'കുഞ്ഞ് പകുതി അകത്തും പകുതി പുറത്തുമായിരുന്നു,ദൈവം ഈ സഹോദരനെ അവിടേക്ക് അയച്ചതാണെന്ന് തോന്നിപ്പോയി'

വികാസ് ബെദ്രെ | Photo: Instagram/ Manjeet Dhillon
വികാസ് ബെദ്രെ | Photo: Instagram/ Manjeet Dhillon

പുലര്‍ച്ചെ ഒരു മണിക്ക് ട്രെയ്‌നില്‍ പ്രസവവേദനയെ തുടര്‍ന്ന് കരഞ്ഞ യുവതിയെ സഹായിച്ച് അപരിചിതനായ യുവാവ്. വികാസ് ബെദ്രെ എന്ന യുവാവിന്റെ സമയോചിതമായ ഇടപെടലും ധൈര്യവുമാണ് കുഞ്ഞിന്റേയും അമ്മയുടേയും ജീവന്‍ രക്ഷിച്ചത്. ഇതേ ട്രെയ്‌നിലുണ്ടായിരുന്ന മന്‍ജീത് ധില്ലന്‍ എന്ന യാത്രക്കാരനാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മുംബൈയിലെ രാം മന്ദിര്‍ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയ്‌നിനുള്ളില്‍വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ വികാസ് എമര്‍ജന്‍സി ചെയ്ന്‍ വലിച്ച് ട്രെയ്ന്‍ നിര്‍ത്തിപ്പിക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നും തനിക്ക് നല്ല പേടിയുണ്ടായിരുന്നെന്നും വികാസ് വീഡിയോയില്‍ പറയുന്നുണ്ട്. ഒരു ലേഡി ഡോക്ടര്‍ വീഡിയോ കോളില്‍ വന്ന് വികാസിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു.

വികാസിന്റെ ഈ ധീരതയേയും സഹായിക്കാനുള്ള മനസിനേയും കുറിച്ചാണ് മന്‍ജീത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയും കുറിപ്പും പങ്കുവെച്ചത്. 'ഈ മനുഷ്യന്‍ ശരിക്കും ധീരനാണ്. അവനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ല. പുലര്‍ച്ചെ ഒരു മണിയോടെ രാം മന്ദിര്‍ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന്റെ എമര്‍ജന്‍സി ചെയിന്‍ വലിച്ച് നിര്‍ത്തിയതോടെയാണ് എല്ലാം ആരംഭിച്ചത്. ഇത് പറയുമ്പോള്‍ ഇപ്പോഴും എനിക്ക് രോമാഞ്ചം വരുന്നു. കുഞ്ഞ് പകുതി പുറത്തും പകുതി അകത്തുമായിരുന്നു. ആ നിമിഷത്തില്‍ ദൈവം ഈ സഹോദരനെ അവിടേക്ക് അയച്ചതാണെന്ന് തോന്നിപ്പോയി.

ഞങ്ങള്‍ പരമാവധി ശ്രമിച്ചു. നിരവധി ഡോക്ടര്‍മാരെ വിളിച്ചു. പക്ഷേ ആംബുലന്‍സ് എത്താന്‍ വൈകി. ഒടുവില്‍, ഒരു വനിതാ ഡോക്ടര്‍ വീഡിയോ കോളിലൂടെ അദ്ദേഹത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അവര്‍ പറഞ്ഞതുപോലെ അദ്ദേഹം കൃത്യമായി ചെയ്തു. ആ നിമിഷത്തിലെ അദ്ദേഹത്തിന്റെ ധൈര്യം വാക്കുകള്‍ക്ക് അതീതമായിരുന്നു.

യുവതിയുടെ കുടുംബം നേരത്തെ അടുത്തുള്ള ആശുപത്രിയില്‍ അവരെ കൊണ്ടുപോയിരുന്നു. എന്നാല്‍ അവിടെ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് അവര്‍ക്ക് ട്രെയിനില്‍ മടങ്ങേണ്ടിവന്നു. ഇതിനിടയിലാണ് പ്രസവവേദനയുണ്ടായത്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരമ്മയെ സഹായിക്കാന്‍ ഒരു ആശുപത്രി വിസമ്മതിച്ചത് ശരിക്കും ലജ്ജാകരമാണ്.

അന്ന് രാത്രി രണ്ട് ജീവനുകള്‍ രക്ഷപ്പെടാന്‍ കാരണം ഈ മനുഷ്യനാണ്. അദ്ദേഹം അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു, ഞങ്ങള്‍ ഒരുമിച്ച് അവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചു. എനിക്കിപ്പോള്‍ എന്താണ് തോന്നുന്നതെന്ന് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ പോലും കഴിയില്ല.'-മന്‍ജീത് കുറിച്ചു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് വികാസിനെ അഭിനനന്ദിച്ച് കമന്റ് ചെയ്തത്. ഈ കാലത്ത് ഇത്തരം മനുഷ്യര്‍ അപൂര്‍വമാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. യൂണിഫോം ഇല്ലാത്ത യഥാര്‍ഥ ഹീറോയാണ് ഇദ്ദേഹം എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളുടെ മനുഷ്യത്വത്തെ ആദരിക്കുന്നുവെന്നും ഒരാള്‍ കുറിച്ചു.

Content Highlights: man helps deliver baby on mumbai train platform