മകള്‍ ഗുല്‍സുവിന്റെ ചോറൂണിനൊപ്പം തന്റെ ബാല്യകാലചിത്രവും പങ്കുവെച്ച് മാളവിക; ഏറ്റെടുത്ത് ആരാധകര്‍

മാളവിക റീക്രിയേറ്റ് ചെയ്ത കുടുംബചിത്രം | Photo: Instagram/malavika_krishnadass
മാളവിക റീക്രിയേറ്റ് ചെയ്ത കുടുംബചിത്രം | Photo: Instagram/malavika_krishnadass

സോഷ്യല്‍മീഡിയയില്‍ സജീവമാണ് നര്‍ത്തകിയും റിയാലിറ്റി ഷോ താരവുമായ മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ തന്നെ മിനിസ്‌ക്രീനിലെത്തിയ തേജസാണ് മാളവികയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും നവംബറില്‍ കുഞ്ഞുപിറന്നിരുന്നു. ഋത്വി തേജസ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റേയും തന്റെ കുടുംബത്തിന്റേയും വിശേഷങ്ങള്‍ മാളവിക ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ ചോറൂണിന്റെ വ്‌ളോഗ് മാളവിക പങ്കുവെച്ചത്. ഇതില്‍ മകളുടെ ചോറൂണിന്‍റെ ചിത്രവും തന്‍റെ ബാല്യകാല ചിത്രവും ഒരുമിച്ച് മാളവിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

ഒറ്റപ്പാലം സ്വദേശിയായ മാളവിക തനിക്ക് വളരെ വിശ്വാസമുള്ള പാലക്കാട്ടെ മാങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ വെച്ചാണ് ഗുല്‍സു എന്ന് വിളിക്കുന്ന മകള്‍ ഋത്വി തേജസിന്റെ ചോറൂണ് നടത്തിയതെന്ന് വ്‌ളോഗില്‍ പറയുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ചടങ്ങ് നടത്തിയതിന്റെ ചിത്രങ്ങളോടൊപ്പമാണ് തന്റെ ബാല്യകാലചിത്രവും മാളവിക പങ്കുവെച്ചത്.

മാളവികയും അച്ഛനമ്മമാരുമുള്ള ചിത്രത്തിന്റെ അതേ രീതിയിലാണ് മകളുടെ ചോറൂണ് കഴിഞ്ഞതിന് ശേഷമുള്ള കുടുംബചിത്രം മാളവിക റീക്രിയേറ്റ് ചെയ്തത്. തേജസും മാളവികയും മകളുമാണ് ചിത്രത്തിലുള്ളത്. ഈ ഫോട്ടോ കാണിച്ചുകൊണ്ടാണ് വ്‌ളോഗ് അവസാനിക്കുന്നത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയിലും മാളവിക ചിത്രം ഷെയര്‍ ചെയ്തു. ഇതോടെ ചിത്രത്തിന് കമന്റുകളുമായി നിരവധിപേരെത്തി. 

മാളു കട്ട്, കോപ്പി, പേസ്റ്റ്- ഗുല്‍സു എന്ന് പറഞ്ഞുകൊണ്ട് മാളവികയും മകളും തമ്മിലുള്ള സമാനതയും ആരാധകര്‍ കമന്റുകളിലൂടെ എടുത്തുപറഞ്ഞു. പുതിയ ചിത്രങ്ങള്‍ക്കൊടുവിലായി ഷെയര്‍ചെയ്ത മാളവികയുടെ ബാല്യകാലചിത്രത്തെ ലാസ്റ്റ് ഫോട്ടോ എന്ന് പ്രത്യേകം ചൂണ്ടിക്കാണിച്ചും ആരാധകരെത്തി.

Content Highlights: Malavika`s childhood viral photo