63-കാരിയുടെ ഡാൻസ് കണ്ട് ഞെട്ടി ഹരിശങ്കർ, പിന്നെ സ്വന്തം കൂളിങ് ഗ്ലാസ് നൽകി വേദിയിലേക്കാനയിച്ചു, പിന്നെ നടന്നത് പൂരം; റോക്ക്സ്റ്റാർ ലീലാമ്മ

തിരുവനന്തപുരം: ഫാസ്റ്റ് നമ്പറുമായി വേദിയിൽ ഹരിശങ്കർ തകർത്തുപാടുന്നു. ഡാൻസ് നമ്പറുമായി ലീലാമ്മ അടിച്ചുപൊളിക്കുന്നു. അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിലാണ് ഹരിതകർമസേനാംഗം ലീലാമ്മ വേദിയിൽ 'റോക്ക്‌സ്റ്റാർ' ആയത്. കൂളിങ് ഗ്ലാസ് ധരിച്ച് സ്റ്റൈലൻ ഡാൻസുമായി പ്രായംവിട്ടൊരു കളി. പാട്ടുകേട്ടാൽ ലീലാമ്മയുടെ മനസ്സ് തുള്ളും, പിന്നെ അറിയാവുന്ന ഡാൻസ് സ്റ്റെപ്പുകളൊന്നൊന്നായി കാഴ്ചക്കാരിലേക്ക്.
തമ്പാനൂർ പരിധിയിലുള്ള ഹരിതകർമസേനയിലെ അംഗമാണ് 63-കാരി ലീലാമ്മ. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തോടനുബന്ധിച്ചാണ് കഴിഞ്ഞ ശനിയാഴ്ച ഗായകൻ ഹരിശങ്കറിന്റെ സംഗീതപരിപാടി സംഘടിപ്പിച്ചത്. ജോലിക്കിടെ ഇത്തിരിനേരം പാട്ടുകേൾക്കാനായി ലീലാമ്മയും സുഹൃത്തുക്കളും വേദിക്കു സമീപത്തായി നിന്നു.
പാട്ടു തുടങ്ങിയതോടെ ലീലാമ്മ ഡാൻസ് തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഹരിശങ്കർ കൈപിടിച്ച് ലീലാമ്മയെയും സുഹൃത്തുക്കളെയും വേദിയിലേക്കു സ്വീകരിച്ചു. സ്വന്തം കൂളിങ്ഗ്ലാസും ലീലാമ്മയ്ക്കു നൽകി. തുടർന്ന് വേദിയിൽ ലീലാമ്മയും സംഘവും പാട്ടും ഡാൻസുമായി തകർത്തു.
സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ ഈ വീഡിയോ വൈറലായി. കുട്ടിക്കാലംമുതൽ പാട്ടുകേട്ടാൽ ലീലാമ്മ പരിസരം മറക്കും. പിന്നെ ആവേശത്തിൽ നൃത്തച്ചുവടുകളൊന്നൊന്നായി. ഡാൻസ് പഠിച്ചിട്ടില്ലെങ്കിലും പാട്ടുകേട്ടാൽ താനറിയാതെ കളിച്ചുപോകുമെന്ന് ലീലാമ്മ പറയുന്നു. ആ സമയത്ത് ചുറ്റുമുള്ളതൊന്നും താൻ കാണില്ല, ഡാൻസിൽ മുഴുകും.
സെക്രട്ടേറിയറ്റിനു പിന്നിലുള്ള രാജാജിനഗർ സ്വദേശിയാണ് ലീലാമ്മ. ഭർത്താവ് ജോൺ മൂന്നുവർഷം മുൻപ് അസുഖബാധിതനായി മരിച്ചു. മൂന്ന് ആൺമക്കളിൽ മൂത്തയാളായ ഫ്രാൻസിസ് കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ചു. സങ്കടങ്ങൾക്കു നേരേ പുഞ്ചിരിക്കാനും നൃത്തച്ചുവടുകളാൽ അതിജീവിക്കാനും ലീലാമ്മ പഠിച്ചുകഴിഞ്ഞു.
‘നടക്കാൻ പോണതൊന്നും തടയാൻ നമ്മളെക്കൊണ്ട് കഴിയൂലാ, നേരിട്ടേ പറ്റൂ. സന്തോഷായിട്ടിരിക്കാൻ നോക്കും. ജോലിചെയ്യുമ്പോൾ കിട്ടണ സുഖോണ്ട്. അങ്ങനെ ജീവിക്കുന്നു'.
ഏതുനിമിഷവും നിലംപതിക്കാവുന്ന കോൺക്രീറ്റ് പാളികൾക്കും ദ്രവിച്ചുതുടങ്ങിയ കമ്പികൾക്കും താഴെ ഒന്നും കൂസാതെയാണ് ലീലാമ്മയുടെ ജീവിതം. ആരോടും പരാതികളില്ല. ജോലിക്കിടെയുള്ള ഇത്തരം രസകരമായ നിമിഷങ്ങളെ ആഘോഷമാക്കാനാണ് ലീലാമ്മയ്ക്കിഷ്ടം. കൂടെയുള്ള ഹരിതകർമസേനയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാവിധ പ്രോത്സാഹനവുമായി ലീലാമ്മയ്‌ക്കൊപ്പമുണ്ട്.
Content Highlights: 63-year-old Haritha Karma Sena member Leelamma rocks the stage with an energetic dance performance, captivating everyone. Her joyous spirit is going viral!