മകളുടെ മാമ്മോദീസയ്ക്ക് ഒരുമിച്ചെത്തി; നെയ്മറും ബ്രൂണയും പിണക്കം മറന്ന് വീണ്ടും ഒന്നിച്ചോ?

നെയ്മറും ബ്രൂണയും മകള്‍ക്കൊപ്പം | Photo: instagram/ neymar
നെയ്മറും ബ്രൂണയും മകള്‍ക്കൊപ്പം | Photo: instagram/ neymar

കള്‍ മാവിയുടെ മാമ്മോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ ബ്രൂണ ബിയാന്‍കാര്‍ഡിയാണ് മാവിയുടെ അമ്മ. 2023 ഒക്ടോബറിലാണ് നെയ്മറിനും ബ്രൂണയ്ക്കും കുഞ്ഞ് പിറന്നത്. ഇതിന് പിന്നാലെ ബ്രൂണ നെയ്മറുമായി വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അന്ന് രണ്ട് മാസം മാത്രമായിരുന്നു കുഞ്ഞിന് പ്രായം.

എന്നാലിപ്പോള്‍ ബ്രൂണയും നെയ്മറും മാവിയുടെ മാമ്മോദീസ ചടങ്ങില്‍ ഒന്നിച്ചിരിക്കുകയാണ്. കുഞ്ഞിനും ബ്രൂണയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. എട്ട് മാസം പ്രായമുള്ള മാവിയുടെ മാമ്മോദീസയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇരുവരും ഒരുമിച്ചെത്തുകയായിരുന്നുവെന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ടു പേരുടേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ബ്രസീലിലെ കോചിയയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഇതേ ചടങ്ങില്‍ ബ്രൂണയുടെ അടുത്ത സുഹൃത്ത് ഹന്ന കാര്‍വല്‍ഹോയുടെ മകളും മാമ്മോദീസ സ്വീകരിച്ചു. ഒരു മാസം മുമ്പ് അല്‍ ഹിലാലിന്റെ മത്സരം കാണാനായി മകളെ സൗദി അറേബ്യയിലേക്ക് നെയ്മര്‍ കൊണ്ടുപോയിരുന്നു. അന്ന് ബ്രൂണയും ഒപ്പമുണ്ടായിരുന്നു. 

നേരത്തെ ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസിന് നെയ്മര്‍ അയച്ച മെസ്സേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൂണ ബന്ധം വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കിയത്. 
മോഡലിന്റെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നെയ്മര്‍ മെസ്സേജ് അയച്ചത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മെസ്സേജുകളാണ് അതെന്നും നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു.

2012-ല്‍ റിയോ കാര്‍ണിവലിലാണ് നെയ്മറും ബ്രൂണയും ആദ്യമായി കണ്ടുമുട്ടുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018-ല്‍ നെയ്മറും ബ്രൂണയും വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ 2022-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു. വിവാഹനിശ്ചയം വരെ കാര്യങ്ങള്‍ എത്തിയെങ്കിലും ഇതിനിടയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. പിന്നീട് പ്രശ്നം സംസാരിച്ച് പരിഹരിച്ച രണ്ടുപേരും 2023-ല്‍ ഒരുമിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഇരുവരും പങ്കുവെയ്ക്കുകയും ചെയ്തു. 

ഇതിന് പിന്നാലെ ഗര്‍ഭിണിയായ ബ്രൂണയെ നെയ്മര്‍ വഞ്ചിച്ചുവെന്ന രീതിയില്‍ വീണ്ടും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ ജൂണില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ബ്രസീല്‍ താരം രംഗത്തെത്തി. ബ്രൂണയോടും കുടുംബത്തോടും നെയ്മര്‍ മാപ്പ് ചോദിച്ചു. ബ്രൂണയില്ലാത്ത ജീവിതം ആലോചിക്കാന്‍ സാധിക്കുന്നില്ലെന്നും പരസ്പരം സ്നേഹിക്കുന്നത് നമ്മെ ശക്തരാക്കുമെന്നും ഇന്‍സ്റ്റഗ്രാമില്‍ നെയ്മര്‍ വ്യക്തമാക്കിയിരുന്നു. ഇതുകഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. ആശുപത്രിയില്‍ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ നെയ്മറും ബ്രൂണയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 

മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.  


 

Content Highlights: neymar and bruna biancardi daughter mavie baptism