‘ഇന്ത്യക്ക് നികുതി നൽകുന്നു’; സബ്യസാചിയുടെ ഔട്ട്ഫിറ്റിൽ നവാസ് ഷെരീഫിന്റെ കൊച്ചുമകന്റെ വധു, വിമർശനം

ജുനൈദ് സ്ഫദര്‍ വധു ഷാന്‍സായ് അലി റൊഹൈലിക്കൊപ്പം | Photo: instagram/ sabyasachi
ജുനൈദ് സ്ഫദര്‍ വധു ഷാന്‍സായ് അലി റൊഹൈലിക്കൊപ്പം | Photo: instagram/ sabyasachi

മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കൊച്ചുമകൻ ജുനൈദ് സഫ്ദറിന്റെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. രാഷ്ട്രീയ നേതാവും നവാസ് ഷെരീഫിന്റെ അടുത്ത സുഹൃത്തുമായ റൊഹൈൽ അസ്ഗറിന്റെ കൊച്ചുമകളായ ഷാൻസായ് അലി റൊഹൈലിയാണ് വധു. ലാഹോറിൽ നടന്ന വിവാഹം മെഹന്ദി ചടങ്ങ് ഉൾപ്പെടെ ആഡംബരത്തോടെയായിരുന്നു നടന്നത്.

ഇതിന് പിന്നാലെ വധുവിന്റെ വിവാഹ വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇന്ത്യൻ ഡിസൈനർമാരുടെ രണ്ട് ഔട്ട്ഫിറ്റുകളാണ് ഷൻസായ് ധരിച്ചത്. ഇന്ത്യയിലെ പ്രശസ്ത ഡിസൈനർമാരായ സബ്യസാചി, തരുൺ തഹിലിയാനി എന്നിവരാണ് ഈ ഔട്ട്ഫിറ്റുകൾ ഡിസൈൻ ചെയ്തത്.

മെഹന്ദി ചടങ്ങിൽ സബ്യസാചി ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു വധുവിന്റെ വേഷം. വിവാഹത്തിന് അണിഞ്ഞ ചുവപ്പ് സാരിയാണ് തരുൺ തഹിലിയാനി ഡിസൈൻ ചെയ്തത്. ഇതിനൊപ്പം മരതകക്കല്ല് പതിപ്പിച്ച വജ്ര ചോക്കറും കഴുത്തിൽ അണിഞ്ഞിരുന്നു.

ഈ ഔട്ട്ഫിറ്റുകളാണ് ഇപ്പോൾ പാകിസ്താനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചർച്ചാവിഷയം. ഇന്ത്യക്ക് നികുതി നൽകാൻ ഇത്ര ഇഷ്ടമാണോയെന്നും പാകിസ്താനിൽ തന്നെ എത്ര നല്ല ഡിസൈനർമാരുണ്ടെന്നും ചിലർ കുറിച്ചു. ചിലർ അവരെ പിന്തുണച്ചും കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആളുകൾ പാകിസ്താനിലെ ഡിസൈനർമാരുടെ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും അതിൽ എന്താണ് പ്രശ്‌നമെന്നും ചിലർ കമന്റ് ചെയ്തു.

Content Highlights: nawaz sharifs granddaughter in law wears sabyasachi for her mehendi pakistani internet reacts