ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരുടെ കുട്ടികളില്‍ 100%, കൂട്ടുകുടുംബത്തില്‍ 91%; കുഞ്ഞുങ്ങള്‍ മൊബൈലിന് അടിമകളെന്ന് പഠനം

കൊല്ലം: കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും മറ്റുമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ദോഷകരമാണെന്ന് മുന്നറിയിപ്പുകളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് പഠനം. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിനുവേണ്ടി കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. മനോജ് മണി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.
89.1 ശതമാനം കുട്ടികളും സ്‌ക്രീന്‍ ടൈം പരിധിയില്‍ വരുന്നുണ്ട്. വരാത്ത കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത രക്ഷിതാക്കളുടെ കുഞ്ഞുങ്ങളാണെന്നും വ്യക്തമാകുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ നിര്‍ദേശപ്രകാരം 18 മാസംവരെ കുട്ടികള്‍ സ്‌ക്രീന്‍ ടൈം പൂര്‍ണമായും ഒഴിവാക്കണമെന്നാണ്. അഞ്ചുവയസ്സുവരെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അരമണിക്കൂറില്‍ കൂടരുതെന്നുമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നരവയസ്സില്‍ പ്രതിരോധകുത്തിവെപ്പിന് എത്തുന്ന കുട്ടികളുടെ രക്ഷിതാക്കളെ, അവരുടെ സാമൂഹിക സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്താണ് പഠനം നടത്തിയത്. അമ്മയുടെ വിദ്യാഭ്യാസയോഗ്യതയും ഇതുമായുള്ള ബന്ധവും പഠനവിധേയമാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരില്‍ 100 ശതമാനവും പ്ലസ്ടു-89, ഡിപ്ലോമ-91, ഡിഗ്രി-91, പിജി-80 എന്നിങ്ങനെയുമാണ് കണ്ടത്. അണുകുടുംബത്തില്‍ 78 ശതമാനം കാണിക്കുമ്പോള്‍ കൂട്ടുകുടുംബത്തില്‍ 91 ശതമാനമാണെന്നതാണ് കണക്ക്.
ഭക്ഷണം കൊടുക്കാന്‍വേണ്ടി സ്‌ക്രീന്‍ സമയം ഉപയോഗിക്കുന്നവര്‍ 69 ശതമാനമാണ്. സഹോദരങ്ങളുടെ സ്വാധീനത്തില്‍ ഇതിന് അടിമപ്പെടുന്നവര്‍ ഏതാണ്ട് 50 ശതമാനം വരും. ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് സ്‌ക്രീന്‍ ടൈം കുറവ്. അത് മിക്കവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ടാണ്.
വിദ്യാഭ്യാസം കുറഞ്ഞ അമ്മമാരുടെ ഇടയിലും കൂട്ടുകുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, സ്‌ക്രീന്‍ സമയം നിയന്ത്രിക്കുന്നതിന് ഇടപെടലുകളുണ്ടാകണമെന്ന് പഠനം നിര്‍ദേശിക്കുന്നു. ആരോഗ്യകരമായ സ്‌ക്രീന്‍ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പാഠങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിനിലെ ഡോ. ജീനയുടെ മേല്‍നോട്ടത്തില്‍ ഡോ. രഞ്ജിതയാണ് ഡേറ്റ ക്രോഡീകരിച്ചത്. കൊല്ലം ഡിഎംഒ എം.എസ്. അനുവിന് നല്‍കി പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
Content Highlights: mobile addiction in children