2.67 ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും ജൂണില്‍ ചെലവായത് 40000 രൂപ മാത്രം; ചര്‍ച്ചയായി യുവതിയുടെ പോസ്റ്റ്

അന്‍ഹാദ് | Photo: instgaram/ an_had_fun_
അന്‍ഹാദ് | Photo: instgaram/ an_had_fun_

വരുമാനത്തിന് അനുസരിച്ചാകും നമ്മുടെ ജീവിതച്ചെലവുകള്‍. ഒരു മാസം കൂടുതല്‍ സമ്പാദിക്കുന്നവര്‍ അതിന് അനുസരിച്ചുള്ള ആഡംബര ജീവിതം നയിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ ഇതില്‍നിന്ന് വ്യത്യസ്തരാണ്. കൂടുതല്‍ പണം ഭാവിയിലേക്കായി സൂക്ഷിച്ചുവെച്ച് കുറച്ച് പണം മാത്രം ഉപയോഗിക്കുന്നു. ഇത്തരത്തില്‍ തന്റെ ജീവിതച്ചെലവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുംബൈയിലെ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്യുന്ന അന്‍ഹാദ് എന്ന യുവതി.

പ്രതിമാസം 2.67 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഇത് എങ്ങനെയാണ് ഒരു മാസം ചെലവഴിക്കുന്നത് എന്നുമാണ് അന്‍ഹാദ് പോസ്റ്റില്‍ പറയുന്നത്. മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്നും അതിനാല്‍ വാടക നല്‍കേണ്ടതില്ലെന്നും മറ്റ് പലചരക്ക് സാധനങ്ങള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും അന്‍ഹാദ് വ്യക്തമാക്കുന്നു. എല്ലാ മാസവും ലഭിക്കുന്ന 2.67 ലക്ഷം രൂപയില്‍നിന്ന് 1.80 ലക്ഷം രൂപ എസ്‌ഐപിയിലേക്ക് പോകുന്നു. ഇതിനുശേഷം ഭക്ഷണം പുറത്തുനിന്ന് കഴിക്കുക, സുഹൃത്തുക്കളെ കാണുക, വ്യക്തിപരമായി പരിപാലനം തുടങ്ങിയവയ്ക്കായി ശേഷിക്കുന്നത് 87000 രൂപയാണ്.

ജൂണില്‍ തന്റെ ഏറ്റവും വലിയ ചെലവ് പുറത്തുനിന്ന് ഭക്ഷണം കഴിച്ചതായിരുന്നുവെന്നും അതിന് 16000 രൂപയായെന്നും അവര്‍ പങ്കുവെച്ചു. സിനിമ കാണുന്നതിനും പുറത്ത് കറങ്ങുന്നതിനും പൈസ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 8500 രൂപയാണ് അതിന് ചെലവായത്. അത് ഒരൊറ്റ രാത്രി പുറത്തുപയോതിന്റേതാണെന്നും യുവതി പറയുന്നു. 

കൂടാതെ ഗ്രൂമിങ്ങിനായി 8500 രൂപയും സ്വിഗ്ഗി വഴി 3400 രൂപയും പുസ്തകങ്ങള്‍ക്കായി 1,300 രൂപയും ടെന്നീസിനായി 600 രൂപയും ഊബറിനായി 600 രൂപയില്‍ അല്‍പം കൂടുതലും ചെലവഴിച്ചതായി അന്‍ഹാദ് പങ്കുവെച്ചു. തനിക്ക് ഇപ്പോഴും 47,000 രൂപ മിച്ചമുണ്ടെന്നും അത് ഒരു 'മിസ്റ്ററി ഫണ്ടിലേക്ക്' മാറ്റുകയാണെന്നും അവര്‍ പങ്കുവെച്ചു.

ഈ വീഡിയോ നിമിഷനേരത്തിനുള്ളില്‍ വൈറലായി. നിലവില്‍ ഒമ്പതര ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. മുപ്പതിനായിരത്തോളം പേര്‍ ലൈക്കും ചെയ്തു. ചിലര്‍ വീഡിയോയ്ക്ക് താഴെ യുവതിയെ അനുകൂലിച്ച് കമന്റ് ചെയ്തപ്പോള്‍ മറ്റുചിലര്‍ വിമര്‍ശിച്ചു. ഇതൊരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും യാഥാര്‍ഥ്യമല്ലെന്നുമാണ് ചിലര്‍ കുറിച്ചത്. ഇതിന് അന്‍ഹാദ് മറുപടിയും നല്‍കി. 'എന്നെ കുറിച്ച് എനിക്ക് പൂര്‍ണബോധ്യമുണ്ട്. അതിനാല്‍ ദയവായി എന്നെ വിമര്‍ശിക്കാന്‍ വരരുത്. ഏതായാലും മിസ്റ്ററി ഫണ്ടിനായി ഞാന്‍ പണം സ്വരൂപിക്കുകയായിരുന്നു. ശരിയായ സമയം വരുമ്പോള്‍ അത് എന്താണെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.'-അന്‍ഹാദ് കുറിച്ചു. 

നിങ്ങള്‍ക്ക് വാടക, പലചരക്ക്, വൈദ്യുതി, പെട്രോള്‍ ബില്ലുകള്‍, നികുതി, വീട്ടുജോലിക്കാര്‍, മറ്റ് പലവിധ അറ്റകുറ്റപ്പണി ചെലവുകള്‍ എന്നിവ നല്‍കേണ്ടതില്ലെന്നും അതിനാല്‍ സാധാരണ ജീവിതസാഹചര്യവുമായി ബന്ധമില്ലാത്തതാണെന്നും ഒരാള്‍ കമന്റ് ചെയ്തു. മാര്‍ക്കറ്റിങ് മേഖലയില്‍ ഇത്രയും ശമ്പളത്തില്‍ ജോലി ചെയ്യണമെങ്കില്‍ അവര്‍ക്ക് അത്രയും കഴിവുണ്ടായിരിക്കണമെന്നും ഒരു ഉപയോക്താവ് കുറിച്ചു. 


ചില ഉപയോക്താക്കള്‍ യുവതിയെ പിന്തുണച്ചും അഭിപ്രായമിട്ടു. 'അവള്‍ അവളുടെ ശമ്പളത്തിന്റെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ചെലവഴിക്കുന്നത്. അമിതമായി ചെലവഴിക്കുന്നവരെല്ലാം അവളെ കമന്റുകളില്‍ ട്രോള്‍ ചെയ്യുകയാണ്'- ഒരു ഉപയോക്താവ് എഴുതി. 'എന്തുകൊണ്ടാണ് ആളുകള്‍ നിങ്ങളുടെ ചെലവുകളെ യാഥാര്‍ത്ഥ്യബോധമില്ലാത്തതെന്ന് വിളിക്കുന്നത്. അത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ ഉത്തരവാദിത്തങ്ങളെയും ആശ്രയിച്ചിരിക്കുന്നു. എല്ലാവര്‍ക്കും അത് വ്യത്യസ്തമാണ്. എല്ലാവരുടെയും ചെലവുകള്‍ ഇങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ.'- ഒരു ഉപയോക്താവ് കുറിച്ചു. 

Content Highlights: mumbai woman earnings rs 2.67 lakh per month shares her expenses