്റായി, നർമത്തിലൂടെയുള്ള പരസ്യമായാണ് ഇവയെ കാണേണ്ടത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഔദ്യോഗിക ക്ഷമാപണ പ്രസ്താവനയുടെ മലയാള പരിഭാഷ ഇങ്ങനെയാണ്
ഔദ്യോഗിക ക്ഷമാപണ പ്രസ്താവന
തീയതി :നവംബർ 7, 2025
നമ്മുടെ നഗരത്തോട് ഞങ്ങൾക്ക് ഒരു ക്ഷമ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.
മെട്രോ റെയിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതു മുതൽ, ആളുകൾ ജോലിക്കിറങ്ങുന്നതിന് മുമ്പ് കാലാവസ്ഥ പരിശോധിക്കുന്നത് നിർത്തി. തിരക്കിട്ട സമയം കുറച്ചുകൂടി തിരക്കില്ലാത്തതായി. "വേഗത്തിലുള്ള യാത്രകൾ" വായിക്കാനും, വിശ്രമിക്കാനും, വീണ്ടും ബന്ധപ്പെടാനുമുള്ള നിമിഷങ്ങളായി മാറി.
എങ്ങനെയോ, പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ ഔദ്യോഗികമായി നഗരത്തിന്റെ ഒരുമിക്കുന്ന ഇടമായി.
ഞങ്ങളുടെ സ്ഥിരം യാത്രക്കാർക്ക്, ഇഷ്ടപ്പെട്ട സീറ്റ് കിട്ടാതെ വരുമ്പോൾ തിരക്കുള്ള ട്രെയിൻ അൽപ്പം നിരാശാജനകമാകുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അതിൽ ഞങ്ങൾ ഖേദിക്കുന്നു.
മെട്രോയുടെ ശബ്‌ദം ഇഷ്ടത്തോടെ ഓർമ്മിക്കുകയും എന്നാൽ ഇപ്പോൾ നഗരത്തിൽ നിന്ന് മാറി താമസിക്കുകയും ചെയ്യുന്ന എല്ലാവരോടും, ഞങ്ങൾ മനസ്സിലാക്കുന്നു - ഞങ്ങളുടെ യാത്രകൾ പോലെയുള്ള അനുഭവം മറ്റൊന്നിനും നൽകാൻ കഴിയില്ല.
വിശ്വസനീയമായ ഗതാഗതം കെട്ടിപ്പടുക്കാൻ മാത്രമാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. എന്നാൽ ഒടുവിൽ ഞങ്ങൾ സൗകര്യവും, ഗൃഹാതുരത്വവും (നൊസ്റ്റാൾജിയ), ഒരുമയുടെ ഒരു വികാരവും നൽകി.
യാത്രകൾ ശ്രദ്ധയോടെ ഒരുക്കുകയും അർപ്പണബോധത്തോടെ നടത്തുകയും ചെയ്യുമ്പോൾ, അവ യാത്ര എന്നതിലുപരി - അവ നഗരത്തിന്റെ ഹൃദയമിടിപ്പിന്റെ ഭാഗമായി മാറുന്നു എന്ന് തെളിയുന്നു.
അതുകൊണ്ട്, അതെ, ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
യാത്രകളെ ആചാരങ്ങളാക്കി മാറ്റിയതിനും.
ദൈനംദിന യാത്രകളെ നിങ്ങൾ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന നിമിഷങ്ങളാക്കി മാറ്റിയതിനും.
ആശംസകളോടെ,
ടീം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്
ക്ലബ് എഫ് എം പങ്കുവെച്ച ക്ഷമാപണ പ്രസ്താവന ഇങ്ങനെ
ആരാധകരെ ശാന്തരാകുവിൻ...
അടുത്ത ഒരു ബെല്ലോട് കൂടി ഞങ്ങൾ ക്ഷമാപണം തുടങ്ങട്ടെ,
തെറ്റിൽ നിന്ന് തെറ്റിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ കുറ്റബോധം തോന്നിയ സാഹചര്യങ്ങൾ പലതാണ്.. പാപത്തിൻ്റെ കയ്‌പുനീര് പേറി, നീറുന്ന ഹൃദയത്തോടെ ഞങ്ങൾ മാപ്പപേക്ഷിക്കുകയാണ്.....
മാപ്പ് !!!!!
ക്ലബ്ബിൽ പോവേണ്ട നിങ്ങളെ ക്ലബ് FM കേൾപ്പിച്ചു കോൾമയിർ കൊള്ളിച്ചതിന്...
കണ്ണീർ സീരിയലിൽ നിന്ന് നിങ്ങളുടെ അമ്മമാരെ അടർത്തിമാറ്റി പുഞ്ചിരിയുടെ അമിതഭാരം സമ്മാനിച്ചതിന്....
വൈകുന്നേരങ്ങളിൽ വെള്ളമടിക്കാനിറങ്ങുന്നവരെ വരെ പിടിച്ചിരുത്തി ഗെയിം കളിപ്പിച്ച് കരൾ രോഗ മരുന്ന് കമ്പനികളുടെ കുത്തക തകർത്തതിന്..
പാട്ട് കേൾക്കുന്ന ശീലം നിങ്ങളുടെ ആന്തരികാവയവങ്ങളിൽ വരെ INJECT ചെയ്‌തത് ഒരുപാട് സ്നേഹിച്ചിരുന്ന പല ദുശീലങ്ങളിൽ നിന്നും നിങ്ങളെ അകറ്റി വേദനിപ്പിച്ചതിന്.
REELS കണ്ട് കളയണ്ട സമയത്ത് അറിവും വിജ്ഞാനവും പകർന്ന് നൽകി നിങ്ങളുടെ തലച്ചോറിന്റെ PREFRONTAL CORTEX നെക്കൊണ്ട് പണി എടുപ്പിച്ചതിന്..
മാപ്പ്...
ഈ തെറ്റുകളെല്ലാം വീണ്ടും ആവർത്തിക്കാൻ പോവുന്നതിന്....
കുറ്റബോധത്തിൻ്റെ ആഴക്കടലിൽ നിന്ന്
Team Club FM
Content Highlights: Apology Trend: Kerala brands turn “sorry” into strategy