'ഇവർക്ക് എന്തെങ്കിലും കഴിക്കാൻ നൽകൂ, അന്നവർ പറഞ്ഞു'; ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് മാധുരി ദീക്ഷിത്

#Lifestyle desk
മാധുരി ദിക്ഷിത്| ഫോട്ടോ: mathrubhumi, Instagram/@Madhuri Dixit
മാധുരി ദിക്ഷിത്| ഫോട്ടോ: mathrubhumi, Instagram/@Madhuri Dixit

തന്റെ പുതിയ ചിത്രമായ മാ ബഹൻ എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. ചിത്രത്തിൽ സ്ലീവ്‌ലെസ് ബ്ലൗസ് ധരിക്കുന്നതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് നിരന്തരം കടുത്ത വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിടുന്ന ഒരു കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചിരിക്കുന്നത്. സമൂഹത്തിന്റെ ഇത്തരം മുൻവിധികളെയും കാഴ്ചപ്പാടുകളെയും കുറിച്ച് സംസാരിക്കവെ, തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

തുടക്കകാലത്ത് വളരെ മെലിഞ്ഞവൾ ആണെന്ന് പറഞ്ഞ് ആളുകൾ പരിഹസിച്ചിരുന്നുവെന്ന് ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ മാധുരി പറയുന്നുണ്ട്. 

"നിങ്ങൾ ഒരു പബ്ലിക് ഫിഗറാകുമ്പോൾ സ്വാഭാവികമായും പലതരത്തിലുള്ള കമന്റുകളും നിങ്ങളെ തേടിയെത്തും. അവൾ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ ആളുകൾ പറയും. ഞാൻ കരിയർ തുടങ്ങിയ സമയത്ത് വളരെ മെലിഞ്ഞിട്ടാണെന്നാണ് അവർ പറഞ്ഞിരുന്നത്. 'ഇവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കൂ' (ഇസ്‌കോ കുച്ച് ഖിലാവോ) എന്ന് അവർ പറയുമായിരുന്നു. ആളുകൾക്ക് മറ്റുള്ളവരെ വിലയിരുത്താൻ വലിയ എളുപ്പമാണ്. നിങ്ങൾ തടി വെച്ചാലും അവർ കുറ്റം പറയും, തടി കുറഞ്ഞാലും അവർ കുറ്റം പറയും’- മാധുരി പറഞ്ഞു.

അക്കാലത്ത് ഇന്റർനെറ്റ് ഇല്ലാതിരുന്നതിനാൽ ഇത്തരം പ്രതികരണങ്ങളെ നേരിടുക എന്നത് താരതമ്യേന എളുപ്പമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

‘എന്നാൽ ഇത്തരം കാര്യങ്ങളെ നമ്മൾ വലിയ ഗൗരവത്തിലെടുക്കാതെ മുന്നോട്ട് പോകണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ന് സോഷ്യൽ മീഡിയയുടെയും ആരാണ് പറഞ്ഞതെന്ന് ആളുകൾ കാണില്ലെന്നുമുള്ള ഉറപ്പിൽ ആളുകൾക്ക് എന്തും പറയാം. പക്ഷേ, നമ്മൾ നമ്മുടെ ജോലിയിലും ഇഷ്ടങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. നമ്മൾ ചെയ്യുന്ന കാര്യങ്ങളെ സ്നേഹിക്കുക. എല്ലാറ്റിനുമുപരിയായി നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കുക എന്നതാണ് പ്രധാനം’- താരം വ്യക്തമാക്കി.

1980-കളുടെ തുടക്കത്തിൽ അബോധ് എന്ന ചിത്രത്തിലൂടെയാണ് മാധുരി സിനിമാരംഗത്തേക്ക് എത്തുന്നത്. എന്നാൽ തുടക്കത്തിൽ അഭിനയിച്ച പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിനാൽ പെട്ടെന്നൊരു വിജയം താരത്തിന് ലഭിച്ചില്ല. കൂടാതെ, അന്നത്തെ കാലത്തെ പരമ്പരാഗത നായിക സങ്കൽപ്പങ്ങൾക്ക് ചേർന്നതല്ല മാധുരിയുടെ ശരീരപ്രകൃതിയെന്ന രീതിയിലും വിമർശനങ്ങളുണ്ടായിരുന്നു.

പിന്നീട് 1988-ൽ അനിൽ കപൂറിനൊപ്പം അഭിനയിച്ച തേസാബ് എന്ന ചിത്രമാണ് മാധുരിയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ ഏക് ദോ തീൻ എന്ന ഗാനം മാധുരിയെ ഇന്ത്യയൊട്ടാകെ പ്രശസ്തയാക്കി. തുടർന്ന് റാം ലഖൻ, ദിൽ, സാജൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാധുരി മാറി.

സുരേഷ് ത്രിവേണി സംവിധാനം ചെയ്ത മാ ബഹൻ എന്ന ചിത്രത്തിൽ മാധുരി ദീക്ഷിതിനൊപ്പം തൃപ്തി ഡിമ്രി, ധർണ്ണ ദുർഗ, രവി കിഷൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Content Highlights: Bollywood superstar Madhuri Dixit opened up about facing severe body shaming for being "too thin" during her early career, contrasting the offline criticism of the 1980s with today's unchecked social media trolling while promoting her acclaimed performance in the new film Maa Bahen.