11 വർഷത്തിന് ശേഷം ഷൂമാക്കർ പൊതുചടങ്ങിൽ? മകളുടെ വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോര്‍ട്ട്

ജിന ഷൂമാക്കര്‍ കാമുകനൊപ്പം/  മൈക്കല്‍ ഷൂമാക്കര്‍ക്കൊപ്പം ജിന | Photo: instagram/ gina_schumacher
ജിന ഷൂമാക്കര്‍ കാമുകനൊപ്പം/ മൈക്കല്‍ ഷൂമാക്കര്‍ക്കൊപ്പം ജിന | Photo: instagram/ gina_schumacher

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ അപകടത്തിന് ശേഷം ആദ്യമായി പൊതുചടങ്ങിലെത്തിയെന്ന് റിപ്പോര്‍ട്ട്. മകളുടെ വിവാഹത്തിന് ഷൂമാക്കര്‍ പങ്കെടുത്തതായാണ് പുറത്തുവരുന്ന വിവരം. ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ക്കാകെ സന്തോഷം നല്‍കുന്നതാണ് വാര്‍ത്ത. അപകടത്തിന് ശേഷം കഴിഞ്ഞ 11 വര്‍ഷമായി ഇതിഹാസതാരത്തെക്കുറിച്ച് ലോകത്തിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

മൈക്കേല്‍ ഷൂമാക്കറുടെ മകളും കുതിരസവാരിയിലെ താരവുമായ ജിന ഷൂമാക്കറുടെ വിവാഹത്തിൽ താരം പങ്കെടുത്തതായാണ് റിപ്പോർട്ട്. ഇയാന്‍ ബെത്‌കെയാണ് വരന്‍. വര്‍ഷങ്ങളായി ജിനയും ഇയാനും പ്രണയത്തിലാണ്. 2017-ല്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍വെച്ചാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും തുറന്നുപറയുന്നത്. മൈക്കേല്‍ ഷൂമാക്കറുടെയും കോറിനയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് ജിന. മിക്ക് ആണ് രണ്ടാമത്തെ മകന്‍.

ഷൂമാക്കര്‍ കുടുംബത്തിന്റെ മജോര്‍ക്കയിലുള്ള യാസ്മിന്‍ എന്ന് പേരുള്ള ആഡംബരവില്ലയില്‍വെച്ച് ശനിയാഴ്ചയായിരുന്നു ഇരുവരും വിവാഹിതരായത്. അതിനുശേഷം വിവാഹവിരുന്നും നടന്നു. വെള്ളിയാഴ്ച പ്രീ വെഡിങ് പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. വെള്ളനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തത്. ഈ ചടങ്ങിൽ മൈക്കൽ ഷൂമാക്കറും പങ്കെടുത്തതായാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

മെട്രോ.കോ.യുകെ യുടെ റിപ്പോര്‍ട്ട് പ്രകാരം അപകടത്തിന് ശേഷം ഷൂമാക്കറെ ആദ്യമായി പൊതുസ്ഥലത്ത് പോകാന്‍ അനുവദിച്ച ചടങ്ങ് കൂടിയാണിത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ അവരുടെ ഫോണുകള്‍ മാറ്റിവെക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് വിവരം. അതിനാല്‍ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം സ്വകാര്യത മാനിച്ച് ഷൂമാക്കറിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്നാണ് കുടുംബം തീരുമാനിച്ചിരിക്കുന്നതെന്ന് ഷൂമാക്കറിന്റെ അഭിഭാഷകനായ ഫെലിക്‌സ് ദാം വ്യക്തമാക്കി. 

2013 ഡിസംബര്‍ 29-നാണ് കായികപ്രേമികളെ ഒന്നാകെ നിരാശയിലാഴ്ത്തി മൈക്കല്‍ ഷൂമാക്കറെന്ന ഇതിഹാസതാരം നിശബ്ദതയിലേക്ക് വീണത്. ആല്‍പ്‌സ് പര്‍വത നിരയിലെ മഞ്ഞുപാളികളില്‍ സ്‌കീയിങ് നടത്തുന്നതിനിടെയുണ്ടായ അപകടം ഷൂമാക്കറുടെ ജീവിതം മാറ്റിമറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ ആറു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. കുറേക്കാലം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസെയ്‌നില്‍ വിദഗ്ദ്ധ ചികിത്സ നേടി. അതിനുശേഷം അത്യാധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വീട്ടിലേക്കുമാറ്റി.

അന്നുമുതല്‍ ഷൂമാക്കറുടെ നിഴലായി ഭാര്യ കോറിനയും മക്കളായ മിക്കും ജിന മരിയയും കൂടെയുണ്ട്. ഷൂമാക്കറിന് അപകടം സംഭവിക്കുമ്പോള്‍ 14 വയസുണ്ടായിരുന്ന മിക്കിന് ഇന്ന് പ്രായം 24 ആണ്. അച്ഛനെപ്പോലെ റേസിങ് ട്രാക്കിനോടാണ് മിക്കിന്റേയും ഇഷ്ടം. എന്നാല്‍ മകള്‍ ജിന മരിയ അല്‍പം വഴിമാറിയാണ് സഞ്ചരിച്ചത്. അച്ഛന്‍ രോഗക്കിടക്കയിലേക്ക് വീഴുമ്പോള്‍ 16-കാരിയായിരുന്ന ജിന പിന്നീട് കുതിരയോട്ടത്തില്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചു. 

Content Highlights: Michael Schumacher Seen In Public firstt Time In 11 Years After Skiing Accident report