ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗിക അതിക്രമം; ടാറ്റൂ ആർട്ടിസ്റ്റിനെതിരെ മീടൂ ആരോപണവുമായി യുവതികൾ

ടാറ്റൂ ആർട്ടിസ്റ്റ് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി പെൺകുട്ടികൾ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ ഇങ്ക്ഫെക്റ്റഡ് ടാറ്റൂവിലെ (inkfected tattoo) സുജീഷ്.പി എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് മീടൂ ആരോപണം. റെഡ്ഡിറ്റിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിരവധി പേരാണ് ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും റേപ് ഉൾപ്പെടെ ചെയ്യുകയും ചെയ്തുവെന്ന് ആരോപണങ്ങളിൽ പറയുന്നു.
റെഡ്ഡിറ്റിലൂടെയാണ് ആദ്യം ആരോപണം പുറത്തുവന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് തനിക്കെതിരെ നടന്ന റേപ്പിനെക്കുറിച്ചാണ് പെൺകുട്ടി പങ്കുവെച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് പ്രസ്തുത ടാറ്റൂ സ്റ്റുഡിയോയിൽ യുവതി ഒരു ആൺസുഹൃത്തിനൊപ്പം എത്തുന്നത്. അതേ സ്ഥലത്തു നിന്ന് മുമ്പും ടാറ്റൂ ചെയ്തിരുന്നു. തുടക്കത്തിൽ സാധാരണ പോലെ ടാറ്റൂ ചെയ്തെങ്കിലും ഇടയ്ക്ക് വേദനിച്ചതിനാൽ താൻ അൽപം ബ്രേക് ചോദിച്ചിരുന്നു. ആശുപത്രികളിൽ പോലും ലഭിക്കാത്തത്ര സുരക്ഷിതത്വം ആ ടാറ്റൂ സ്റ്റുഡിയോയിൽ അനുഭവപ്പെട്ടതിനെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞിരുന്നു. വജൈനയും ചിറകുകളോടു കൂടിയതുമായ ടാറ്റൂവാണ് താൻ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അർഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്.
വൈകാതെ സംസാരം വഴിതിരിച്ചുവിട്ടുവെന്നും സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിർജിനാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ചുവെന്നും പറയുന്നു. കൈയിൽ സൂചി ഇരിക്കുന്നതിനാൽ തന്നെ ഭയത്തോടെയാാണ് കിടന്നിരുന്നതെന്നും എന്നാൽ പിന്നീട് ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാന്റുൾപ്പെടെ നീക്കി ബലാത്സംഗം ചെയ്തുവെന്നും കുറിപ്പിലുണ്ട്. പ്രതികരിക്കാൻ കഴിയാതെ കിടന്ന താൻ പിന്നീട് പരാതിപ്പെടാനുള്ള വഴികൾ അന്വേഷിച്ചെങ്കിലും തെളിവോ സാക്ഷിയോ സമാന അനുഭവമുള്ളവരോ ഇല്ലാതെ നീതി ലഭിക്കില്ലെന്നാണ് തിരിച്ചറിഞ്ഞത്. പോസ്റ്റിനു കീഴിൽ ഇതുപോലുള്ള വിവരങ്ങൾ പങ്കുവെക്കാനും പരമാവധി പോസ്റ്റ് പ്രചരിപ്പിക്കാനും പറയുന്നുണ്ട്.
പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെ നിരവധി പേർ സമാന അനുഭവങ്ങൾ ഉണ്ടായെന്ന് പങ്കുവെക്കുന്നുണ്ട്. രണ്ടു വർഷം മുമ്പ് ഇരുപതാമത്തെ വയസ്സിൽ സംഭവിച്ചത് എന്നു പറഞ്ഞാണ് ഒരു പെൺകുട്ടി പോസ്റ്റിട്ടത്. ആദ്യത്തെ ടാറ്റൂ ചെയ്യാനാണ് അവിടെ പോയത്. വാരിയെല്ലിന് സമീപത്തായിരുന്നു ടാറ്റൂ. അതുകൊണ്ടുതന്നെ അൽപം ആശങ്കയും ഉണ്ടായിരുന്നു. തുടക്കത്തിൽ ആ സ്ഥലം സുരക്ഷിതമാണ് എന്നാണ് തോന്നിയത്. എന്നാൽ ടാറ്റൂ ചെയ്ത് തുടങ്ങിയതോടെ അസുഖകരമായി അനുഭവപ്പെട്ടു തുടങ്ങി. തന്നോട് ബ്രാ ഊരാൻ ആവശ്യപ്പെടുകയും ശരീരം മറയ്ക്കാൻ ഒരു തുണി പോലും നൽകാതിരിക്കുകയും ചെയ്തു. ഇരുപതു വയസ്സുകാരി എന്ന നിലയ്ക്കും ആദ്യമായി ടാറ്റൂ ചെയ്യുന്ന ആളെന്ന നിലയ്ക്കും ഇതെല്ലാം ശരിയാണോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ വൈകാതെ അയാൾ തന്റെ മാറിടത്തിൽ സ്പർശിക്കാൻ തുടങ്ങി എന്നും കുറിപ്പിലുണ്ട്. രണ്ടു വർഷങ്ങൾക്കിപ്പുറം അതേക്കുറിച്ച് തുറന്നെഴുതുമ്പോൾ സുജീഷ് എന്ന വ്യക്തിയിൽ നിന്ന് ലൈംഗിക അതിക്രമമാണ് നേരിട്ടതെന്ന് മനസ്സിലാകുന്നു. പലരുടെയും അനുഭവങ്ങൾ വായിക്കുമ്പോൾ ഇതേ രീതി അയാൾ പല സ്ത്രീകളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും പോസ്റ്റിലുണ്ട്.
ഇതേ അനുഭവം സുജീഷിൽ നിന്നുണ്ടായെന്ന് വ്യക്തമാക്കി നിരവധി യുവതികൾ അയച്ച സന്ദേശങ്ങളും യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറികളായി ഇട്ടിട്ടുണ്ട്. ഇത്തരത്തിലൊരു അനുഭവം ഇനിയൊരു യുവതിക്കും ഉണ്ടാകാൻ ഇടവരരുത് എന്ന് പറഞ്ഞാണ് പലരും തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സുജീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.
Content Highlights: me too against tattoo artist sujeesh, sexual harassement, me too movement