സാരിയും പുതപ്പും കൊണ്ട് സൂപ്പർ മാർക്കറ്റ്, ഉദ്ഘാടനം MLA; വൈറലായി കല്ലുരുട്ടിയിലെ കുട്ടിക്കട | വീഡിയോ

'കുട്ടികളെന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ അതങ്ങ് സാധിച്ചുകൊടുക്കണം'. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഇത്. അങ്ങനെ കുട്ടികള്‍ പറഞ്ഞ ഒരു ആഗ്രഹം സാധിച്ചുകൊടുത്തതിന്റെ ത്രില്ലിലാണ് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്. വേനലവധിക്ക് കുരുന്നുകള്‍ ചേര്‍ന്നൊരുക്കിയ 'സൂപ്പര്‍ മാര്‍ക്കറ്റ്' ഉദ്ഘാടനം ചെയ്താണ് എംഎല്‍എ കുട്ടികളുടെ ആഗ്രഹം സാധിച്ചുകൊടുത്തത്.
തിരുവമ്പാടിയിലെ കല്ലുരുട്ടിയിലാണ് കുട്ടികള്‍ മിഠായിക്കട തുടങ്ങിയത്. സാരിയും പുതപ്പുമെല്ലാം ഉപയോഗിച്ചാണ് കട നിര്‍മ്മിച്ചത്. മിഠായികളും പലഹാരങ്ങളുമെല്ലാം സെറ്റാക്കിവെച്ചശേഷമാണ് ഒരു സെലിബ്രിറ്റിയെ കൊണ്ട് തന്നെ ഉദ്ഘാടനം നടത്താന്‍ അവര്‍ തീരുമാനിച്ചത്.
എംഎല്‍എയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്താണെന്നും മറ്റന്നാള്‍ നാട്ടിലെത്തുമെന്നുമാണ് പറഞ്ഞത്. അന്ന് രാവിലെ തന്നെ ഉദ്ഘാടനം നടത്താമെന്നും ലിന്റോ വാക്കുനല്‍കി. ഉദ്ഘാടനത്തിനൊപ്പം ആദ്യവില്‍പ്പന കൂടി നടത്തിയാണ് എംഎല്‍എ മടങ്ങിയത്.
'മൈ കല്ലുരുട്ടി' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം എംഎല്‍എ എത്തി കുട്ടിക്കട ഉദ്ഘാടനം ചെയ്യുന്ന വീഡിയോയും ഉണ്ടായിരുന്നു. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
പോസ്റ്റ് പൂര്‍ണരൂപത്തില്‍:
കുട്ടികള്‍ വിളിച്ചു, അവരുടെ MLA വന്നു.
വേനലവധിക്ക് കല്ലുരുട്ടിയിലെ കുട്ടികള്‍ ചേര്‍ന്നൊരു ''സൂപ്പര്‍ മാര്‍ക്കറ്റ്'' തുടങ്ങാന്‍ പ്ലാനിട്ടു. പട്ടികയും, സാരിയും, പുതപ്പും ഒക്കെ ഉപയോഗിച്ച് പണിയൊക്കെ തീര്‍ത്തു. മിഠായികളും, പലഹാരങ്ങളും ഒക്കെ വാങ്ങി.
ഉദ്ഘാടനം അത്യാവശ്യം അടിപൊളിയായി നടത്തിയാല്‍ മാത്രമല്ലെ നാലാള് അറിയൂ.കച്ചവടം കിട്ടൂ.
ആര് ഉദ്ഘാടനം ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ്,
''ഏറ്റവും എളുപ്പത്തില്‍'' കിട്ടാവുന്ന ഒരു സെലിബ്രിറ്റി ഉണ്ടല്ലോ നമുക്ക് എന്ന് ഓര്‍മ്മ വന്നത്.
പിന്നെ ഒന്നും നോക്കിയില്ല. വായനശാലക്കാരും മക്കളും ഇരുന്ന് MLA യെ ഒരു വിളി.
''ലിന്റോ ചേട്ടായിയെ ഞങ്ങള്‍ ഒരു പുതിയ കട തുടങ്ങീണ്ട്, ഉദ്ഘാടനം ചെയ്യാന്‍ ങ്ങള്‍ വരോ?''
''ഇപ്പൊ ഞാന്‍ തിരുവനന്തപുരത്താണ്.
മറ്റന്നാള്‍ ഞാന്‍ എത്തും രാവിലെ തന്നെ ഉദ്ഘാടനവും ചെയ്ത് തരും. പോരെ?''
അത് പോരേ മോനേ ??
കുട്ടികള്‍ അവരുടെ സംരംഭം ഡെക്കറേറ്റ് ചെയ്തു. രാവിലെ ചുറ്റുവട്ടത്തുള്ള വീടൊക്കെ കയറി ഉദ്ഘാടനത്തിനു ക്ഷണിച്ചു.
''ലിന്റോ ചേട്ടായി വരും'' ക്ഷണിക്കുന്നരോടുള്ള ഡയലോഗില്‍ അതാണ് മെയിന്‍ പോയിന്റ്.
രാവിലെ MLA വന്നു.
എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചു. ഉദ്ഘാടനം ചെയ്തു. എക്കാലത്തേക്കും ഓര്‍ത്തിരിക്കാണും, അവധിയൊക്കെ കഴിഞ്ഞു സ്‌കൂളില്‍ പോവുമ്പോ ഗമയോടെ പറയാനും, നാട്ടില്‍ MLA യുടെ സ്വന്തം ആളുകളാവാനും അവര്‍ക്കൊരു മുഹൂര്‍ത്തം സമ്മാനിച്ച്, ആദ്യ വില്‍പ്പനയും നടത്തി MLA മടങ്ങി.
ഫോണിലേക്കും, ഗെയിമുകളിലേക്കും, സോഷ്യല്‍ മീഡിയയിലേക്കും ചുരുങ്ങി ചുരുങ്ങി ചെറുതാവുമായിരുന്ന മക്കള്‍സ്, ആരുടേയും നിദ്ദേശമില്ലാതെ, ഉപദേശങ്ങള്‍ ഇല്ലാതെ മനുഷ്യരുടെ ഇടയില്‍ നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍, വേനല്‍അവധിയിലെ പുതിയ സന്തോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍, കൂടെ നിന്നു കൊടുത്ത MLA ക്ക് നന്ദി.