'ഒരുപാട് ഭക്ഷണം കഴിച്ചപ്പോള്‍ നീതു സിങ് വഴക്കുപറഞ്ഞു, ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ 'അതിനെന്താ' എന്നാണ് ചോദിച്ചത്'-കരീനാ കപൂര്‍

ഗര്‍ഭിണിയായിരുന്ന സമയത്തുപോലും തന്നെ ഒരുപാട് ഭക്ഷണം കഴിക്കാന്‍ നീതു സിങ് അനുവദിച്ചിരുന്നില്ലെന്ന് നടി കരീനാ കപൂര്‍. അന്ന് കൂടുതല്‍ ഭക്ഷണം കഴിച്ചതിന് നീതു സിങ് തന്നെ വഴക്ക് പറഞ്ഞുവെന്നും കരീന ഓര്‍ത്തെടുക്കുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഡൈനിങ് വിത്ത് ദ കപൂര്‍' എന്ന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അവര്‍. ഇതിഹാസ ചലച്ചിത്രകാരനായ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അര്‍മാന്‍ ജെയിന്‍ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നില്‍ രണ്‍ബീര്‍ കപൂറിന്റെയും കരീന കപൂറിന്റെയും നേതൃത്വത്തില്‍ നീതു സിങ്, സെയ്ഫ് അലി ഖാന്‍, കരിഷ്മ കപൂര്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ ഒന്നിക്കുന്ന പരിപാടിയാണിത്.
ഷോയ്ക്കിടയില്‍ കരീന ഭക്ഷണം കഴിക്കുന്നത് ചൂണ്ടിക്കാട്ടി 'നീ ഒരുപാട് കഴിക്കുന്നുണ്ട്' എന്ന് നീതു പറയുകയായിരുന്നു. താന്‍ ഗര്‍ഭിണിയായിരുന്ന സമയത്തും നിങ്ങള്‍ ഇത് പറഞ്ഞിരുന്നല്ലോ എന്ന് കരീന മറുപടി പറയുന്നുണ്ട്. 'ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ കണ്ടതാണ്, 'അധികം കഴിക്കരുത്' എന്ന് പറഞ്ഞ് നിങ്ങള്‍ എന്നെ വഴക്കു പറയുകയായിരുന്നു. ഞാന്‍ 'ഗര്‍ഭിണിയാണ്' എന്ന് പറഞ്ഞപ്പോള്‍, 'അതിനെന്താ' എന്നായിരുന്നു അന്ന് നിങ്ങളുടെ മറുപടി.'-കരീന നീതുവിനോട് പറയുന്നു.
ഋഷി കപൂറിന്റെ ഭാര്യയും രണ്‍ബീര്‍ കപൂറിന്റെ അമ്മയുമായ നീതു സിങ്ങും ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ്. ഈ പരിപാടിയില്‍ കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനിടെ മുത്തശ്ശിയുണ്ടാക്കിയിരുന്ന ബേക്ക്ഡ് മാക് ആന്‍ഡ് ചീസിനെക്കുറിച്ച് രണ്‍ബീര്‍ ഓര്‍ത്തെടുത്തു. തന്റെ ആദ്യത്തെ പ്രധാന ഭക്ഷണ ഓര്‍മകളിലൊന്ന് അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അത്താഴവിരുന്നിലും ആ വിഭവം ഉണ്ടാകുമായിരുന്നു എന്ന് നീതുവും ഓര്‍ത്തെടുത്തു.
നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഗര്‍ഭകാലത്തെ ഭക്ഷണത്തോടുള്ള ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പിസയോടുള്ള കൊതി അടക്കാനായിരുന്നില്ലെന്ന് കരീന വെളിപ്പെടുത്തിയിരുന്നു. മധുരം കഴിക്കാനുള്ള അതിയായ ആഗ്രഹം കാരണം അര്‍ദ്ധരാത്രിയില്‍ പലപ്പോഴും ഉണര്‍ന്നിട്ടുണ്ടെന്നും അവര്‍ പങ്കുവെച്ചു. ഒരു ഗ്ലാസ് വൈന്‍ കുടിക്കാന്‍ താന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നുവെന്നും നടി സമ്മതിച്ചു. എന്നിരുന്നാലും, ഗര്‍ഭകാലത്ത് തന്റെ ശരീരത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും അവര്‍ പറഞ്ഞു, ഇഷ്ടഭക്ഷണം കഴിച്ചതിന് ശേഷം ചിലപ്പോള്‍ 'ഛര്‍ദ്ദിക്കാന്‍' വരുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: neetu kapoor asked kareena kapoor to not eat too much during her pregnancy