'ഭാര്യയുടെ ആദ്യത്തെ പ്രസവമാണ്, 2 ദിവസത്തെ അവധി ചോദിച്ചപ്പോള്‍ ആശുപത്രിയിലിരുന്ന് ജോലി ചെയ്യാന്‍ പറഞ്ഞു'-ചര്‍ച്ചയായി കുറിപ്പ്

പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

തൊഴിലിടങ്ങളിലെ ചൂഷണത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആളുകള്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും തനിക്ക് മാനേജര്‍ അവധി നല്‍കിയില്ലെന്നാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. മാനേജറുമായി നടന്ന സംഭാഷണത്തിന്റെ വാട്‌സാപ്പ് സ്‌ക്രീന്‍ഷോട്ടും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മാനേജരെ അറിയിച്ച ശേഷം യുവാവ് രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, അവധി നീട്ടിവെയ്ക്കാനോ അല്ലെങ്കില്‍ ആശുപത്രിയില്‍ ഇരുന്ന് ജോലി ചെയ്യാനോ ആയിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്ന് യുവാവ് ആരോപിക്കുന്നു. 'നിങ്ങള്‍ക്ക് എന്തായാലും അവിടെയൊന്നും ചെയ്യാനുണ്ടാകില്ലല്ലോ' എന്ന് മാനേജര്‍ ചോദിച്ചുവെന്നും യുവാവ് പറയുന്നു.

'വേറെന്ത് ചെയ്യണമെന്നറിയാത്തതുകൊണ്ടാണ് റെഡ്ഡിറ്റില്‍ ഇതെഴുതുന്നത്. എന്റെ ആദ്യത്തെ കുഞ്ഞിന്റെ പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാനീ വിവരം മാനേജരെ അറിയിക്കുകയും വെറും രണ്ടു ദിവസത്തെ അവധി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സഹാനുഭൂതി കാണിക്കുന്നതിന് പകരം അവധി മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. എന്റെ മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചു. ആശുപത്രിയില്‍ ഇരുന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടു'-യുവാവ് കുറിച്ചു.

'ആ സംഭാഷണത്തിനിടയില്‍ ഞാന്‍ തികച്ചും നിസ്സഹായനായിപ്പോയി. എന്റെ ഭാര്യയ്ക്കും കുഞ്ഞിനും പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ട സമയത്ത്, എന്തുകൊണ്ടാണ് എനിക്ക് ആശുപത്രി മുറിയിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വിശദീകരിക്കേണ്ട ഗതികേടിലായി ഞാന്‍. ഇതിന്റെ ഏറ്റവും മോശം ഭാഗം എന്താണെന്നോ? എനിക്ക് ജോലി ഉപേക്ഷിക്കാനാവില്ല. എനിക്കൊരു കുട്ടിയുണ്ട്, ഉത്തരവാദിത്തങ്ങള്‍ കൂടിക്കൂടി വരികയാണ്. എന്റെ കമ്പനിയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ എന്നെ പിരിച്ചുവിടുമോ എന്ന് ഞാന്‍ ശരിക്കും ഭയപ്പെടുന്നു'-യുവാവ് കുറിച്ചു.

'പ്രസവം പോലെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ടാകുമ്പോള്‍ പോലും ജീവനക്കാര്‍ക്ക് വ്യക്തിജീവിതം ഉണ്ടാകരുതെന്ന് ഇന്ത്യന്‍ മാനേജര്‍മാര്‍ ഇപ്പോഴും എന്തിനാണ് ചിന്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും യുവാവ് പറയുന്നു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവാവിനെ പിന്തുണച്ച് രംഗത്തെത്തിയത്. 'ജോലി എപ്പോഴും അവിടെത്തന്നെയുണ്ടാകും. അവധി എടുക്കാനുണ്ടെങ്കില്‍ മാനേജര്‍ പറയുന്നത് അവഗണിച്ച് ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ നില്‍ക്കൂ' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. 'നിങ്ങള്‍ ചില അതിര്‍വരമ്പുകള്‍ വെക്കണം. നിങ്ങളുടെ വീട്ടിലെ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ അവര്‍ക്കെന്താണ് അധികാരം? നിങ്ങള്‍ അടിമപ്പണിയാണോ ചെയ്യുന്നത്?' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Content Highlights: manager asks employee to work from hospital during wife's labour