വിവാദം വിട്ടൊഴിയാതെ വിശ്വസുന്ദരി മത്സരം; രണ്ട് വിധികര്‍ത്താക്കള്‍ രാജിവെച്ചു, ഗുരുതര ആരോപണം

#ലൈഫ്‌സ്റ്റൈല്‍ ഡെസ്‌ക്
മിസ് യൂണിവേഴ്‌സ് 2025-ന്റെ ഭാഗമായ വിവിധ മത്സരങ്ങളില്‍നിന്ന്. Photo - AFP
മിസ് യൂണിവേഴ്‌സ് 2025-ന്റെ ഭാഗമായ വിവിധ മത്സരങ്ങളില്‍നിന്ന്. Photo - AFP

വിവാദം വിട്ടൊഴിയാതെ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് 2025 മത്സരം. ഫൈനല്‍ മത്സരത്തിന് മൂന്ന് ദിവസം മുന്‍പ് വിധികര്‍ത്താവും സംഗീത സംവിധായകനുമായ ഒമര്‍ ഹര്‍ഫൂച്ച് രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരു വിധികര്‍ത്താവും ഫ്രഞ്ച് ഫുട്‌ബോള്‍ മാനേജരുമായ ക്ലോഡ് മകെലെലെയും രാജി പ്രഖ്യപിച്ചു. മത്സരത്തിന്റെ നടത്തിപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് രാജിവെച്ച ഒമര്‍ ഉന്നയിച്ചിട്ടുള്ളത്. ഒരു മത്സരാര്‍ഥിയും സെലക്ഷന്‍ കമ്മിറ്റി അംഗവും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണംപോലും അദ്ദേഹം ഉന്നയിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മകെലെലെ പിന്മാറ്റം അറിയിച്ചത്. 'അപ്രതീക്ഷിതമായ ചില വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്ക് മിസ് യൂണിവേഴ്‌സ് 2025 പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. ഇതൊരു പ്രയാസമേറിയ തീരുമാനമായിരുന്നു, കാരണം ഞാന്‍ മിസ് യൂണിവേഴ്‌സിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഈ വേദി ശാക്തീകരണം, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധീകരിക്കുന്നു. എന്റെ കരിയറില്‍ ഉടനീളം കാത്തുസൂക്ഷിച്ച മൂല്യങ്ങളാണവ. സംഘാടകരോടും മത്സരാര്‍ഥികളോടും എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി.' - അദ്ദേഹം കുറിച്ചു.

മത്സരം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് വിധികര്‍ത്താവ് ഒമര്‍ ഹര്‍ഫൂച്ച് രാജിവെച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഇതോടെ മിസ് യൂണിവേഴ്‌സ് 2025 വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഒരു 'താത്കാലിക ജൂറി' ആദ്യ 30 മത്സരാര്‍ഥികളെ മുന്‍കൂട്ടി തിരഞ്ഞെടുത്തിരുന്നു എന്നും അതില്‍ ചില മത്സരാര്‍ഥികളുമായി വ്യക്തിബന്ധമുള്ളവരും ഉള്‍പ്പെട്ടിരുന്നുവെന്നും (ഒരു സെലക്ഷന്‍ കമ്മിറ്റി അംഗവും ഒരു മത്സരാര്‍ത്ഥിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നാണ് ആരോപണം) ഒമര്‍ പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇവോട്ടിങ്ങിലെ സുതാര്യത ഇല്ലായ്മയെക്കുറിച്ച് മിസ് യൂണിവേഴ്‌സ് സിഇഒ റൗള്‍ റോച്ചയുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് താന്‍ രാജിവച്ചതെന്നും ഒമര്‍ വെളിപ്പെടുത്തി.

അതിനിടെ, മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (MUO) ഒമറിന്റെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്നതുപോലെ താത്കാലിക ജൂറിയും രൂപവത്കരിച്ചിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കിയാണ് മത്സരം നടത്തുന്നതെന്നും അവര്‍ അവകാശപ്പെട്ടു.

തത്സമയ പരിപാടിക്കിടെ മിസ് മെക്‌സിക്കോ ഫാത്തിമ ബോഷിനെ 'വിഡ്ഢി' എന്ന് വിളിച്ചെന്നാരോപിച്ച് സംഘാടകനായ നവാത് ഇത്സാരഗ്രിസിലുമായി അവര്‍ ഏറ്റുമുട്ടിയ സംഭവത്തിന് പിന്നാലെയാണ് വീണ്ടും വിവാദം. അന്ന് മിസ് മെക്‌സിക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി മത്സരാര്‍ഥികള്‍ പ്രതിഷേധിച്ച് വേദിവിട്ട് ഇറങ്ങിപ്പോയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

വിവാദങ്ങള്‍ക്കിടെ 2025 നവംബര്‍ 21-ന് തായ്ലന്‍ഡില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മിസ് ഇന്ത്യ 2025 മണിക വിശ്വകര്‍മ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പരിപാടി ഔദ്യോഗിക മിസ് യൂണിവേഴ്‌സ് യൂട്യൂബ് ചാനലില്‍ ഇന്ത്യന്‍ സമയം രാവിലെ 6:30-ന് തത്സമയം സംപ്രേഷണം ചെയ്യും.

Content Highlights: French soccer manager Claude Makélélé resigns from Miss Universe 2025 just days before the final. Learn more about the unfolding controversies and who is representing India.