സുസ്മിതാ സെന്നിനോട് 1994-ൽ ചോദിച്ച അതേ ചോദ്യം; കിടിലന്‍ മറുപടി നൽകി ഇന്ത്യയുടെ വിശ്വസുന്ദരി മത്സരാർഥി മണികാ വിശ്വകര്‍മ | വീഡിയോ

#Lifestyle Desk
മണികാ വിശ്വകർമ | Photos: instagram.com/manikavishwakarma_
മണികാ വിശ്വകർമ | Photos: instagram.com/manikavishwakarma_

ഈ വര്‍ഷത്തെ വിശ്വസുന്ദരി മത്സരം തായ്‌ലാന്‍ഡില്‍ നടക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാജസ്ഥാനി സുന്ദരിയായ 22-കാരി മണികാ വിശ്വകര്‍മയാണ്. കഴിഞ്ഞ ദിവസം മത്സരത്തിന്റെ ഭാഗമായി ഞായറാഴ്ച നടന്ന ചോദ്യോത്തര സെഷനിലെ മണികയുടെ പ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബോളിവുഡ് താരം സുസ്മിതാ സെന്‍ 1994-ല്‍ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ നേരിട്ട അതേ ചോദ്യം മണികയും നേരിട്ടു.

'1994-ലെ വിശ്വസുന്ദരി മത്സരത്തിന്റെ ഫിനാലെയില്‍ ഇന്ത്യയില്‍ നിന്നുള്ള മിസ് സുസ്മിതാ സെന്നിനോട് ചോദിച്ചത് 'നിങ്ങളെ സംബന്ധിച്ച് സ്ത്രീയായിരിക്കുക എന്നതിന്റെ സത്ത എന്താണ്' എന്നായിരുന്നു. ഇതേ ചോദ്യമാണ് എനിക്ക് നിങ്ങളോടും ചോദിക്കാനുള്ളത്.' -ഇതാണ് ചോദ്യകര്‍ത്താവ് മണികാ വിശ്വകര്‍മയോട് ചോദിച്ചത്. അന്ന് സുസ്മിതാ സെന്‍ പറഞ്ഞ അതേ മറുപടി പറഞ്ഞുകൊണ്ടാണ് മണികാ വിശ്വകര്‍മ ഇതിന് ഉത്തരം നല്‍കിയത്.

Also Read: പൊളിറ്റിക്കൽ സയൻസും നൃത്തവും പ്രിയം, അറിയാം മിസ് യൂണിവേഴ്‌സ് ഇന്ത്യ മണികാ വിശ്വകര്‍മയെ

'1994-ല്‍ ഫിലിപ്പീന്‍സില്‍ വെച്ച് ഒരു 18-കാരി 'സ്ത്രീയായിരിക്കുക എന്നതിന്റെ സത്ത എന്താണ്' എന്ന ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നു. സ്ത്രീയായിരിക്കുക എന്നത് ഒരു ജീവിതത്തെ വളര്‍ത്തിയെടുക്കാനുള്ള ശേഷിയാണ്, നിങ്ങള്‍ക്ക് ചുറ്റുമുള്ള ഓരോ കാര്യത്തേയും പരിപോഷിപ്പിക്കാനുള്ള കഴിവാണ് എന്ന് അവള്‍ വളരെ ലളിതമായി അന്ന് മറുപടി നല്‍കി.' -മണികാ വിശ്വകര്‍മ സുസ്മിതയുടെ ഉത്തരം ഓര്‍മിച്ചുകൊണ്ട് പറഞ്ഞു. ഇതിനോട് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് മണിക തന്റെ മറുപടി പറഞ്ഞത്.

'ഞാന്‍ ഇത് വിശദീകരിക്കാം. സ്ത്രീയെന്ന നിലയില്‍ സമൂഹം ഞങ്ങളെ പല ചുമതലകളുള്ളവരായി കാണുന്നു. എന്നാല്‍ സ്ത്രീകള്‍ സ്വയം തങ്ങളെ ഒരു വ്യക്തിയായി, ഒരു മനുഷ്യനായി കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതെ, ഞങ്ങള്‍ക്ക് പരിപോഷിപ്പിക്കാനുള്ള കഴിവുണ്ട്, ജീവിതം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. മാത്രമല്ല, ചുറ്റുമുള്ള ഓരോന്നിനേയും മനോഹരമാക്കാനുള്ള കഴിവുണ്ട്.' -മണികാ വിശ്വകര്‍മ തുടര്‍ന്നു.

ആരാണ് മണികാ വിശ്വകര്‍മ?

രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ സ്വദേശിനിയായ മണിക ഇപ്പോള്‍ ഡല്‍ഹി നിവാസിയാണ്. തന്റെ വിദ്യാഭ്യാസത്തിനൊപ്പം മോഡലിങ്-സൗന്ദര്യമത്സരങ്ങള്‍ എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടിയാണ് മണിക ഡല്‍ഹിയിലേക്ക് കൂടുമാറിയത്. അവസാന വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് എക്കണോമിക്സ് വിദ്യാര്‍ഥിനിയായ മണികാ വിശ്വകര്‍മ മിസ് യൂണിവേഴ്സ് രാജസ്ഥാന്‍ കിരീടം കഴിഞ്ഞവര്‍ഷം സ്വന്തമാക്കിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

സൗന്ദര്യമത്സരത്തില്‍ മാത്രമല്ല, നൃത്തത്തിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് മണിക. ക്ലാസിക്കല്‍ നൃത്തമാണ് മണിക പരിശീലിച്ചത്. ലളിതകലാ അക്കാദമിയുടേയും ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്സിന്റേയും അംഗീകാരവും മണികയെ തേടിയെത്തിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ ബിംസ്റ്റെക് സെവോകോണ്‍ എന്ന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

മാനസികാരോഗ്യത്തോടും വലിയ താത്പര്യമുള്ളയാളാണ് മണികാ വിശ്വകര്‍മ. നാഡീവൈവിധ്യം അഥവാ ന്യൂറോഡൈവേര്‍ജന്‍സിന്റെ പ്രചാരകയായ മണിക, എഡിഎച്ച്ഡി പോലുള്ളവയെ കുറിച്ച് ബോധവത്കരണം നടത്തുന്ന ന്യൂറോനോവ എന്ന പ്ലാറ്റ്ഫോമിന്റെ സ്ഥാപകയുമാണ്. എഡിഎച്ച്ഡി പോലുള്ള മാനസികാവസ്ഥകള്‍ ഒരാളുടെ പരിമിതിയല്ല, മറിച്ച് സവിശേഷമായ വൈജ്ഞാനിക ശക്തിയാണ് എന്ന സന്ദേശമാണ് ന്യൂറോനോവ പ്രചരിപ്പിക്കുന്നത്.

Content Highlights: Manika Vishwakarma faces Sushmita Sen's 1994 question at Miss Universe; Her response goes viral.