'ഇമ്രാൻ ഖാനുമായുള്ള ബന്ധം ലൗ ജിഹാദ്'- അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി ലേഖാ വാഷിങ്ടൺ

ലേഖ വാഷിങ്ടണും ഇമ്രാന്‍ ഖാനും | Photo: x
ലേഖ വാഷിങ്ടണും ഇമ്രാന്‍ ഖാനും | Photo: x

നടൻ ഇമ്രാൻ ഖാനും നടി ലേഖാ വാഷിങ്ടണും ആറ് വർഷത്തോളമായി പ്രണയത്തിലാണ്. 2019-ൽ ഭാര്യ അവന്തിക മാലിക്കുമായി വേർപിരിഞ്ഞ ശേഷമാണ് ഇമ്രാൻ ലേഖയുമായി പ്രണത്തിലാകുന്നത്. ഏറെക്കാലമായി ബോളിവുഡിൽ നിന്ന് വിട്ടുനിൽക്കുന്ന ഇമ്രാന്റെ തിരിച്ചുവരവ് ചിത്രമായ 'ഹാപ്പി പട്ടേൽ; ഖത്തർനാക് ജാസൂസി'ന്റെ പ്രീമിയറിന് ലേഖയും ഇമ്രാനും ഒരുമിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നേരിട്ടത്.

ഇത് പ്രണയമല്ലെന്നും 'ലൗ ജിഹാദ്' ആണെന്നും ചിലർ സോഷ്യൽ മീഡിയിയൽ പോസ്റ്റുകൾ പങ്കുവെച്ചു. ഇപ്പോഴിതാ ഈ അധിക്ഷേപങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് ലേഖ. ഇൻസ്റ്റഗ്രാം റീലിലൂടെയാണ് ലേഖ ഇതിന് രസകരമായ മറുപടി നൽകിയത്. വെറുപ്പും വിഭജനവും പ്രചരിപ്പിക്കാൻ തന്റെ വീഡിയോകൾ ഉപയോഗിക്കുന്നത് തന്റെ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ഇത്തരം പരിഹാസ്യമായ കാര്യങ്ങളെ തമാശരൂപേണ നേരിടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

'ലൗ ജിഹാദ് എനിക്കെതിരെയാണ് നടക്കുന്നതെന്ന് തോന്നുന്നു. ഞാൻ ഭാഗിമായി ഇറ്റാലിയൻ, ബർമീസ്, പഞ്ചാബി പശ്ചാത്തലമുള്ള വ്യക്തിയാണ്. വളർന്നത് ദക്ഷിണേന്ത്യയിലാണ്. പിന്നീട് ഉത്തരേന്ത്യയിലേക്ക് മാറുകയായിരുന്നു. എന്റെ അച്ഛൻ റോമൻ കത്തോലിക്ക ആണെങ്കിലും അദ്ദേഹം ദെവവിശ്വാസിയല്ല. എന്നെ ലൗ ജിഹാദ് ചെയ്യുന്നുവെന്ന് നിങ്ങൾ ആരോപിക്കുന്ന വ്യക്തിയുടെ കുടുംബ പശ്ചാത്തലം അറിയുമോ. അവന്റെ അച്ഛൻ പകുതി ഹിന്ദുവും പകുതി സ്‌കോട്ടിഷുമാണ്. അമ്മ മുസ്ലിമും. ഇതിലെ വൈരുദ്ധ്യം കാണുമ്പോൾ 'ശരി, ലൗ ജിഹാദ് ആണെന്ന് പറഞ്ഞോളൂ' എന്ന് പറയാനേ എനിക്ക് തോന്നാറുള്ളു.

ഒരു പ്രശസ്ത നടന്റെ പങ്കാളി എന്ന നിലയിൽ മാത്രം കാണുന്നത് വിചിത്രമായി തോന്നുന്നു. ലോകം സ്ത്രീകളെ ആദ്യം വിലയിരുത്തുന്നത് അവരുടെ രൂപം നോക്കിയാണ്. ഞാൻ എപ്പോഴും എന്റെ മികച്ചതിനായി പരിശ്രമിക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർ അത് തുടരട്ടെ, സ്‌നേഹിക്കുന്നവർക്ക് സ്‌നേഹിക്കാം'-ലേഖ വ്യക്തമാക്കുന്നു.

ലേഖയുമായുള്ള ബന്ധം തനിക്ക് വലിയ സമാധാനവും കരുത്തുമാണ് നൽകുന്നതെന്ന് നേരത്തെ അഭിമുഖങ്ങളിൽ ഇമ്രാൻ പറഞ്ഞിട്ടുണ്ട്. നടൻ ആമിർ ഖാന്റെ ബന്ധു കൂടിയായ ഇമ്രാൻ ലേഖയ്‌ക്കൊപ്പം ആമിറിന്റെ മകൾ ഇറയുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു. ഇമ്രാന്റെ അമ്മ നുസ്‌റത് മൻസൂറാണ് ആമിറിന്റെ ബന്ധു. അവർ സംവിധായകൻ മൻസൂർ ഖാന്റെ സഹോദരി കൂടിയാണ്. ഇമ്രാന്റെ പിതാവ് അനിൽ പാൽ പകുതി ഹിന്ദുവും പകുതി സ്‌കോട്ടിഷുമാണ്.

Content Highlights: lekha washington breaks silence on internet calling her relationship with imran khan love jihad