'വിഘ്‌നേഷ്, നീയാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം'- പ്രണയദിനത്തിൽ മനോഹരമായ കുറിപ്പുമായി നയൻതാര

പ്രണയദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നയൻതാരയും വിഘ്‌നേഷ് ശിവനും. തന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് വിഘ്‌നേഷ് എന്നാണ് നയൻതാര കുറിച്ചത്. ഒപ്പം വിഘ്‌നേഷിനൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങളും നയൻതാര പങ്കുവെച്ചു.
'ചിലർ നമ്മൾ കണ്ടുമുട്ടുന്നതിനും എത്രയോ മുൻപേ നമ്മുടെ വിധിയിൽ എഴുതപ്പെട്ടവരാണ്. എനിക്ക് നീ അങ്ങനെയുള്ള ഒരാളാണ്. എന്റെ ഉയിര്. എന്റെ ഏറ്റവും വലിയ അനുഗ്രഹം നീയാണ്. എന്റെ അമ്മയുടെ പ്രാർഥനകൾ ഹൃദയത്തിലേക്ക് എത്തുന്നതിന് തുല്ല്യം. നിന്നോടൊപ്പം പത്ത് വർഷമായുണ്ട്. എന്നിട്ടും നീ ദൂരെയായിരിക്കുമ്പോൾ എല്ലാ ദിവസവും നിന്നെ മിസ് ചെയ്യുന്നു. നീയാണ് എന്റെ നിശബ്ദമായ ശക്തി. മനുഷ്യരൂപത്തിലുള്ള എന്റെ വീട്. സ്‌നേഹം, ക്ഷമ, വിശ്വാസം, കൃപ എന്നിവ പഠിപ്പിക്കാനായി ദൈവം നിന്നെ എന്റെ ജീവിതത്തിലേക്ക് അയച്ചതാണ്. നിന്നിലൂടെ ഞാൻ മനസ്സിലാക്കിയ് യഥാർത്ഥ സ്‌നേഹം സൗമ്യവും സ്ഥിരവുമാണ്.'-നയൻതാര കുറിച്ചു.
'നിങ്ങളുടെ ഹൃദയത്തിലേക്ക് നോക്കിയാൽ യഥാർഥ സ്‌നേഹത്തിനുടമയെ ലഭിക്കും. അയാൾ നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും സനേഹംകൊണ്ട് നിറയ്ക്കും. അതിനുശേഷം നിങ്ങൾ സന്തോഷവാൻമാരാകും, രാജാവിനേക്കാൾ ധനികനാകും, ദേവതകളാൽ അനുഗ്രഹിക്കപ്പെട്ടവനാകും, ജീവിതത്തിൽ എല്ലാം നേടിയവനായി നിങ്ങൾ മാറും. സ്‌നേഹത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും പ്രണയദിനാശംസകൾ'- വിഘ്‌നേഷ് കുറിച്ചു.
ഏഴ് വർഷത്തെ പ്രണയത്തിനുശേഷം 2022 ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. അതേ വർഷം സെപ്റ്റംബറിൽ ഇരുവർക്കും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചു. ഉയിർ, ഉലക് എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.
Content Highlights: nayanthara vignesh shivan celebrate valentines day with love notes