ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; 'ആ കുട്ടി റേപ് ചെയ്യപ്പെട്ടിരിക്കുകയാണ്,നിയമപരമായി നേരിടും'

കൊച്ചിയില്‍ ഇങ്ക്ഫെക്റ്റഡ് ടാറ്റൂ എന്ന ടാറ്റൂ സ്ഥാപനം നടത്തുന്ന സുജീഷില്‍നിന്നു ലൈംഗിക അതിക്രമം നേരിട്ടെന്ന പരാതിയുമായി നിരവധി പെണ്‍കുട്ടികളാണ് റെഡ്ഡിറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിലൂടെ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഒരു യുവതി തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ച് ഇട്ട പോസ്റ്റാണ് ഇന്‍സ്റ്റഗ്രാമിൽ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തനിക്കുണ്ടായ അനുഭവം മാതൃഭൂമി ഡോട്ട് കോമുമായി യുവതി പങ്കുവെച്ചു.
'കൃത്യം രണ്ട് വര്‍ഷം മുമ്പാണ് ഞാന്‍ അവിടെ ടാറ്റു ചെയ്യാനായി പോകുന്നത്. അന്നെനിക്ക് 20 വയസാണ്. ഇടുപ്പിന്റെ സൈഡിലായിട്ടാണ് ഞാന്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ഇത് എന്റെ ആദ്യത്തെ ടാറ്റുവായത് കൊണ്ടും എനിക്ക് ഇതിനെകുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു. ഇത് എങ്ങനെയാണ് ചെയ്യുന്നത്, അല്ലെങ്കില്‍ ആ ഭാഗത്ത് ചെയ്യുമ്പോള്‍ ഫുള്‍ നേക്കഡ് ആകണോ, കവര്‍ ചെയ്യാന്‍ അവര്‍ എന്തെങ്കിലും തരുമോ എങ്ങനെയാണ് എന്നൊന്നും എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ ബ്രായുടെ ഒരു ഭാഗം മാത്രം അഴിച്ചു, പക്ഷേ മുഴുവന്‍ മാറ്റിയാലേ ചെയ്യാന്‍ പറ്റൂവെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ സത്യത്തില്‍ ഇതെല്ലാം പ്രൊഫഷണലായിട്ടുള്ള ഒരു സംഗതിയായിട്ടാണ് കരുതിയിരുന്നത്. അതുകൊണ്ട് ഞാന്‍ അയാള്‍ പറഞ്ഞത് പോലെ ചെയ്തു. ഇത് സൈഡിലാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ എന്റെ മാറിടത്തിലും മറ്റും അയാള്‍ക്ക് തൊടേണ്ട ഒരു ആവശ്യവും ഇല്ല. എന്നിട്ടും അയാള്‍ എന്റെ ശരീരത്തില്‍ അനാവശ്യമായി പിടിക്കുകയും തൊടുകയുമെല്ലാം ചെയ്തു. അത്യാവശ്യം വലിയ ടാറ്റൂ ആയിരുന്നത് കൊണ്ട് തന്നെ 2-3 മണിക്കൂര്‍ എടുത്തു മുഴുവന്‍ ചെയ്യാന്‍. അപ്പോഴേക്കും ഞാന്‍ ആകെ ക്ഷീണിച്ചിരുന്നു. അപ്പോഴും എനിക്ക് തോന്നിയത് ഇത് ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ്. മുമ്പ് ചെയ്ത് അനുഭവം ഇല്ലാത്തത് കൊണ്ട് എനിക്ക് അറിയാത്തതായിരിക്കും എന്നൊക്കെയാണ് കരുതിയത്. ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആയി. പിന്നെ എന്റെ ശരീരത്തിലെ ടാറ്റുവിനെ ഒരു ലൈംഗിക അതിക്രമമായി അംഗീകരിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. കാരണം ഇത് കാലങ്ങളോളം എന്റെ ശരീരത്തില്‍ തന്നെ ഉണ്ടായിരിക്കും, അത് വളരെ ട്രോമറ്റൈസിങ് ആണ്.
അതിനുശേഷം ഞാന്‍ അവിടെനിന്ന് ഇറങ്ങി ഒരു സുഹൃത്തിനോട് ഇത് സൂചിപ്പിക്കുകയും ചെയ്തു. എനിക്ക് അത്ര കഫര്‍ട്ടബിള്‍ ആയി തോന്നുന്നില്ല, ഇത് ശരിയാണോ എന്ന് അറിയില്ല, സൈഡില്‍ ടാറ്റൂ ചെയ്യുന്നതിന് ഇങ്ങനൊക്കെ ചെയ്യേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് ഉറപ്പില്ല എന്നും പറഞ്ഞു. അവന്‍ എന്നോട് ചോദിച്ചത്, Did you feel violated എന്നാണ്. തീര്‍ച്ചയായും, I did feel violated. ഒരാള്‍ നമ്മളോട് മോശമായി പെരുമാറുമ്പോള്‍ നമ്മള്‍ക്ക് അറിയാമല്ലോ. പക്ഷേ ആ സമയത്ത് എനിക്ക് അത് അംഗീകരിക്കാന്‍ പറ്റുന്നില്ലായിരുന്നു. എന്റെ ശരീരത്തില്‍ ഇത്രയും വലിയൊരു ടാറ്റൂ ചെയ്തു. അതിനെ ലൈംഗിക അതിക്രമത്തിന്റെ ഒരു മാര്‍ക്കായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.
പക്ഷേ, കഴിഞ്ഞ ദിവസം റെഡ്ഡിറ്റില്‍ ആ കുട്ടി ഇട്ട പോസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ആ കുട്ടി റേപ് ചെയ്യപ്പെട്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ഇത് ഒരാളില്‍ നില്‍ക്കുന്നതല്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു. ആ കുട്ടിക്ക് ടാറ്റൂ ചെയ്യേണ്ടത് പുറക് വശത്തായിരുന്നു എന്നിട്ടും അയാള്‍ ആ കുട്ടിയുടെ മാറിടത്തിലും മറ്റും തൊടുകയും വേദനിപ്പിക്കുകയും ചെയ്തു.
ഞങ്ങള്‍ക്ക് ഉണ്ടായ അനുഭവം ഏറെക്കുറേ ഒരു പോലെയാണ്. ഞാനും സൈഡില്‍ ചെയ്യാന്‍ ഉദ്ദേശിച്ചല്ല പോയത്. മറ്റൊരു സ്ഥലത്താണ് എനിക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നത്. അയാളാണ് എന്നെയും മാനിപുലേറ്റ് ചെയ്ത് ഇവിടെ ആക്കിയത്. എന്നുവെച്ചാല്‍ എങ്ങനെയെങ്കിലും നമ്മളുടെ ഒരു സ്വകാര്യ സ്ഥലത്ത് ചെയ്യുക എന്നുമാത്രമാണ് അയാള്‍ ഉദ്ദേശിക്കുന്നത്. വേറെ നിരവധി പെണ്‍കുട്ടികളും ഇതേ കാര്യം പറഞ്ഞു.
ഞാന്‍ ഈ പോസ്റ്റ് ഇട്ടതിന് പിന്നാലെ എനിക്ക് ഒത്തിരി പെണ്‍കുട്ടികള്‍ മെസേജ് അയക്കുകയും അവരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. കൂടാതെ പലരും സുഹൃത്തുക്കള്‍ക്ക് ഉണ്ടായ അനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.
ഇത് ശരിക്കും ഭയങ്കര അരക്ഷിതാവസ്ഥയിലുള്ള ഒരു അന്തരീക്ഷമായി മാറുകയാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഇയാള്‍ തന്നെ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി ഇത് നടത്തുന്നു. ഒത്തിരി സെലിബ്രിറ്റികള്‍ വരുന്നു, പ്രോമോട്ട് ചെയ്യുന്നു. നമ്മള്‍ ഇതെല്ലാം കണ്ട് വിശ്വസിച്ചിട്ടല്ലേ പോകുന്നത്. എത്ര പേരോട് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടാകും. ഇത് കുറെ കാലമായിട്ട് ഇങ്ങനെ നടക്കുന്നുണ്ട്. വെറുതെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചാല്‍ ഇത് നിര്‍ത്താന്‍ പറ്റില്ല. നിയമപരമായി തന്നെ ഇയാളെ നേരിടും. ഞാന്‍ എന്റെ വക്കീലുമായി സംസാരിച്ചിട്ടുണ്ട്. അവർ പറഞ്ഞു.
Content Highlights: me too against tattoo artist sujeesh, sexual harassement survivor, me too movement