വയസ് 28 , സ്വന്തം സ്റ്റാര്‍ട്ടപ്പ് 106 കോടിക്ക് വിറ്റശേഷം ജോലിയിൽ നിന്ന് വിരമിച്ചു;വൈറലായി യുവാവ്

നഥാനയേല്‍ ഫാരെല്ലി കുടുംബത്തോടൊപ്പം | Photo: x.com/Farrellynate
നഥാനയേല്‍ ഫാരെല്ലി കുടുംബത്തോടൊപ്പം | Photo: x.com/Farrellynate

ല്ലൊരു ജോലി. കുറേക്കാലം കഴിഞ്ഞ് വിരമിക്കുക. വിരമിക്കുമ്പോള്‍ കിട്ടിയ തുകയും പെന്‍ഷനുമെല്ലാം കൊണ്ട് ശേഷം കാലം സന്തോഷകരമായ വിശ്രമജീവിതം നയിക്കുക. ഇതെല്ലാമാണ് ശരാശരി മലയാളിയുടെ ജീവിതസ്വപ്‌നം. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ ജോലി അല്ലെങ്കില്‍ പെന്‍ഷന്‍ കിട്ടുന്ന ഏതെങ്കിലും ജോലി കിട്ടുകയാണ് ആദ്യം വേണ്ടത്. പിന്നെ 55 അല്ലെങ്കില്‍ 60 വയസാകുന്നതുവരെ ജോലി ചെയ്യണം. ഇത്രയും കഴിഞ്ഞാലാണ് റിട്ടയര്‍മെന്റ് ലൈഫ് തുടങ്ങാന്‍ സാധിക്കൂ. 

എന്നാല്‍ യുവാവായിരിക്കെ തന്നെ വിരമിക്കാന്‍ കഴിഞ്ഞാലോ? അതും അക്കൗണ്ടില്‍ കണ്ണഞ്ചിപ്പിക്കുന്നത്ര വലിയ തുകയുമായി. അത്തരമൊരു വിരമിക്കലാണ് യുഎസ്സിലെ ഫ്‌ളോറിഡയില്‍ നിന്നുള്ള നഥാനിയേല്‍ ഫാരെല്ലി എന്ന യുവാവിന്റേത്. കഴിഞ്ഞവര്‍ഷം 28-ാം വയസിലായിരുന്നു നഥാനിയേല്‍ വിരമിച്ചത്. തന്റെ ഹോം ഇന്‍ഫ്യൂഷന്‍ തെറാപ്പി ബിസിനസ് വിറ്റശേഷമായിരുന്നു യുവാവിന്റെ വിരമിക്കല്‍. 

കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച 2020-ലാണ് റിവിറ്റലൈസ് എന്ന തന്റെ ഹോം ഇന്‍ഫ്യൂഷന്‍ തെറാപ്പി സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ഇന്‍ഫ്യൂഷന്‍ അഥവാ കുത്തിവെപ്പുകള്‍ വീട്ടിലെത്തി ചെയ്തുനല്‍കേണ്ട ആവശ്യകത ഉയര്‍ന്നിരിക്കുന്ന സമയമായിരുന്നു അത് എന്നതിനാല്‍ കമ്പനി വളരെ പെട്ടെന്ന് വിജയപാതയിലെത്തി. ആന്റിബയോട്ടിക്കുകളും ഐവി മരുന്നുകളും വീടുകളിലെത്തി രോഗികള്‍ക്ക് നല്‍കാന്‍ നേഴ്‌സുമാരെ നല്‍കുന്ന സേവനമാണ് കമ്പനി നല്‍കിയിരുന്നത്. 

താന്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് 1.2 കോടി യുഎസ് ഡോളറിനാണ് നഥാനിയേല്‍ വിറ്റത്. അതായത് ഏകദേശം 106 കോടി ഇന്ത്യന്‍ രൂപ. ഇപ്പോള്‍ കുടുംബവുമായി ഫ്‌ളോറിഡയിലെ പെന്‍സകോലയില്‍ ജീവിക്കുന്ന നഥാനിയേലിന്റെ ആകെ സമ്പാദ്യം 1.4 കോടി ഡോളര്‍ അഥവാ 119.5 കോടി രൂപയാണ്. ഇതിന്റെ പലിശയായി ലഭിക്കുന്ന തുക കൊണ്ട്, മൂന്നുമക്കള്‍ക്കും ഗര്‍ഭിണിയായ ഭാര്യയ്ക്കുമൊപ്പം കുടുംബസമേതം സുഖമായി ജീവിക്കുകയാണ് നഥാനിയേല്‍ ഇപ്പോള്‍. 

തന്റെ 21-ാം വയസിലാണ് നഥാനയേല്‍ രജിസ്‌ട്രേഡ് നേഴ്‌സാകുന്നത്. പിന്നീട് 24-ാം വയസില്‍ സ്വന്തമായി ഹോം ഇന്‍ഫ്യൂഷന്‍ തെറാപ്പി കമ്പനി ആരംഭിച്ചു. നാലുവര്‍ഷത്തിനുശേഷമാണ് ഇത്ര വലിയ തുകയ്ക്ക് അദ്ദേഹം തന്റെ കമ്പനി വിറ്റത്. 

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തന്റെ 'അകാല' റിട്ടയര്‍മെന്റ് ജീവിതത്തില്‍ വെറുതേയിരിക്കുകയല്ല നഥാനിയേല്‍. തന്റെ മക്കളുടെ ഫുട്‌ബോള്‍ ടീമിന് പരിശീലനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി. കൂടാതെ ചില്ലറ റിയല്‍ എസ്‌റ്റേറ്റ് പരിപാടികളും ചില എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റുകളുമുണ്ട്. 

Content Highlights: US Man Retires At 28 After Selling His Startup For Rs 106 Crore