‘ചെറിയ കാര്യങ്ങൾക്ക് വരെ കരയുമായിരുന്നു’; പ്രസവാനന്തരമുള്ള വൈകാരിക മാറ്റങ്ങളേക്കുറിച്ച് കിയാര

മാതൃത്വത്തിലേക്കുള്ള ചുവടുവെപ്പിനെക്കുറിച്ചും പ്രസവാനന്തരമുള്ള തന്റെ കഠിനമായ ദിനങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ബോളിവുഡ് താരം കിയാര അദ്വാനി. കഴിഞ്ഞ വർഷമാണ് കിയാരയ്ക്കും സിദ്ധാർത്ഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, പ്രസവശേഷം താൻ അനുഭവിച്ച വൈകാരികമായ മാറ്റങ്ങളെക്കുറിച്ചും ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്ര നൽകിയ പിന്തുണയെക്കുറിച്ചും താരം പങ്കുവെച്ചിരുന്നു.
രാജ് ഷമാനിയുമായുള്ള ഫിഗറിങ് ഔട്ട് എന്ന പോഡ്കാസ്റ്റിലാണ് കിയാര അനുഭവങ്ങൾ പങ്കുവെച്ചത്. 2025 ജൂലൈയിലാണ് കിയാര-സിദ്ധാർത്ഥ് ദമ്പതികൾക്ക് മകൾ സരായ ജനിച്ചത്. അമ്മയായതോടെ തന്റെ വ്യക്തിത്വത്തിലും വികാരങ്ങളിലും വലിയ മാറ്റങ്ങൾ വന്നതായി താരം വെളിപ്പെടുത്തി. ‘അതൊരു പുതിയ ലോകമാണ്, പൂർണ്ണമായ ഒരു സ്വത്വമാറ്റം അവിടെ സംഭവിക്കുന്നു’- കിയാര പറഞ്ഞു.
മകൾ ജനിച്ച് ഏകദേശം ആറു മാസമെടുത്തു തന്റെ മാനസികാരോഗ്യം ശ്രദ്ധിച്ചു തുടങ്ങാനെന്നും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിനിടയിൽ സ്വന്തം കാര്യങ്ങൾ താൻ മറന്നുപോയിരുന്നുവെന്നും കിയാര കൂട്ടിച്ചേർത്തു.
ആദ്യകാലങ്ങളിൽ ചെറിയ കാര്യങ്ങൾക്ക് വരെ താൻ കരയുമായിരുന്നുവെന്ന് കിയാര ഓർത്തെടുത്തു. ഈ സമയത്ത് സിദ്ധാർത്ഥ് നൽകിയ പിന്തുണ വലുതായിരുന്നു. സിനിമയുടെ പ്രമോഷൻ തിരക്കുകൾക്കിടയിലും രാത്രി വൈകി സിദ്ധാർത്ഥ് തന്നെ കാണാൻ എത്തുമായിരുന്നുവെന്നും അവർ പറഞ്ഞു.
"ഡോക്ടറുടെ നിർദ്ദേശപ്രകാരം ആ സമയത്ത് സിദ്ധാർത്ഥ് എന്നെ രാത്രിയിൽ കാറിൽ പുറത്തു കൊണ്ടുപോകുമായിരുന്നു. വളരെ ചെറിയ കാര്യമായിരിക്കാം അത്, പക്ഷേ വീടിനുള്ളിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് പുറത്തുകടക്കാനും ശുദ്ധവായു ശ്വസിക്കാനും അത് എന്നെ ഒരുപാട് സഹായിച്ചു’ - കിയാര പറഞ്ഞു.
2023 ഫെബ്രുവരിയിലായിരുന്നു സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹം. നിലവിൽ യാഷ് നായകനാകുന്ന ടോക്സിക് എന്ന ഗീതു മോഹൻദാസ് സംവിധാനത്തിലെത്തുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് താരം.
Content Highlights: Kiara Advani discusses her emotional transition into motherhood, Details on the birth of daughter Saraya in July 2025