മാസവാടക 1.11 ലക്ഷം രൂപ ! ; മുംബൈയിലെ ഉയർന്ന വാടകച്ചെലവിനേക്കുറിച്ച് യുവതി

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ മുംബൈയിലെ വീട്ടുവാടകയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററായ മുസ്കാൻ റാങ്ക എന്ന യുവതിയുടെ പുതിയ വീഡിയോ. മുംബൈയിലെ പ്രീമിയം ലൊക്കേഷനായ ബാന്ദ്രയിലെ തന്റെ 2BHK ഫ്ലാറ്റിന്റെ വിശേഷങ്ങൾ പങ്കുവെച്ച മുസ്കാൻ, മാസവാടകയ്ക്കായി രണ്ട് വൃക്കകളും നൽകേണ്ടി വരുമെന്നാണ് തമാശയായി പറയുന്നത്.
മെയിന്റനൻസ് ഉൾപ്പെടെ മാസം 1.11 ലക്ഷം രൂപയാണ് മുസ്കാൻ വാടകയായി നൽകുന്നത്. വെള്ള, ടോപ്പ് (ബ്രൌണും ഗ്രേയും ചേർന്ന നിറം), ബീജ് നിറങ്ങളിലുള്ള ഫ്ലാറ്റ് മനോഹരമായ ഇന്റീരിയർ കൊണ്ട് ശ്രദ്ധേയമാണ്. ഏകദേശം 600 സ്ക്വയർ ഫീറ്റ് മാത്രമാണ് വലിപ്പമെന്ന് മുസ്കാൻ പറയുന്നുണ്ടെങ്കിലും വീഡിയോയിൽ അതിനേക്കാൾ വലുതായി തോന്നിക്കുന്നുവെന്ന് കാഴ്ചക്കാർ അഭിപ്രായപ്പെടുന്നു.
ഫുൾ ടൈം കണ്ടന്റ് ക്രിയേറ്ററുടെ വീടാണെന്ന് തെളിയിക്കുന്നതാണ് വീടിന് ഉൾവശം. ഷൂട്ടിങ്ങിന് സഹായകമാകുന്ന രീതിയിലുള്ള ലൈറ്റിങ് ക്രമീകരണങ്ങൾ ഫ്ലാറ്റിലുണ്ട്. രണ്ട് ബെഡ്‌റൂമുകളും കിച്ചണും ചെറിയൊരു ബാൽക്കണിയും അടങ്ങുന്നതാണ് ഉൾവശം.
ബാന്ദ്ര പോലുള്ള പ്രദേശങ്ങളിൽ സമാനമായ രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റുകൾക്ക് സാധാരണയായി 85,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് വാടക ഈടാക്കുന്നത്. മുംബൈയിലെ ഉയർന്ന തൊഴിൽ സാധ്യതകളും ജനത്തിരക്കും വീടുകൾക്കായി വലിയ മത്സരമുണ്ടാക്കുന്നതാണ് ഇത്രയും ഉയർന്ന വാടകയ്ക്ക് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: Content creator Muskan Rank explains the exorbitant rent for her 2BHK flat in Mumbai`s Bandra, revealing it costs Rs 1.11 Lakh per month, including maintenance.