ദേശീയഗാനം മുഴങ്ങി; ജോലിനിര്‍ത്തി സണ്‍ഷേഡിൽ അനങ്ങാതെനിന്ന് തൊഴിലാളി, രാജ്യസ്‌നേഹത്തിന് കൈയടി | VIDEO

വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: Screen Grabs / instagram @cyberdddd
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: Screen Grabs / instagram @cyberdddd

ദേശീയഗാനത്തെ ബഹുമാനിക്കണമെന്നാണ് നമ്മള്‍ ചെറുപ്പം മുതലേ കേട്ടുപഠിക്കുന്നത്. സ്‌കൂളില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ യാന്ത്രികമായി എഴുന്നേറ്റ് നില്‍ക്കുന്നത് മാത്രമാണ് പലരും ദേശീയഗാനത്തിന് നല്‍കുന്ന ആദരം. ഇവിടെയാണ് ഒരു പെയിന്റ് തൊഴിലാളി വ്യത്യസ്തനായിരിക്കുന്നത്. ദേശീയഗാനം കേട്ടപ്പോള്‍ തന്റെ ജോലി നിര്‍ത്തി അനങ്ങാതെ നില്‍ക്കുന്ന തൊഴിലാളിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. 

ഒരു സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വൈറല്‍ വീഡിയോയിലെ താരമായ തൊഴിലാളി. അതിനിടെയാണ് പെട്ടെന്ന് ദേശീയഗാനമായ 'ജനഗണമന...' കേട്ടത്. ഉടന്‍ താന്‍ ചെയ്യുന്ന ജോലി നിര്‍ത്തിവെച്ച് അദ്ദേഹം നിശ്ചലനായി നിന്നു. കെട്ടിടത്തിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡില്‍ നിന്ന് ചുമര്‍ പെയിന്റ് ചെയ്യുമ്പോഴാണ് അദ്ദേഹം ഇത് ചെയ്തത്. 

ദേശീയഗാനം കേട്ട് പെയിന്റിങ് തൊഴിലാളിയായ യുവാവ് ആദരവോടെ നിശ്ചലനായി നില്‍ക്കുമ്പോഴും സ്‌കൂളിലെ കുട്ടികള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. ദേശീയഗാനം ആരംഭിച്ചശേഷം ഒരുമിനുറ്റോളം, കൃത്യമായി പറഞ്ഞാല്‍ 52 സെക്കന്‍ഡ് സമയം യുവാവ് നിശ്ചലനായി നിന്നാണ് ആദരം പ്രകടിപ്പിച്ചത്. 

ഹൃദയം നിറഞ്ഞ കയ്യടിയോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആയിരക്കണക്കിന് പേര്‍ യുവാവിനെ അഭിനന്ദിച്ച് കമന്റുകളിട്ടു. 'ഇതാണ് യഥാര്‍ഥ ഇന്ത്യക്കാരന്‍', 'വിദ്യാഭ്യാസമുള്ള പെയിന്റിങ് തൊഴിലാളി', 'സഹോദരാ, ബിഗ് സല്യൂട്ട്', 'വിദ്യാര്‍ഥികളേക്കാള്‍ വിദ്യാഭ്യാസം നേടിയ ആള്‍', 'നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു' എന്നിങ്ങനെയെല്ലാമാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍. അഞ്ചര കോടിയിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്. 

Content Highlights: Video of a Painter Pausing Work for the National Anthem While Students Walk Goes Viral