ഇത് ഇന്ത്യയൊന്നുമല്ല,അമേരിക്കയാണ്; ഭാര്യയെ സുന്ദരിയെന്ന് വിളിച്ചു,ജീവനക്കാരനോട് ദേഷ്യപ്പെട്ട് യുവാവ്

യുഎസിലെ കാന്‍സസിലെ ഒരു റസ്റ്ററന്റില്‍ ജീവനക്കാരനും യുവാവും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവനക്കാരന്‍ യുവാവിന്റെ ഭാര്യയെ അഭിവാദ്യം ചെയ്യുകയും അവരെ സുന്ദരി എന്ന് വിശേഷിപ്പിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. @btownwire എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.
ജീവനക്കാരന്റെ അഭിനന്ദനം പെട്ടെന്ന് കടുത്ത വാക്കുതര്‍ക്കത്തിലേക്ക് വഴിമാറുകയായിരുന്നു. യുവാവ് വിശദീകരണം ആവശ്യപ്പെടുകയും ജീവനക്കാരന്‍ അനാദരവ് കാണിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. 'എന്റെ ഭാര്യയെ സുന്ദരിയെന്ന് വിളിക്കരുത്. നിങ്ങളെന്തിനാണ് അങ്ങനെ പറയുന്നത്. ഇത് ഇന്ത്യയൊന്നുമല്ല. അമേരിക്കയാണ്.'-യുവാവ് വീഡിയോയില്‍ പറയുന്നു. നിങ്ങളുടെ ഭാര്യ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് താന്‍ പറഞ്ഞതെന്നും അതിലെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും യുവാവ് പറഞ്ഞു.
'നിങ്ങള്‍ക്ക് ദേഷ്യം വന്നത് ഞാന്‍ മനസിലാക്കുന്നു' എന്നും ജീവനക്കാര്‍ രംഗം ശാന്തമാക്കാന്‍ പറയുന്നുണ്ട്. 'പരിചയമില്ലാത്ത ഒരു സ്ത്രീയോട് സംസാരിക്കുകയും അവരുടെ രൂപത്തെക്കുറിച്ച് പറയുകയും ചെയ്യുന്നത് ഒരിക്കലും ശരിയല്ല' എന്നാണ് യുവാവ് തുടര്‍ന്ന് പറയുന്നത്. ഇതിനിടയില്‍ മറ്റൊരാള്‍ ഇതില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് ജീവനക്കാരനെ പിന്തുണച്ച് കമന്റ് ചെയ്തത്. ഒരാളുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നത് ഇത്ര വലിയ തെറ്റാണോയെന്നും ഇതില്‍ എന്താണ് ഇത്ര പ്രശ്‌നമെന്നും ഒരു ഉപയോക്താവ് ചോദിക്കുന്നു. ജീവനക്കാരന്‍ താന്‍ ഇന്ത്യക്കാരനാണോ എന്ന് പറഞ്ഞോയെന്നും പിന്നെന്തിനാണ് ആ രാജ്യത്തെ കുറ്റപ്പെടുത്തുന്നതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. താന്‍ ലണ്ടനിലാണ് ജോലി ചെയ്തതെന്നും അവിടെ ആളുകള്‍ ഡാര്‍ലിങ്, ലവ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അഭിവാദ്യം ചെയ്യുന്നത് സാധാരണമാണെന്നുമായിരുന്നു ഒരു പ്രതികരണം. ഇതൊരു അഭിനന്ദനം മാത്രമാണെന്നും നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാന്യമായി പറയണമെന്നും മറ്റ് സംസ്‌കാരങ്ങളെ കുറ്റപ്പെടുത്തരുതെന്നും ഒരാള്‍ കുറിച്ചു.
Content Highlights: man confronts us restaurant employee for calling his wife beautiful