'അഴിക്കെടാ അവന്റെ പാന്റ് എന്ന് അലറിക്കൊണ്ട് അവര്‍ നാലുപേരും എന്റെ അടുത്തേക്ക് വന്നു'; കുട്ടിക്കാലത്തെ ഭീകരമായ അനുഭവം പങ്കുവെച്ച് മഹേഷ് ഭട്ട്

#Lifestyle Desk
മഹേഷ് ഭട്ട് | Photo: AFP
മഹേഷ് ഭട്ട് | Photo: AFP

ബോളിവുഡിലെ മികച്ച സംവിധായകരില്‍ ഒരാളാണ് മഹേഷ് ഭട്ട്. പതിറ്റാണ്ടുകള്‍ നീണ്ട ചലച്ചിത്രജീവിതത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ജന്മം നല്‍കിയത്. രചയിതാവ്, നിര്‍മാതാവ് എന്നീ നിലകളിലും തിളങ്ങിയ മഹേഷ് ഭട്ടിന് ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങളും അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ചില നടുക്കുന്ന ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.

മൂത്ത മകളും നടിയുമായ പൂജ ഭട്ടിന്റെ പോഡ്കാസ്റ്റ് ഷോയിലാണ്‌ മഹേഷ് ഭട്ട് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. കുട്ടിക്കാലത്ത് തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയ ഒരു സംഭവമാണ് അദ്ദേഹം പങ്കുവെച്ചത്. തെരുവില്‍ വെച്ച് ഒരുകൂട്ടം യുവാക്കളാല്‍ ആക്രമിക്കപ്പെട്ട സംഭവമാണ് മഹേഷ് ഭട്ട് ഓര്‍ത്തെടുത്തത്.

Also Read: 'ഐശ്വര്യാ റായ്‌ക്കൊപ്പം ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ആരും വന്നില്ല, മമ്മൂട്ടി മാത്രമാണ് തയ്യാറായത്’

'അക്കാലത്ത് വൈദ്യുതവിളക്കുകള്‍ സാധാരണമായിട്ടില്ല. ഗ്യാസ് വിളക്കുകളാണ് ബോംബെയുടെ തെരുവുകള്‍ക്ക് രാത്രികളില്‍ വെളിച്ചമേകുന്നത്. ഒരുദിവസം രാത്രിയായപ്പോള്‍ ഞാന്‍ വീട്ടിലേക്ക് നടക്കുകയായിരുന്നു. നടപ്പാതയിലെ ചെറിയ വിടവുകളില്‍നിന്ന് മണ്ണിരകള്‍ പുറത്തേക്ക് വരുന്നതെല്ലാം നോക്കിയായിരുന്നു എന്റെ നടപ്പ്.' 

'പെട്ടെന്നാണ് നാലുപേര്‍ വന്ന് എന്നെ തടഞ്ഞത്. ആക്രമാസക്തരായ അവര്‍ എന്നെ പിടിച്ച് വലിക്കുകയും തള്ളിയിടുകയും ചെയ്തു. ഞാനാകെ പേടിച്ചുപോയി. 'രക്ഷിക്കണേ' എന്ന് ഉള്ളില്‍ ഞാന്‍ ദൈവത്തോട് കരഞ്ഞുപറഞ്ഞു.  ദൈവങ്ങളെല്ലാം നിസംഗരായിരുന്നു. അവര്‍ നിശബ്ദരായി തുടര്‍ന്നു. 'എന്നെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കൂ' എന്ന് ഞാനവരോട് കെഞ്ചിപ്പറഞ്ഞു.'

'വഴിപോക്കരായ ആരെങ്കിലും എന്നെ രക്ഷിക്കാന്‍ വരുമെന്ന് ഞാന്‍ പ്രത്യാശിച്ചു. എന്നാല്‍, അതൊന്നുമുണ്ടായില്ല. 'അഴിക്കെടാ അവന്റെ പാന്റ്‌സ്‌' എന്ന് അക്കൂട്ടത്തില്‍ ഒരാള്‍ അലറി. അവരെ തള്ളിമാറ്റിക്കൊണ്ട് 'എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്' എന്ന് ഞാന്‍ അവരോട് ചോദിച്ചു.'

'അതിന് മറുപടിയായി, 'നീ ഞങ്ങളെ പോലെ തന്നെ ഒരാളാണോ എന്ന് ഞങ്ങള്‍ക്കറിയണം. നിന്റെ അമ്മ മുസ്‌ലിം ***** ആണ്. മൂന്നാംകിട സിനിമകളില്‍ നൃത്തം ചെയ്യുന്നവള്‍. പിന്നെ എന്തുകൊണ്ടാണ് നിന്റെ പേര് മഹേഷ് എന്നായത്?' എന്നെല്ലാമാണ് അവര്‍ പറഞ്ഞത്. എനിക്ക് വലിയ സങ്കടം വന്നു. ഞാന്‍ പൊട്ടിക്കരഞ്ഞു.' -വികാരാധീനനായി 77-കാരന്‍ മഹേഷ് ഭട്ട് പറഞ്ഞു.

Don’t Miss: 'സല്‍മാന്‍ ഖാന്‍ ഞങ്ങളുടെ ചെരിപ്പ് നക്കും, അതാണ് അയാളുടെ തലയിലെഴുത്ത്, കാത്തിരുന്ന് കാണൂ'; ആഞ്ഞടിച്ച് ദബാങ് സംവിധായകന്‍

'ഞാന്‍ അച്ഛനോട് പറയുമെന്ന് പറഞ്ഞപ്പോള്‍ നിന്റെ അച്ഛന്‍ ഇപ്പോള്‍ എവിടെയാണ് എന്നവര്‍ ചോദിച്ചു. അച്ഛന്‍ വീട്ടിലുണ്ടോ, അച്ഛന്‍ എവിടെയാണെന്ന് പറഞ്ഞാല്‍ എന്നെ വെറുതേവിടാം എന്നും അവര്‍ പറഞ്ഞു. അച്ഛന്‍ ഞങ്ങള്‍ക്കൊപ്പമാണ് താമസമെന്നും ഇപ്പോള്‍ ഷൂട്ടിങ്ങിനായി പുറത്ത് പോയതാണെന്നും ഞാന്‍ പറഞ്ഞെങ്കിലും എന്റെ വാക്കുകളില്‍ അവർക്കു വിശ്വാസമില്ലായിരുന്നു.'

'പെട്ടെന്ന് എന്റെയുള്ളില്‍ എന്തോ പ്രകാശിച്ചു. ഞാന്‍ അവരുടെ കണ്ണുകളില്‍ നോക്കിക്കൊണ്ട് ധൈര്യപൂര്‍വം പറഞ്ഞു, അച്ഛന്‍ ഞങ്ങള്‍ക്കൊപ്പമല്ല താമസിക്കുന്നത്, മറ്റൊരു ഭാര്യയുടെ, എന്റെ മറ്റൊരു അമ്മയുടെ കൂടെ അന്ധേരിയില്‍.  രംഗം പൊടുന്നനെ ശാന്തമായി. കൂട്ടത്തില്‍ താടിയുണ്ടായിരുന്നയാള്‍ എന്റെമേലുള്ള പിടിവിടുകയും പൊയ്‌ക്കോളാന്‍ പറയുകയും ചെയ്തു.' -മഹേഷ് ഭട്ട് പറഞ്ഞു.

1998-ല്‍ പുറത്തിറങ്ങിയ സഖം എന്ന ചിത്രം മാതാവായ ഷിറിന്‍ മുഹമ്മദ് അലിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് മഹേഷ് ഭട്ട് ഒരുക്കിയത്. പൂജാ ഭട്ടായിരുന്നു ഷിറിന്‍ മുഹമ്മദ് അലിയുടെ വേഷത്തിൽ. അജയ് ദേവഗണായിരുന്നു നായകന്‍. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.