200 കോടി വിലമതിക്കുന്ന സ്വത്തിന്റെ പകുതി ഭാഗം ആവശ്യപ്പെട്ട് ഭാര്യ; സമ്പാദ്യമൊന്നുമില്ലെന്ന് ഹക്കീമി

കഴിഞ്ഞ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനല്‍ വരെയെത്തി ചരിത്രമെഴുതിയ ടീമാണ് മൊറോക്കോ. പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു മൊറോക്കന്‍ ടീമിന്റെ ലോകകപ്പ് കുതിപ്പ്. ഇതില്‍ നിര്‍ണായകമായ താരമായിരുന്നു അഷ്‌റഫ് ഹക്കീമി. ഫ്രഞ്ച് ലീഗിലെ ടീമായ പിഎസ്ജിയുടെ പ്രതിരോധ താരമായ ഹക്കീമി ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുത്തു.
ഇതിനൊപ്പം ഹക്കീമിയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാതാവ് സയ്ദ മൗഹിനൊപ്പമുള്ള ചിത്രമായിരുന്നു അത്. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ബെല്‍ജിയത്തെ മൊറോക്കോ അട്ടിമറിച്ചതിന് പിന്നാലെ ഗാലറിയിലെത്തിയ ഹക്കീമി മാതാവിന്റെ നെറ്റിയില്‍ ചുംബിക്കുകയായിരുന്നു. പിന്നീട് തന്റെ ജഴ്‌സിയൂരി സയ്ദയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഈ വൈകാരികമായ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
എന്നാല്‍ ലോകകപ്പിന് ശേഷം ഹക്കീമിയുടെ ജീവിതത്തില്‍ അത്ര നല്ല കാര്യങ്ങളല്ല സംഭവിച്ചത്. സ്വകാര്യ ജീവിതത്തില്‍ ഒന്നിനു പിറകെ മറ്റൊന്നായി തിരിച്ചടികള്‍ നേരിട്ടു. 24-കാരിയായ യുവതി മൊറോക്കന്‍ താരത്തിനെതിരേ പീഡന ആരോപണവുമായി രംഗത്തെത്തി. കഴിഞ്ഞ ഫെബ്രുവരി 25-ന് ഫ്രാന്‍സിലെ ബുലോയ്‌നിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് താരത്തിനെതിരേ ബലാത്സംഗക്കുറ്റവും ചുമത്തി.
ഇതിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പ് ഹക്കീമിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയും രംഗത്തെത്തി. ടുണീഷ്യക്കാരിയായ ഹിബ അബൗക്കാണ് താരത്തിന്റെ ഭാര്യ. ഹക്കീമിക്കെതിരായ പീഡന ആരോപണം വന്നതോടെയാണ് ഭാര്യ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഹക്കീമിയുടെ സ്വത്തിന്റെ പകുതി ഭാഗവും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ താരത്തിന്റെ പേരില്‍ സമ്പാദ്യങ്ങള്‍ ഒന്നുമില്ല. എല്ലാം മാതാവ് സയ്ദ മൗഹിന്റെ പേരിലാണുള്ളത്. ഫ്രാന്‍സിലെ വീടും വാഹനങ്ങളും മറ്റു സ്വത്തുവകകളുടേയുമെല്ലാം ഉടമസ്ഥ സയ്ദ മൗഹാണ്. ഏറ്റവും കൂടുതല്‍ വരുമാനുള്ള ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഹക്കീമിയുടെ ഒരാഴ്‌യിലെ വരുമാനം 215000 യുഎസ് ഡോളറാണ്. അതായത് ഏകദേശം ഒരു കോടി 73 ലക്ഷം രൂപ. ഹക്കീമിയുടെ ആകെ സമ്പാദ്യം 24 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 200 കോടി രൂപ)
2020-ലാണ് ഹക്കീമിയും സ്പാനിഷ് നടിയായ ഹിബ അബൗക്കും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് ഹക്കീമിക്ക് പ്രായം 21-ഉം ഹിബയുടേത് 33-ഉം ആയിരുന്നു. ഇരുവരും തമ്മില്‍ 12 വയസ്സ് പ്രായവ്യത്യാസമുണ്ടായിരുന്നു. ഇരുവര്‍ക്കും മൂന്നും ഒന്നും വയസ്സുള്ള രണ്ട് ആണ്‍കുഞ്ഞുങ്ങളുണ്ട്. 2018-ല്‍ കണ്ടുമുട്ടിയ ഇരുവരും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.
Content Highlights: moroccan footballer achraf hakimis wife asks for half his fortune in divorce