കാണാന്‍ മോഡലിനെപ്പോലെ, പരിശീലനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം; നിഹാരിക വേറെ ലെവലാണ്!

ഫെഡറേഷന്‍ കപ്പ് അത്‌ല്റ്റിക്‌സില്‍ വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ നിഹാരിക വസിഷ്ഠ് ആള്‍ അത്ര ചില്ലറക്കാരിയല്ല. അവസാന ശ്രമത്തില്‍ മലയാളി താരം സാന്ദ്രാ ബാബുവിനെ പിന്നിലാക്കിയ നിഹാരിക ദേശീയ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ജമ്പിങ് പിറ്റില്‍ മാത്രമല്ല, അതിന് പുറത്തും ഈ മുപ്പതുകാരി ഒരു താരമാണ്.
ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിന് അടുത്ത് ആളുകളാണ് നിഹാരികയെ ഫോളോ ചെയ്യുന്നത്. സോഷ്യല്‍ മീഡിയില്‍ നിന്നുള്ള വരുമാനവും പാര്‍ട്ട് ടൈം ജോലികളില്‍ നിന്നുള്ള പണവുമാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. മാതാപിതാക്കളെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കാറില്ലെന്നും എല്ലാം സ്വന്തം നിലയ്ക്ക് ചെയ്യുമ്പോള്‍ സംതൃപ്തി കൂടുതലാണെന്നും നിഹാരിക പറയുന്നു.
കോവിഡിന്റെ ലോക്ക്ഡൗണ്‍ സമയത്താണ് നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുണ്ടാക്കിയത്. അന്ന് മത്സരങ്ങള്‍ ഇല്ലാതിരുന്നതോടെ വിരസത അകറ്റാനായിരുന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പരിശീലനത്തിന്റേയും വര്‍ക്ക്ഔട്ടിന്റേയും ചിത്രങ്ങളും വീഡിയോകളുമാണ് ആദ്യം പോസ്്റ്റ് ചെയ്തിരുന്നത്. താന്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്കും സ്‌പോണ്‍സര്‍ഷിപ്പിനും കാത്തിരുന്നെങ്കില്‍ താന്‍ എവിടേയും എത്തുമായിരുന്നില്ലെന്നും നിഹാരിക പറയുന്നു.
പഞ്ചാബിലെ ഛണ്ഡിഗഡ് സ്വദേശിയായ നിഹാരികയുടെ അച്ഛന്‍ രാം കുമാര്‍ വസിഷ്ഠ് ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു. മകളുടെ പരിശീലനത്തിനും മറ്റുമായി പത്ത് വര്‍ഷം മുമ്പ് ജോലിയില്‍നിന്ന് രാജിവെച്ചു.
Content Highlights: niharika vashisht banks on social media earnings to fund her training