'അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു,2വര്‍ഷം പ്രണയിച്ചു,വിവാഹത്തിനുമുമ്പ് വരെ സംസാരിച്ചു'

ബോളിവുഡ് നടി ദീപിക പദുക്കോണുമായി രണ്ട് വര്‍ഷം പ്രണയത്തിലായിരുന്നെന്ന് വെളിപ്പെടുത്തി നടനും മോഡലുമായ മുസമ്മില്‍ ഇബ്രാഹിം. ബോളിവുഡ് സ്വപ്‌നങ്ങളുമായി ദീപിക മുംബൈയിലെത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത് തന്നെയായിരുന്നുവെന്നും പിന്നീട് തങ്ങള്‍ ഇരുവരും പ്രണയത്തിലായെന്നും സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ മുസമ്മില്‍ പറയുന്നു. അത് വളരെ മനോഹരമായ ദിവസങ്ങളായിരുന്നുവെന്നും പ്രണയബന്ധം അവസാനിച്ചശേഷവും ദീപികയുമായി സൗഹൃദം സൂക്ഷിച്ചിരുന്നെന്നും മുസമ്മില്‍ പറയുന്നു.
തന്നോട് പ്രണയമാണെന്ന് പറഞ്ഞത് ദീപികയാണെന്നും രണ്ട് വര്‍ഷത്തിനുശേഷം ആ ബന്ധം വേര്‍പ്പെടുത്തിയത് താനാണെന്നും മുസമ്മില്‍ വ്യക്തമാക്കുന്നു. 'ദീപിക വളരേയധികം ആത്മവിശ്വാസത്തോടെയാണ് മുംബൈയിലെത്തിയത്. പ്രകാശ് പദുക്കോണിന്റെ മകളായത് തന്നെയായിരുന്നു അതിന് കാരണം. അവളെ കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഞാന്‍ ആ സമയത്ത് ദീപികയേക്കാള്‍ അറിയപ്പെടുന്ന താരമായിരുന്നു. അവര്‍ തുടക്കക്കാരിയും. എന്നാല്‍ അവരിപ്പോള്‍ സൂപ്പര്‍സ്റ്റാറാണ്. എല്ലാവര്‍ക്കും അവരെ അറിയാം. പക്ഷേ എന്നെ ആര്‍ക്കും അറിയില്ല. ഞാനും അവരുടെ ഒരു വലിയ ആരാധകനാണ്. അവരുടെ സിനിമകള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി. അവര്‍ സുന്ദരിയായൊരു സ്ത്രീയാണ്. അഭിനേത്രി എന്ന നിലയിലും മികച്ചുനില്‍ക്കുന്നു. എന്നാല്‍ യാഥാര്‍ഥ്യം ഇതെല്ലാമാണ്.' മുസമ്മില്‍ പറയുന്നു.
ദീപികയുടെ വിവാഹത്തിന് മുമ്പ് ഇടയ്‌ക്കെല്ലാം സംസാരിക്കാറുണ്ടെന്നും എന്നാല്‍ വിവാഹത്തിനുശേഷം എല്ലാ ബന്ധവും മുറിഞ്ഞുപോയെന്നും മുസമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നു. അന്നത്തെ പ്രണയകാലം സിനിമയിലെ രംഗങ്ങള്‍പോലെ മനോഹരമായിരുന്നെന്നും മുസമ്മില്‍ ഓര്‍ത്തെടുക്കുന്നു.
'ആ സമയത്ത് ഞങ്ങള്‍ കുട്ടികളെപ്പോലെയായിരുന്നു. മഴയത്ത് റിക്ഷയില്‍ ഡേറ്റിന് പോകും. അത് വളരെ മനോഹരമായിരുന്നു. അന്ന് ദീപികയുടെ കൈയില്‍ കാര്യമായ പണമുണ്ടാകാറില്ല. ഞാന്‍ അവരേക്കാള്‍ സമ്പന്നനായിരുന്നു. അക്കാലത്ത് ഞാനൊരു കാര്‍ വാങ്ങി. ദീപിക ഒരുപാട് സന്തോഷിച്ചു. ഇക്കാര്യങ്ങളെല്ലാം എന്റെ മനസില്‍ ഇപ്പോഴുമുള്ളതിന് കാരണം ഞാന്‍ അതിനുശേഷം അതുപോലെ മഴയത്ത് റിക്ഷയില്‍ ഒരു ഡേറ്റിന് പോയിട്ടില്ല എന്നതുകൊണ്ടാണ്. അന്ന് ഞങ്ങളുടെ കൈയില്‍ പണമില്ലായിരുന്നെങ്കിലും ഞങ്ങള്‍ വളരേയധികം സന്തോഷിച്ചിരുന്നു.' മുസമ്മില്‍ ഓര്‍ത്തെടുക്കുന്നു.
ദീപികയുടെ പിറന്നാളിന് അവള്‍ക്ക് ഇഷ്ടമുള്ള പാട്ട് ഡിജെയെക്കൊണ്ട് പ്ലേ ചെയ്യിപ്പിച്ച കാര്യവും മുസമ്മില്‍ പങ്കുവെയ്ക്കുന്നു. 'പണം കൊടുക്കാന്‍ ഇല്ലാതിരുന്നിട്ടും ഡിജെ എനിക്കുവേണ്ടി ആ പാട്ട് ഒന്നര മണിക്കൂര്‍ വെച്ചു. അവന്‍ എന്റെ സുഹൃത്തായിരുന്നു. ദീപികയുടെ പിറന്നാളാണെന്നും അവള്‍ക്ക് ഇഷ്ടമുള്ള പാട്ട് കുറച്ചുനേരം വെയ്ക്കണമെന്ന് ഞാന്‍ അവനോട് ആവശ്യപ്പെടുകയായിരുന്നു'-മുസമ്മില്‍ പറയുന്നു.
Content Highlights: muzammil ibrahim talks about relationship with deepika padukone