'അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്, സ്വയം നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം' - നടി കൃതി സനോൺ

അണ്ഡം ശീതികരിച്ച് സൂക്ഷിക്കുക എന്നത് ഇപ്പോൾ സാധാരണമായ കാര്യമാണ്. ഭാവിയിൽ കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ മാർഗം പലപ്പോഴും സ്വീകരിക്കാറുള്ളത്. നടി കൃതി സനണും ഇത്തരത്തിൽ അണ്ഡം ശീതികരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ദേശീയ അവാർഡ് നേടിയ മിമി എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് താൻ ഈ തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കുന്നു. ആ ചിത്രത്തിനായി ശരീരഭാരം കൂട്ടേണ്ടിയിരുന്നുവെന്നും അതുകൊണ്ട് അണ്ഡം ശീതീകരിക്കുന്നതുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങളെ നേരിടാൻ എളുപ്പത്തിൽ കഴിഞ്ഞുവെന്നും കൃതി പറയുന്നു. ഹ്യൂമൺസ് ഓഫ് ബോംബെയുടെ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
'അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത് തുറന്നുപറയുന്നത്. മിമിക്ക് വേണ്ടി ശരീരഭാരം കൂട്ടേണ്ടിയിരുന്നു. ആ സമയത്താണ് ഇതും ചെയ്തത്. അണ്ഡം ശീതീകരിക്കുമ്പോൾ ശരീരം വീക്കമുണ്ടാകും. ശരീരഭാരം കൂട്ടുന്ന സമയമായതിനാൽ അത് പുറത്ത് പ്രകടമാകില്ല. അതിന് മുമ്പേ ഒരാൾ ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. നിങ്ങൾക്കായി ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല കാര്യമാണ് അണ്ഡം ശീതികരിക്കുന്നത് എന്നായിരുന്നു അവർ പറഞ്ഞത്. ഓരോരുത്തർക്കും സ്വയം നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്നും അവർ പറഞ്ഞിരുന്നു. അത് എന്റെ മനസിലുണ്ടായിരുന്നു. മിമിക്ക് വേണ്ടി ശരീരഭാരം കൂട്ടാൻ പറഞ്ഞപ്പോൾ ഇത് പറ്റിയ സമയമാണെന്ന് എനിക്ക് തോന്നി'-കൃതി പറയുന്നു.
ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ സിനിമയാണ് മിമി. അമേരിക്കൻ ദമ്പതിമാർക്കായി വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന യുവതിയായാണ് ചിത്രത്തിൽ കൃതി അഭിനയിച്ചിരിക്കുന്നത്. പങ്കജ് ത്രിപാഠിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlights: Kriti Sanon underwent egg freezing while preparing for her role in Mimi., The actor utilized the weight-gain phase of the film to manage hormonal bloating., She emphasizes that egg freezing is a beneficial choice for women to preserve fertility., Kriti Sanon's performance in Mimi won her a National Film Award., Rumours regarding her relationship with Kabir Bahia continue to gain media attention.