കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 'ഓവര്‍സ്മാര്‍ട്ടായി' വിദ്യാര്‍ഥി; വിമർശനവുമായി സോഷ്യല്‍ മീഡിയ | വീഡിയോ

കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുത്ത കുട്ടി, അമിതാഭ് ബച്ചൻ | Photos: Screen grabs from video by x.com/GlamAditi_X
കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുത്ത കുട്ടി, അമിതാഭ് ബച്ചൻ | Photos: Screen grabs from video by x.com/GlamAditi_X

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയാണ് കോന്‍ ബനേഗാ ക്രോര്‍പതി. പാകിസ്താനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തോട് വിശദീകരിച്ച വനിതാ സൈനികോദ്യോഗസ്ഥരെ കൊണ്ടുവന്നതിലൂടെ അടുത്തിടെ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ച ക്രോര്‍പതി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു വിദ്യാര്‍ഥിയാണ് ഷോയെ ഇപ്പോള്‍ വൈറലാക്കിയിരിക്കുന്നത്.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് താരം. അമിതാഭ് ബച്ചന്റെ മുന്നിലെ ഹോട്ട്‌സീറ്റിലെത്തിയ കുട്ടി തുടക്കം മുതല്‍ അമിതാത്മവിശ്വാസം പ്രകടമാക്കിയാണ് സംസാരിച്ചത്. അമിതാഭ് ബച്ചന്‍ സംസാരിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ പോലും കുട്ടി സമ്മതിക്കാതെ ഇടയില്‍ കയറിപ്പറയുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായി. കുട്ടിയുടെ പെരുമാറ്റത്തെ കുറിച്ച് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

Also Read: 12 ചോദ്യം, ബച്ചനിൽ നിന്ന് നേടിയത് അഞ്ചുലക്ഷം രൂപ; കോടിപതിയിലെ ഹോട്ട് സീറ്റിലെത്തി ഒറ്റപ്പാലം സ്വദേശി

കുട്ടി ഹോട്ട്‌സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് എത്തിയതിന് ശേഷം അമിതാഭ് ബച്ചന്‍ നിയമങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍, 'നിയമങ്ങളെല്ലാം എനിക്കറിയാം. അതുകൊണ്ട് അതൊന്നും എന്നോടിപ്പോള്‍ വിശദീകരിക്കേണ്ടതില്ല' എന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയപ്പോഴും കുട്ടി ഇതേ മനോഭാവം തുടര്‍ന്നു.

ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകള്‍ നല്‍കുന്നതാണ് കെബിസിയിലെ പതിവ്. എന്നാല്‍ തനിക്ക് ഉത്തരമറിയാമെന്നതിനാല്‍ ചോദ്യം ചോദിച്ചശേഷം ഓപ്ഷനുകള്‍ പറയാന്‍ കുട്ടി അമിതാഭ് ബച്ചനെ പലപ്പോഴും അനുവദിച്ചില്ല. എന്നാല്‍ 20,000 രൂപയ്ക്കുള്ള നാലാമത്തെ ചോദ്യത്തില്‍ കുട്ടിക്ക് അടിപതറുകയായിരുന്നു.

രാമായണത്തിലെ ആദ്യകാണ്ഡത്തിന്റെ പേര് എന്താണ് എന്നായിരുന്നു ചോദ്യം. അത്രയും നേരം ഓപ്ഷനുകള്‍ വേണ്ടാ എന്ന് അമിതാത്മവിശ്വാസം പ്രകടിപ്പിച്ച കുട്ടി ഈ ചോദ്യത്തിന് ഓപ്ഷന്‍സ് നല്‍കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയോധ്യാകാണ്ഡം എന്ന തെറ്റായ ഉത്തരമാണ് കുട്ടി തിരഞ്ഞെടുത്തത്. ഇതോടെ ഗെയിമില്‍ നിന്ന് കുട്ടി പുറത്തായി.

Don’t Miss: കൃഷിപ്പണിക്ക് ശേഷം യൂട്യൂബിലൂടെ വർഷങ്ങളുടെ പരിശീലനം; കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 50 ലക്ഷം രൂപ നേടി കര്‍ഷകന്‍

കുട്ടിയുടെ പെരുമാറ്റത്തേയും സംസാരത്തേയും വളരെ ക്ഷമയോടെയും സംയമനത്തോടെയുമാണ് അമിതാഭ് ബച്ചന്‍ നേരിട്ടത്. അമിതാഭ് ബച്ചന്റെ രീതിയെ സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിച്ചു. ചിലസമയങ്ങളില്‍ അമിതാത്മവിശ്വാസം കാരണം കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ബച്ചന്‍ പറഞ്ഞത്.

Also Read: ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച വനിതാ ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് 'കോൻ ബനേഗാ കരോര്‍പതി'യില്‍; വിമർശനം

സോഷ്യല്‍ മീഡിയയിലും ഒട്ടേറെ പ്രതികരണങ്ങളാണ് ഉണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പാരന്റിങ് ക്ലാസ് വേണമെന്നും ആത്മവിശ്വാസവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നുമാണ് ഒരാള്‍ കുറിച്ചത്. കുട്ടിയുടെ അസ്വസ്ഥതയുളവാക്കുന്ന പെരുമാറ്റത്തെ ക്ഷമയോടെ നേരിട്ടതിന് ഇതാദ്യമായി അമിതാഭ് ബച്ചനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ഇതേ ഷോയില്‍ അമിതാത്മവിശ്വാസം കാരണം ഒരുകോടി രൂപ നഷ്ടപ്പെട്ട കുട്ടിയുടെ കഥയും പലരും ഓര്‍മിപ്പിച്ചു.

Content Highlights: Video Of "Rude Kid" On KBC 17 Goes Viral, Internet Cannot Stop Praising Amitabh Bachchan