വിശ്വസുന്ദരി മത്സരം: വേദിയില്‍നിന്ന് വീണ് മിസ് ജമൈക്കയ്ക്ക് പരിക്ക്; ഫൈനലില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം

#ലൈഫ്‌സ്റ്റൈല്‍ ഡെസ്‌ക്
മിസ് യൂണിവേഴ്‌സ് ജമൈക്ക 2025 ഗബ്രിയേല്‍ ഹെന്റി
മിസ് യൂണിവേഴ്‌സ് ജമൈക്ക 2025 ഗബ്രിയേല്‍ ഹെന്റി

മത്സരാര്‍ഥികളുടെ പ്രതിഷേധവും വിധികര്‍ത്താക്കളുടെ രാജിയും അടക്കമുള്ളവയെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ബാങ്കോക്കില്‍ നടക്കുന്ന വിശ്വസുന്ദരി മത്സരം. വിവാദങ്ങള്‍ക്കിടെ മത്സരാര്‍ഥിക്ക് വേദിയില്‍നിന്ന് വീണ് പരിക്കേറ്റതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മിസ് യൂണിവേഴ്‌സ് ജമൈക്ക 2025 ഗബ്രിയേല്‍ ഹെന്റിയാണ് വീണത്. തത്സമയം സംപ്രേഷണം ചെയ്ത പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കിടെ ഗബ്രിയേല്‍ വേദിയില്‍ നിന്ന് വീണ സംഭവം ആശങ്കയ്ക്ക് ഇടയാക്കി. അടിയന്തര സഹായം നല്‍കുന്നതിനായി സംഘാടകര്‍ വേദിയിലേക്ക് പാഞ്ഞെത്തുന്നത് കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു.

തായ്‌ലന്‍ഡിലെ പാക് ക്രെറ്റിലുള്ള ഇംപാക്റ്റ് അറീനയില്‍ ബുധനാഴ്ച നടന്ന ഈവനിംഗ് ഗൗണ്‍ റൗണ്ടിനിടെയാണ് അപകടമുണ്ടായത്. തിളക്കമുള്ള ഓറഞ്ച് ഗൗണ്‍ ധരിച്ച ഹെന്റി ആത്മവിശ്വാസത്തോടെ വേദിയിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.

ഇതോടെ കാണികള്‍ അമ്പരന്ന് എഴുന്നേറ്റ. മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് റൗള്‍ റോച്ചയും മിസ് യൂണിവേഴ്‌സ് തായ്‌ലന്‍ഡ് ഡയറക്ടര്‍ നവാത് ഇത്സാരഗ്രിസിലും ഉടന്‍ തന്നെ വേദിയില്‍ നിന്നിറങ്ങി സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിച്ചു.

പരിപാടിയുടെ സംഘാടകര്‍ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി അവരെ സുരക്ഷിതമായി വേദിയില്‍ നിന്ന് മാറ്റി. പരിശോധനകള്‍ക്കായി അവരെ പൗലോ റങ്‌സിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില നില തൃപ്തികരമാണെന്നും എല്ലുകള്‍ക്ക് പൊട്ടലോ ഗുരുതരമായ പരിക്കുകളോ ഇല്ലെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മത്സരത്തില്‍ തുടരാന്‍ അവര്‍ക്ക് കഴിയുമോ എന്ന് വിലയിരുത്തുന്നതിനായി മെഡിക്കല്‍ സംഘം അവരെ നിരീക്ഷിച്ച് വരികയാണ്.

ഇതോടെ നവംബര്‍ 21-ന് നടക്കാനിരിക്കുന്ന മിസ്സ് യൂണിവേഴ്‌സ് 2025 ഫൈനലില്‍ അവരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി.

ഒരു നേത്രരോഗ വിദഗ്ദ്ധയും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിലെ റെസിഡന്റുമാണ് 28-കാരിയായ ഹെന്റി. മിസ് യൂണിവേഴ്‌സ് ജമൈക്ക 2025 കിരീടം നേടിയ അവര്‍ തന്റെ 'സീ നൗ ഫൗണ്ടേഷനി'ലൂടെ കാഴ്ച വൈകല്യമുള്ളവര്‍ക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധേയയാണ്.

Content Highlights: Miss Universe Jamaica 2025, Gabrielle Henry, suffered a dramatic fall during the preliminary competition in Bangkok. Find out about her health condition and pageant status.