'ബോയ്ഫ്രണ്ട് ആകാം, കല്യാണം കഴിക്കണമെന്ന് നിർബന്ധമില്ല; മകളെ ഉപദേശിച്ച് നടി

എൺപതുകളിൽ ബോളിവുഡ് സിനിമാ ലോകത്ത് തങ്ങളുടെ തനതായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധേയയായ മുതിർന്ന നടി മൗഷുമി ചാറ്റർജിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിലും വൻ ചർച്ചയായിരിക്കുകയാണ്. പരമ്പരാഗതമായ സാമൂഹിക ചിന്താഗതികളെ കാറ്റിൽപ്പറത്തിക്കൊണ്ട്, സ്വന്തം മകൾ മേഘ മുഖർജിക്കും ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്കും അവർ നൽകിയ ജീവിത ഉപദേശമാണ് വാർത്തകളിൽ നിറയുന്നത്. വ്യക്തിബന്ധങ്ങളിലും ജീവിത തിരഞ്ഞെടുപ്പുകളിലും സ്ത്രീകൾ കുറച്ചുകൂടി സ്വയം സ്‌നേഹിക്കണമെന്നും തങ്ങളുടെ സന്തോഷങ്ങൾക്ക് മുൻഗണന നൽകണമെന്നും മൗഷുമി തുറന്നുപറയുന്നു.
മാറുന്ന കാലത്തിനൊപ്പം ചിന്തിക്കൂ
ജാഗരൺ ഫിലിം ഫെസ്റ്റിവലിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ നയൻദീപ് രക്ഷതുമായി നടത്തിയ അഭിമുഖത്തിലാണ് മൗഷുമി ചാറ്റർജി തന്റെ പുരോഗമനപരമായ ചിന്താഗതികൾ പങ്കുവെച്ചത്. ഇന്നത്തെ മാറുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾ തങ്ങളുടെ ജീവിതത്തെക്കുറിച്ചും ഭാവി തീരുമാനങ്ങളെക്കുറിച്ചും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അവർ ഓർമ്മിപ്പിച്ചു.'ഞാൻ എന്റെ മകളോട് എപ്പോഴും പറയാറുണ്ട്, 'നിനക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടാകാം, പക്ഷെ അതിനർത്ഥം ആ വ്യക്തിയെത്തന്നെ കല്യാണം കഴിക്കണം എന്ന് നിർബന്ധമില്ല' എന്ന്. ഇന്നത്തെ പെൺകുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ കുറച്ചുകൂടി ജാഗ്രതയുള്ളവരാകണം എന്നാണ്. സ്വന്തം കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധയുള്ളവരും, അല്പം 'സെൽഫിഷ്' അല്ലെങ്കിൽ സ്വയം പ്രാധാന്യം നൽകുന്നവരും ആകുക. കാരണം കാലം മാറിപ്പോയിരിക്കുന്നു. ഭഗവദ്ഗീതയിൽ പറയുന്നതുപോലെ 'പരിവർത്തനമാണ് ലോകനിയമം'. മാറ്റങ്ങളെ നമ്മൾ ഉൾക്കൊള്ളണം,' എന്ന് മൗഷുമി വ്യക്തമാക്കി.
കുട്ടികളെ വളർത്തുന്നതിലെ വേർതിരിവ്
പഴയ കാലത്തെ അപേക്ഷിച്ച് സമൂഹം ഏറെ മുന്നേറിയെങ്കിലും, കുടുംബങ്ങളിൽ ഇന്നും തുടരുന്ന ചില അസമത്വങ്ങളെക്കുറിച്ച് മൗഷുമി ആശങ്ക പ്രകടിപ്പിച്ചു. പെൺകുട്ടികളെ വളർത്തുമ്പോൾ സമൂഹം പുലർത്തുന്ന ഇരട്ടത്താപ്പിനെ അവർ ചോദ്യം ചെയ്തു.'നമ്മൾ പെൺകുട്ടികളെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കാര്യങ്ങൾ നോക്കിനടത്താൻ പഠിപ്പിക്കുന്നു, എന്നാൽ ആൺകുട്ടികൾക്ക് ഇത്തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ നമ്മൾ പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ? വീട്ടുജോലികൾ ചെയ്യേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയാണെന്നും പുരുഷന്മാർക്ക് അത് ബാധകമല്ലെന്നുമാണ് നമ്മൾ ഇന്നും കരുതുന്നത്. ഇതിന്റെ ഫലമായി ഇന്നത്തെ യുവതലമുറ വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം ജീവിതം ആസ്വദിക്കാനോ, തങ്ങൾക്കായി അല്പം സമയം മാറ്റിവെക്കാനോ അവർക്ക് സാധിക്കുന്നില്ല- മൗഷുമി ചൂണ്ടിക്കാട്ടി.
മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ജീവിക്കേണ്ടതില്ല
മറ്റുള്ളവരുടെ മുന്നിൽ നല്ലവരായി നടിക്കാനോ, ആരെയും എന്തെങ്കിലും ബോധ്യപ്പെടുത്താനോ വേണ്ടി സ്വന്തം ജീവിതം ഹോമിക്കരുതെന്നാണ് താരം പെൺകുട്ടികളെ ഉപദേശിക്കുന്നത്. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ അതിൽ നിന്ന് പഠിക്കുകയാണ് വേണ്ടതെന്നും സ്വന്തം അനുഭവം മുൻനിർത്തി അവർ വിശദീകരിച്ചു.'എനിക്ക് ഇപ്പോൾ 70 വയസ്സിലേറെയായി. നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക, എന്നാൽ അതിരുകടക്കരുത്. ജീവിതത്തിൽ ഒരിക്കൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് വീണ്ടും ആവർത്തിക്കരുത്. എന്റെ ജീവിതത്തിലും ഒട്ടേറെ തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നാൽ അത് തെറ്റാണെന്ന് മനസ്സിലായ നിമിഷം ഞാൻ അത് പിന്നീട് ആവർത്തിച്ചിട്ടില്ല. നമ്മൾ മനുഷ്യരാണ്, നമുക്ക് മനഃസാക്ഷിയുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ അത് വിശകലനം ചെയ്യാറില്ലെന്നും മൗഷുമി പറഞ്ഞു.
മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളുടെ ജീവിതത്തെക്കുറിച്ച് വലിയ ഉപദേശങ്ങൾ നൽകാൻ അനുഭവങ്ങൾ കാരണമാകാറുണ്ട്. ബാലിക വധു (1967) എന്ന ബംഗാളി ചിത്രത്തിലൂടെ കൗമാരപ്രായത്തിൽ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മൗഷുമി, വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ഹേമന്ത് കുമാറിന്റെ മകൻ ജയന്ത് മുഖർജിയെ വിവാഹം കഴിക്കുകയായിരുന്നു. രോഗബാധിതയായ വലിയമ്മയുടെ അവസാന ആഗ്രഹപ്രകാരമായിരുന്നു ആ വിവാഹം നടപ്പിലായത്.ചെറുപ്പത്തിൽത്തന്നെ വിവാഹവും മാതൃത്വവും അനുഭവിച്ചറിഞ്ഞ താരം കൂടിയാണ് മൗഷുമി. 2019-ൽ ദീർഘകാല രോഗബാധയെത്തുടർന്ന് തങ്ങളുടെ മൂത്ത മകൾ പായലിനെ നഷ്ടപ്പെട്ടതിന്റെ വലിയ ആഘാതം ഇപ്പോഴും കുടുംബത്തിന് മാറിയിട്ടില്ല. ഇത്തരത്തിലുള്ള ജീവിതത്തിലെ കടുത്ത അനുഭവങ്ങളും തിരിച്ചറിവുകളുമാണ് മകൾ മേഘയ്ക്കും ഇന്നത്തെ പെൺകുട്ടികൾക്കും കൃത്യമായ ജീവിതപാഠങ്ങൾ നൽകാൻ മൗഷുമി ചാറ്റർജിയെ പ്രാപ്തയാക്കുന്നത്.
Content Highlights: Veteran actress Moushumi Chatterjee advised her daughter Megha that having a boyfriend does not mean mandatory marriage., She emphasized that modern women should prioritize self-love, personal happiness, and boundaries., She criticized societal double standards in raising boys and girls regarding household responsibilities., Drawing from her own life experiences and tragedies, she urged women not to live just to please society.