വിവാദം കെട്ടടങ്ങാതെ വിശ്വസുന്ദരി മത്സരം; രാജിവച്ച വിധികര്‍ത്താവ് ഫാത്തിമ ബോഷിനെതിരെ രംഗത്ത്

ബാങ്കോക്കില്‍ നടന്ന വിശ്വസുന്ദരി മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. മത്സരത്തിന്റെ പ്രാഥമിക റൗണ്ടുകള്‍ക്കിടെ സംഘാടകരില്‍നിന്ന് അധിക്ഷേപം നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് ശക്തമായി പ്രതികരിച്ച മിസ് മെക്‌സിക്കോ ഫാത്തിമ ബോഷാണ് ഫൈനല്‍ മത്സരത്തില്‍ കിരീടം ചൂടിയത്.
മോശം അനുഭവം നേരിടേണ്ടിവന്നിട്ടും മത്സരത്തിലുടനീളം ശക്തമായി നിലയുറപ്പിച്ച ഫാത്തിമ ബോഷിന്റെ കിരീടനേട്ടം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ലെബനീസ്-ഫ്രഞ്ച് സംഗീതജ്ഞനായ ഒമര്‍ ഹര്‍ഫൗച്ച് രംഗത്തെത്തി. മത്സരത്തിനിടെ വിധികര്‍ത്താക്കളുടെ പാനലില്‍നിന്ന് ഒമര്‍ ഹര്‍ഫൗച്ച് രാജിവെച്ചിരുന്നു. ബോഷ് കിരീടം ചൂടിയതിന് പിന്നാലെയാണ് ഹര്‍ഫൗച്ച് കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളും മെക്‌സിക്കന്‍ വ്യവസായിയുമായ റൗള്‍ റോച്ചയ്ക്ക് ഫാത്തിമയുടെ പിതാവുമായി ബിസിനസ് ഇടപാടുകള്‍ ഉണ്ടെന്നാണ് ഒമര്‍ ഹര്‍ഫൗച്ച് ആരോപിക്കുന്നത്. ബിസിനസ് ബന്ധം കാരണം ഫാത്തിമ ബോഷിനെ വിജയിയായി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. മിസ് മെക്‌സിക്കോ വ്യാജ വിശ്വസുന്ദരിയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് ഒമര്‍ ഹര്‍ഫൗച്ച്
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗുരുതര ആരോപണങ്ങളാണ് ഒമര്‍ ഉന്നയിച്ചിട്ടുള്ളത്. 'മിസ് മെക്‌സിക്കോ വ്യാജ വിശ്വസുന്ദരിയാണ്. മിസ് മെക്‌സിക്കോ കിരീടം ചൂടുമെന്ന് ഫൈനലിന് 24 മണിക്കൂര്‍ മുന്‍പ് ഞാന്‍ അമേരിക്കന്‍ എച്ച്ബിഒയോട് പറഞ്ഞിരുന്നു. കാരണം മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷനെ നയിക്കുന്ന റൗള്‍ റോച്ചയ്ക്ക് ഫാത്തിമ ബോഷിന്റെ പിതാവുമായി ബിസിനസ് ഇടപാടുകളുണ്ട്.' - ഒമര്‍ ഹര്‍ഫൗച്ച് ആരോപിച്ചു.
ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും 2026 മെയ് മാസത്തില്‍ എച്ച്ബിഒയിലൂടെ പുറത്തുവരുമെന്നും അദ്ദേഹം പറയുന്നു. ഒരാഴ്ച മുന്‍പ് ദുബായില്‍ വെച്ച് റൗള്‍ റോച്ചയും അദ്ദേഹത്തിന്റെ മകനും ഫാത്തിമ ബോഷിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. കാരണം അവര്‍ക്ക് ബോഷ് വിജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. ബോഷിന്റെ വിജയം ബിസിനസിന് ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞതായി അദ്ദേഹം ആരോപിക്കുന്നു.
ഒരു മത്സരാര്‍ത്ഥിയും സെലക്ഷന്‍ കമ്മിറ്റി അംഗവും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം ഒമര്‍ ഹര്‍ഫൗച്ച് നേരത്തെ ഉന്നയിച്ചിരുന്നു. മത്സരഫലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണ്. പ്രാഥമിക റൗണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഒരു 'രഹസ്യ സമിതി' ആദ്യ 30 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ ഒരു രഹസ്യ സമിതിയും രൂപവത്കരിച്ചിട്ടില്ലെന്നും സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മത്സരം നടത്തിയതെന്നും മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിരുന്നു.
74-ാമത് മിസ് യൂണിവേഴ്സ് മത്സരം 2025 നവംബര്‍ 21-ന് തായ്‌ലന്‍ഡിലെ നോന്താബുരിയിലുള്ള പാക് ക്രെറ്റില്‍ വെച്ചാണ് നടന്നത്. ഡെന്‍മാര്‍ക്കിന്റെ വിക്ടോറിയ ക്‌ജെയര്‍ തീല്‍വിഗിന്റെ പിന്‍ഗാമിയായാണ് മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് കിരീടം ചൂടിയത്. ഇതോടെ മെക്‌സിക്കോയില്‍ നിന്നുള്ള നാലാമത്തെ കിരീട ജേതാവായി ഫാത്തിമ മാറി.
Content Highlights: Controversy erupts at Miss Universe 2025 as judge Omar Harfouch resigns, alleging the pageant was rigged. Details of claims against owner Raúl Rocha and Mexico`s Fatima Bosch revealed.