പൊളിറ്റിക്കൽ സയൻസും നൃത്തവും പ്രിയം, അറിയാം മിസ് യൂണിവേഴ്‌സ് ഇന്ത്യ മണികാ വിശ്വകര്‍മയെ

മണികാ വിശ്വകർമ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടമണിഞ്ഞപ്പോൾ, മണികാ വിശ്വകർമ | Photos: instagram.com/mani_navrang
മണികാ വിശ്വകർമ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടമണിഞ്ഞപ്പോൾ, മണികാ വിശ്വകർമ | Photos: instagram.com/mani_navrang

ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ കിരീടം നേടിയ രാജസ്ഥാനി സുന്ദരിയാണ് മണികാ വിശ്വകര്‍മ. ജയ്പുരില്‍ നടന്ന മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ കിരീടജേതാവായ റിയാ സിന്‍ഹയാണ് പുതിയ വിജയിയെ കിരീടമണിയിച്ചത്. തായ്‌ലാന്‍ഡില്‍ നടക്കുന്ന 2025-ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക മിസ് യൂണിവേഴ്‌സ് ഇന്ത്യയായ മണികയാണ്. 

Also Read: എംബിബിഎസ്സിന് പ്രവേശനം കിട്ടിയില്ല; ഋതുപര്‍ണയ്ക്ക് 20-ാം വയസില്‍ ശമ്പളം 72 ലക്ഷം, ജോലി റോള്‍സ് റോയ്‌സില്‍

48 മത്സരാര്‍ഥികളാണ് ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് ഇന്ത്യയിലുണ്ടായിരുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജയ്പുരില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തന്‍യാ ശര്‍മയേയും ഹരിയാണയില്‍ നിന്നുള്ള മേഹക് ധിന്‍ഗ്രയേയും പിന്തള്ളിയാണ് മണികാ വിശ്വകര്‍മ കിരീടമണിഞ്ഞത്. ആരാണ് മണികാ വിശ്വകര്‍മയെന്ന് അടുത്തറിയാം. 

രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ സ്വദേശിനിയായ മണിക ഇപ്പോള്‍ ഡല്‍ഹി നിവാസിയാണ്. തന്റെ വിദ്യാഭ്യാസത്തിനൊപ്പം മോഡലിങ്-സൗന്ദര്യമത്സരങ്ങള്‍ എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂടിയാണ് മണിക ഡല്‍ഹിയിലേക്ക് കൂടുമാറിയത്. അവസാന വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് എക്കണോമിക്‌സ് വിദ്യാര്‍ഥിനിയായ മണികാ വിശ്വകര്‍മ മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടം കഴിഞ്ഞവര്‍ഷം സ്വന്തമാക്കിയിരുന്നു. 

Don't Miss: ക്ഷേത്രപൂജാരി ലൈം​ഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയ നടി, ആരാണ് ലിഷാല്ലിനി ?

സൗന്ദര്യമത്സരത്തില്‍ മാത്രമല്ല, നൃത്തത്തിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് മണിക. ക്ലാസിക്കല്‍ നൃത്തമാണ് മണിക പരിശീലിച്ചത്. ലളിതകലാ അക്കാദമിയുടേയും ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റേയും അംഗീകാരവും മണികയെ തേടിയെത്തിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ ബിംസ്റ്റെക് സെവോകോണ്‍ എന്ന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 

മാനസികാരോഗ്യത്തോടും വലിയ താത്പര്യമുള്ളയാളാണ് മണികാ വിശ്വകര്‍മ. നാഡീവൈവിധ്യം അഥവാ ന്യൂറോഡൈവേര്‍ജന്‍സിന്റെ പ്രചാരകയായ മണിക, എഡിഎച്ച്ഡി പോലുള്ളവയെ കുറിച്ച് ബോധവത്കരണം നടത്തുന്ന ന്യൂറോനോവ എന്ന പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകയുമാണ്. എഡിഎച്ച്ഡി പോലുള്ള മാനസികാവസ്ഥകള്‍ ഒരാളുടെ പരിമിതിയല്ല, മറിച്ച് സവിശേഷമായ വൈജ്ഞാനിക ശക്തിയാണ് എന്ന സന്ദേശമാണ് ന്യൂറോനോവ പ്രചരിപ്പിക്കുന്നത്. 

Also Read: 120 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ ഹൈദരാബാദിൽ; ലോകസുന്ദരിമത്സരം കുതിപ്പിനുള്ള അവസരമാക്കാൻ തെലങ്കാന

തായ്‌ലാന്‍ഡിലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും വിജയിക്കാന്‍ കഴിയുമെന്നുമാണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടമണിഞ്ഞശേഷം മണിക പറഞ്ഞത്. കഠിനാധ്വാനത്തിലൂടെ എന്തും സാധ്യമാണെന്ന പ്രചോദനാത്മകമായ വാക്കുകളും മണികാ വിശ്വകര്‍മ പറഞ്ഞിരുന്നു. 

Content Highlights: Who is Manika Vishwakarma? Miss Universe India winner 2025 from Rajasthan