വിവിയനുമായി വിവാഹം നടക്കാതിരുന്നതിൽ കാരണമുണ്ട്, കുഞ്ഞുവേണമെന്ന തീരുമാനം എന്റേത്- നീന ഗുപ്ത

#Lifestyle desk
വിവിയൻ റിച്ചാർഡ്സും നീന ​ഗുപ്തയും| ഫോട്ടോ: PTI
വിവിയൻ റിച്ചാർഡ്സും നീന ​ഗുപ്തയും| ഫോട്ടോ: PTI

സമൂഹം കൽപ്പിക്കുന്ന ചട്ടക്കൂടുകൾക്ക് പുറത്ത് തീരുമാനങ്ങളെടുക്കുന്നവർ പലപ്പോഴും ചോദ്യമുനയിലാകും ജീവിക്കുക. എതിർപക്ഷത്ത് സ്ത്രീകളാണെങ്കിൽ ഇവയുടെ കാഠിന്യമേറും. ഇത്തരത്തിൽ തൻ്റെ മകളുടെ ജനനം മുതൽ തുടർച്ചായി കേൾക്കേണ്ടി വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ബോളിവുഡ് താരം നീന ഗുപത.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും മകൾ മസാബയുടെ ജനനത്തെക്കുറിച്ചും ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിലാണ് അവർ സംസാരിച്ചത്. ഇരുവർക്കുമിടയിൽ യഥാർത്ഥ പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ‘അത് അദ്ദേഹത്തോട് ചോദിക്കൂ’ എന്നായിരുന്നു നീനയുടെ മറുപടി.

വിവിയൻ റിച്ചാർഡ്‌സ് തന്നെ പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന്, ‘എല്ലാവർക്കും അദ്ദേഹത്തോട് ഇത് ചോദിക്കാൻ പേടിയാണ്, അതുകൊണ്ടാണ് നിങ്ങൾ എന്നോട് മാത്രം ചോദിക്കുന്നത്’ എന്ന് നീന തമാശരൂപേണ പറഞ്ഞു. പരസ്പരം പ്രണയമുണ്ടായിരുന്നുവെന്നും ഒരുമിച്ചുണ്ടായിരുന്ന കുറഞ്ഞ കാലം വളരെ മനോഹരമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങൾക്കിടയിൽ വിവാഹം നടക്കാതിരുന്നത് പ്രായോഗികമായ കാരണങ്ങൾ കൊണ്ടാണെന്ന് നീന ഗുപ്ത വിശദീകരിച്ചു. ഒന്നുകിൽ തനിക്ക് ജോലി ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകേണ്ടി വരും. അല്ലെങ്കിൽ വിവിയൻ തന്റെ കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരണം. രണ്ടും സാധ്യമല്ലാത്തതിനാൽ വിവാഹം എന്ന തീരുമാനത്തിലേക്ക് തങ്ങൾ എത്തിയില്ലെന്ന് നീന പറഞ്ഞു.

താനന്ന് പ്രണയത്താൽ അന്ധയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മറ്റാരുടെയും വാക്കുകൾ കേൾക്കാൻ തയ്യാറല്ലായിരുന്നുവെന്നും നീന ഓർത്തെടുത്തു. കുഞ്ഞിന് ജന്മം നൽകാനുള്ള തീരുമാനം തന്റേതായിരുന്നു. ഇക്കാര്യം വിവിയനോട് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതം മൂളുകയാണുണ്ടായത്. മകൾ മസാബയെ പരസ്യമായി അംഗീകരിക്കാൻ വിവിയൻ റിച്ചാർഡ്‌സ് ഒരിക്കലും മടി കാണിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.

വിവാഹം കഴിക്കാതെ അമ്മയാകാനുള്ള തീരുമാനം തന്റെ കാര്യത്തിൽ ശുഭകരമായി അവസാനിച്ചുവെങ്കിലും, മറ്റുള്ളവരോട് ഈ വഴി തിരഞ്ഞെടുക്കാൻ താൻ നിർദ്ദേശിക്കില്ലെന്ന് നീന ഗുപ്ത പറഞ്ഞു. ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും അത് കുഞ്ഞിന്റെ വളർച്ചയെപ്പോലും ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Bollywood actress Neena Gupta opens up about her relationship with Vivian Richards, Masaba`s birth, and societal pressures.