'ഓഫീസ്, വീട്, ഉറക്കം, റിപ്പീറ്റ്, ശമ്പളമാകട്ടെ വരുന്നതിന് മുമ്പേ പോകും'; അവസ്ഥ തുറന്നുപറഞ്ഞ് യുവതി

#Lifestyle Desk
ജയ്സികാ മൽഹോത്ര വൈറൽ വീഡിയോയിൽ | Photo: instagram.com/jaysikaaaaaaa
ജയ്സികാ മൽഹോത്ര വൈറൽ വീഡിയോയിൽ | Photo: instagram.com/jaysikaaaaaaa

മുഴുവൻസമയ ജോലി ഉണ്ടായിട്ടും പല കാരണങ്ങളാൽ താൻ അനുഭവിക്കുന്ന നിരാശ പങ്കുവെച്ച് യുവതി. ഗുഡ്ഗാവിൽ നിന്നുള്ള ജയ്‌സികാ മൽഹോത്രയാണ് തന്റെ ദുരവസ്ഥ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ തുറന്നുപറഞ്ഞത്. എല്ലാ ദിവസവും ഒരേ കാര്യങ്ങൾ ആവർത്തിച്ചു ചെയ്യുന്നതിന്റേയും വാരാന്ത്യങ്ങൾ വീട്ടുജോലികൾക്കായി മാറ്റിവെക്കേണ്ടതിന്റേയും വ്യക്തിപരമായ സന്തോഷങ്ങൾക്ക് സമയം കണ്ടെത്താൻ കഴിയാത്തതിന്റേയുമെല്ലാം സങ്കടം യുവതി പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിലെ നിരവധി പേർക്ക് അത് 'റിലേറ്റ്' ചെയ്യാൻ കഴിഞ്ഞു. ജയ്‌സികയുടെ വീഡിയോ ഇതിനകം വൈറലായി.

'ഓഫീസിലേക്ക് വരുന്നു, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു, ഉറങ്ങുന്നു. വീക്ക് ഓഫ് ദിവസമാകട്ടെ എങ്ങോട്ടാണ് പോകുന്നതെന്നേ അറിയുന്നില്ല. വസ്ത്രങ്ങളും ബെഡ് ഷീറ്റുകളും അലക്കിയും മറ്റും അതങ്ങ് തീരും. ശമ്പളത്തിന്റെ കാര്യമാകട്ടെ, അത് വരുന്നതിന് മുമ്പ് തന്നെ ഡെബിറ്റാകും! നിങ്ങൾക്കൊരു ജോലി ഉണ്ടെങ്കിൽ ആഡംബരമായി ജീവിക്കാമെന്ന് ആരാണ് പറഞ്ഞത്? ഒരാഡംബരവുമില്ല. ഒരു ട്രിപ്പിന് പോലും പോകാൻ കഴിയുന്നില്ല. ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത്?' -ജയ്‌സിക പറഞ്ഞു.

നിരവധി പേരാണ് ജയ്‌സികയുടെ വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തത്. പലർക്കും ഈ സാഹചര്യം സ്വന്തം ജീവിതവുമായി കൂട്ടിക്കെട്ടാൻ കഴിഞ്ഞു. 'ഒരേ ദിനചര്യ. നമ്മൾ ഈ ലൂപ്പിൽ കുടുങ്ങിയിരിക്കുകയാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ജോലി ഉപേക്ഷിച്ചാലോ എന്ന ചിന്തയോടെയാണ് എല്ലാ ദിവസവും രാവിലെ ഞാൻ എഴുന്നേൽക്കുന്നത്' എന്നായി മറ്റൊരാൾ. 'വലുതായാൽ പിന്നെ ജീവിതം ബില്ലുകൾ, ജോലി, ക്ഷീണം എന്നിവ മാത്രമാണ്' എന്നാണ് ഇനിയൊരാൾ പറഞ്ഞത്.

Content Highlights: Jaisika Malhotra from Gurugram went viral after sharing a video detailing her repetitive office, house, and sleep loop. She highlighted exhausting weekend chores and salary getting debited even before arrival.