പണത്തിന് പിന്നാലെ പോകുന്നവളെന്ന് പരിഹാസം;വജ്രമാണ് വേണ്ടതെന്ന് സുസ്മിതയുടെ മറുപടി

സുസ്മിത സെന്നും ലളിത് മോദിയും  | Photo: instagram/ lalit modi
സുസ്മിത സെന്നും ലളിത് മോദിയും | Photo: instagram/ lalit modi

ബോളിവുഡ് നടിയും വിശ്വസുന്ദരിയുമായിരുന്ന സുസ്മിത സെന്നുമായുള്ള പ്രണയം കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ ചെയര്‍മാനായിരുന്ന ലളിത് മോദി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ സുസ്മിതയുടെ പ്രണയജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇതുവരെ വിവാഹിതയാകാത്ത സുസ്മിതയുടെ ജീവിതത്തില്‍ പതിനൊന്നോളം കാമുകന്‍മാരുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഫാഷന്‍ മോഡലായ റോഹ്‌മാനുമായുള്ള പ്രണയം സുസ്മിത അവസാനിപ്പിച്ചത്. ഇരുവരും തമ്മില്‍ 15 വയസിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞ് ഏഴു മാസങ്ങള്‍ക്കുള്ളിലാണ് സുസ്മിതയുടെ അടുത്ത പ്രണയം പുറത്തുവന്നിരിക്കുന്നത്. 

ഇതോടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ചൂടുപിടിച്ചു. സുസ്മിതയ്‌ക്കെതിരേ നിരവധി ട്രോളുകളും പരിഹാസ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. സ്‌നേഹത്തിന് പകരം കാമുകന്റെ ബാങ്ക് ബാലന്‍സ് നോക്കിയാണ് സുസ്മിതയുടെ പ്രണയങ്ങള്‍ എന്നുവരെ ആളുകള്‍ പരിഹസിച്ചു. റോഹ്‌മാനുമായുള്ള ബന്ധം അവസാനിപ്പിച്ചത് അതിനാലാണെന്നും മോദിയുടെ സാമ്പത്തികമാണ് സുസ്മിതയുടെ കണ്ണിലുടക്കയിതെന്നും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ ഈ ട്രോളുകള്‍ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുസ്മിത.

സ്വര്‍ണത്തേക്കാള്‍ തനിക്ക് താത്പര്യം വജ്രമാണെന്നും അതു വാങ്ങിത്തരാന്‍ തനിക്ക് ഒരു പുരുഷന്റെ ആവശ്യമില്ലെന്നും അതിനുള്ള പണം തന്റെ കൈയിലുണ്ടെന്നും സുസ്മിത ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. നമുക്ക് ചുറ്റുമുള്ള ലോകം ദയനീയവും അസന്തുഷ്ടവുമാണെന്ന് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത 'പരിചയക്കാര്‍' തന്റെ ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവു പങ്കുവെയ്ക്കുമ്പോള്‍ അവരെ പ്രതിഭകള്‍ എന്ന് വിശേഷിപ്പിക്കണമെന്നും പരിഹാസരൂപത്തില്‍ സുസ്മിത കുറിപ്പില്‍ പറയുന്നു. 

സുസ്മിതയുടെ ഈ കുറിപ്പിന് പിന്തുണയുമായി നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. പ്രിയങ്ക ചോപ്ര, നേഹ ധൂപിയ, രണ്‍വീര്‍ സിങ്ങ് എന്നിവരെല്ലാം പോസ്റ്റിന് താഴെ കമന്റ് ചെയ്തു. രാജ്ഞി എന്നാണ് സുസ്മിതയെ പ്രിയങ്ക വിശേഷിപ്പിച്ചത്.

നേരത്തെ ലളിത് മോദി പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി സുസ്മിത രംഗത്തെത്തിയിരുന്നു. സന്തോഷകരമായ ഒരിടത്താണ് ഇപ്പോഴുള്ളതെന്നും ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും നിരുപാധികമായ സ്‌നേഹത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്നും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.
 

Content Highlights: netizens call sushmita sen gold digger for dating lalit modi